ഇത് പ്രളയത്തിന് മുന്നേ എടുത്ത തീരുമാനം: പൂർണ്ണിമ

ലാക്മേ ഫാഷൻ വീക്ക്  2019 റാംപിൽ ക്യാറ്റ് വോക്ക് നടത്താനൊരുങ്ങുകയാണ് ചേന്ദമംഗലം കൈത്തറി. കേരളത്തിന്റെ കൈത്തറി മേഖലയ്ക്ക്  ഒട്ടാകെ ഉണർവ് പകരുന്ന മാറ്റത്തിന്റെ പുതുവഴികളെക്കുറിച്ച് !

പ്രളയം കടന്ന് അതിജീവനത്തിന്റെ പോരാട്ട പാതയിലാണ് ചേന്ദമംഗലം കൈത്തറി. നന‍ഞ്ഞുപോയ വസ്ത്രങ്ങളുടെ കൂമ്പാരത്തിനു മുന്നിൽ പകച്ചു നിന്നവർ ഇനി രാജ്യത്തെ പ്രധാന ഫാഷൻ അരങ്ങുകളിലൊന്നായ ലാക്മേ ഫാഷൻ വീക്കിന്റെ റാംപിലേക്കു വസ്ത്രങ്ങൾ നെയ്തൊരുക്കും.  ചേന്ദമംഗലത്തെ നെയ്ത്തുകാർക്കു ദേശീയ , രാജ്യാന്തര ഫാഷൻ ഭൂപടത്തിൽ ഇടമൊരുങ്ങുമ്പോൾ അതു കേരള കൈത്തറിക്കു നൽകുക പുതിയൊരു ദിശാബോധവും സുസ്ഥിരമായ ഭാവിയും.     

വേണം ഡിസൈനർ ഇടപെടലുകൾ 

ഓണം, വിഷു ആഘോഷങ്ങൾ, കേരളപ്പിറവി ദിനത്തിലെ ഓഫിസ്, കോളജ് വേദികള്‍, വല്ലപ്പോഴും ക്ഷേത്രദർശനത്തിന് – തീർന്നു കൈത്തറി വസ്ത്രങ്ങളോടുള്ള മലയാളികളുടെ സ്നേഹം. കൈത്തറി എന്നാൽ കസവു സാരിയും മുണ്ടും മാത്രമായി ചുരുങ്ങുമ്പോൾ, തറിയിൽ ഒരുക്കിയ കസവു സാരിയേക്കാൾ കുറഞ്ഞവിലയിൽ പവർലൂം സാരി ലഭിക്കുമ്പോൾ ജീവിതം നെയ്തെടുക്കാനാകാതെ പ്രതിസന്ധിയിലായിരുന്നു നെയ്ത്തുകാർ. 

പ്രാദേശിക മാർക്കറ്റിൽ രണ്ടു പ്രധാന സീസണുകളിൽ മാത്രം ഉണർവു ലഭിക്കുന്ന ജീവനോപാധി, 1200 രൂപയുടെ ഒരു സാരി നെയ്താൽ അവർക്കു ലഭിക്കുക 250–350 രൂപ മാത്രം. സർക്കാരിന്റെ വിവിധ ഇടപെടലുകളും യൂണിഫോം പദ്ധതിയുമായപ്പോൾ തൊഴിൽദിനങ്ങള്‍ ഉറപ്പുവരുത്താനെങ്കിലും സാധിച്ചു. പക്ഷേ അപ്പോഴും നെയ്ത്തുകാരുടെ കഴിവും വൈദഗ്ധ്യവും ഉപയോഗപ്പെടുത്താനാകാതെ പാഴായി. 

ഓണക്കാലത്തെ അധ്വാനം നനച്ചും തറികൾ തകർത്തും നഷ്ടങ്ങൾ സൃഷ്ടിച്ചും പ്രളയമിറങ്ങിപ്പോയപ്പോൾ മാറ്റങ്ങൾക്കുള്ള പുതിയ വഴി തുറക്കുകയാണ്.

കരുത്തു പകർന്ന് കൂട്ടായ്മകൾ

തറികൾ തകർന്ന വാർത്തകേട്ടാണ് മലയാളി ഡിസൈനർമാരിൽ ചിലർ ചേന്ദമംഗലത്തെത്തിയത്. ശാലിനി ജെയിംസ്, ശ്രീജിത്ത് ജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഫ്രണ്ട്സ് ഓഫ് ചേന്ദമംഗലം, പൂർണിമ ഇന്ദ്രജിത്ത്, ഫാഷൻ കൺസൽട്ടന്റ് രമേഷ് മേനോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സേവ് ദ ലൂം എന്നീ കൂട്ടായ്മകള്‍ നെയ്ത്തുകാർക്കൊപ്പം നിന്നു പിന്തുണ നൽകി. 

നനഞ്ഞ സ്റ്റോക്കുകളിൽ വീണ്ടെടുക്കാനാകുന്നവ വിറ്റു തീർത്തും, തകർന്ന തറികൾ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള വഴിയൊരുക്കിയും അവർ സജീവമായി. ഇനി വേണ്ടതു ക്രിയാത്മകമായ ഇടപെടലുകളാണെന്ന ബോധ്യത്തോടെ ദേശീയ ഫാഷൻ രംഗത്തെ പ്രമുഖരെ എത്തിക്കാനുള്ള ശ്രമങ്ങളുണ്ടായി. ലാക്മേ ഫാഷൻ വീക്കിൽ ചേന്ദമംഗലം കൈത്തറിക്കായി സ്‌ലോട്ട് ഒരുക്കാമെന്ന വാഗ്ദാനവുമായാണ് ഐഐംജി റിലയൻസ് ക്യൂറേറ്റർ ഗൗതം വസിറാനിയും ഡിസൈനർമാരുടെ സംഘവും പറവൂരിലെത്തിയത്. 

തറികൾ അറ്റകുറ്റപ്പണി നടത്തിയ ശേഷം ജോലികൾ പുനരാംരംഭിക്കുന്ന മുറയ്ക്ക് ഡിസൈനർമാരുടെ ഇടപെടലുകൾ നടത്തും.  ജനുവരിയിൽ ജോലികൾ പൂർത്തിയാക്കാനായില്ലെങ്കിൽ പിന്നീടു വരുന്ന ഫാഷൻ വീക്കിൽ തന്നെ ചേന്ദമംഗലത്തെ കൈത്തറി വസ്ത്രങ്ങൾ റാംപിലെത്തിക്കുമെന്ന് ഗൗതം വസിറാനി വ്യക്തമാക്കി. 

പുതുമകൾ സാധ്യം

ഡിസൈനര്‍ ഇടപെടലുകളോടെ കൈത്തറിയുടെ ഉപയോഗം കൂട്ടണമെന്നും പുതുതലമുറയ്ക്കു സ്വീകാര്യമാക്കണമെന്നുമുള്ള ആലോചനങ്ങൾ  പലപ്പോഴായി ഉയരുന്നതാണ്. ‘‘ കൈത്തറിയിൽ പുതുമ കണ്ടെത്താനും വ്യത്യസ്ത ഡിസൈനുകൾ രംഗത്തെത്തിക്കാനും കഴിയണം. കഴിഞ്ഞ 18 വർഷമായി കൈത്തറിയുമായി ബന്ധപ്പെട്ടാണു പ്രവർത്തിക്കുന്നുണ്ട്. ഇതു സാധ്യമാണെന്ന് അതുകൊണ്ടു തന്നെ എനിക്കുറപ്പിച്ചു പറയാൻ കഴിയും’’ , മട്ടാഞ്ചേരി കേന്ദ്രീകരിച്ചു ഡിസൈനർ ലേബൽ നടത്തുന്ന ജോ ഇക്രേത്ത് പറയുന്നു.

∙ ഗൗതം വസിനാറി (ക്യൂറേറ്റർ, ഐഎംജി റിലയൻസ്– ലാക്മേ)

ഹാൻഡ്‌ലൂമിന്റെ പുനരുദ്ധാരണത്തിനായി ലാക്മേ സുപ്രധാന ഇടപെടലുകൾ നടത്തുന്നുണ്ട്. ലാക്മേ വേദിയ്ക്കു രാജ്യാന്തര തലത്തിൽ തന്നെ റീച്ച് ലഭ്യമായതിനാൽ ഹാൻഡ്‌ലൂം നമ്മുടെ പൈതൃകമാണെന്നും നെയ്ത്തുകാർ കൈകൊണ്ടുണ്ടാക്കിയ വസ്ത്രം അഭിമാനമാണെന്നും  വാർഡ്റോബിൽ അതൊരു അവശ്യഘടകമാണെന്നും ഉപഭോക്താക്കളെ ബോധവൽക്കരിക്കാനും വൻകിട ലേബലുകളുടെ പിന്തുണ ലഭ്യമാക്കാനും കഴിയും. 

ഫാഷൻ വ്യവസായത്തിന്റെ നിലപാടുകളിൽ മാറ്റം വരണം. നെയ്ത്തുകാരെ ജോലിക്കാരായല്ല യഥാർഥ ഡിസൈനർമാരായാണ് കാണേണ്ടത്. 

ഇവിടെ കേരള കൈത്തറിക്കു പുതിയൊരു ദിശാബോധവും ഭാവിയും നല്‍കാനാണ് ശ്രമം. പുതിയ തലമുറ ഡിസൈനർമാരെ ഇവിടെയത്തിച്ച് ഇന്നവേറ്റിവ് ഡിസൈനുകൾ ചെയ്യാൻ പ്രേരിപ്പിക്കുകയും  അവ ഞങ്ങളുടെ റൺവേയിലൂടെ  ലോകത്തിനു മുന്നിൽ എത്തിക്കുകയും ചെയ്യും. 

രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലെ ബനാറസ്, ജാംദാനി, ഇക്കത്ത് എന്നിവയൊക്കെ പോപ്യൂലറായത് ഈ രീതിയിലാണ്. പക്ഷേ കേരള കൈത്തറിയിൽ ഇതുവരെ കാര്യമായ ഇടപെടലുകൾ വന്നിട്ടില്ല. തൽക്കാലികമായ ബഹളം വയ്ക്കൽ അല്ലാതെ, നെയ്ത്തുകാര്‍ക്കു സുസ്ഥിര വരുമാനത്തിനുള്ള വഴികൾ ഉറപ്പാക്കാനും ചേന്ദമംഗലം കൈത്തറിക്കു കൂടുതൽ ശ്രദ്ധ ലഭ്യമാക്കാനുമാണ് ലക്ഷ്യമിടുന്നത്

∙ ശാലിനി ജയിംസ് (മന്ത്ര)

ഫാഷൻ എന്നാൽ ഗ്ലാമറും പേജ് 3 വാർത്തകളും ആണെന്ന ധാരണ തിരുത്തണം. മറ്റേതു മേഖലയുമെന്ന വണ്ണം രാജ്യത്തിന്റെ വളർച്ചയ്ക്കുതകുന്ന, ആയിരങ്ങൾക്കു ഉപജീവനമാർഗമാകുന്ന രംഗമാണിത്.

നമുക്കു കൈത്തറിയുടെ വില കുറയ്ക്കാനാകില്ല. ഇപ്പോൾ തന്നെ ഒരു സാരി ചെയ്യുമ്പോൾ നെയ്ത്തുകാർക്കു കിട്ടുന്നത് 350 രൂപ പോലെ തുച്ഛമായ തുകയാണ്. പവർലൂം വസ്ത്രങ്ങൾക്കു വില കുറവായിരിക്കും.ഏതെങ്കിലും തുണി മതിയെന്നാണെങ്കിൽ നമ്മളും പാശ്ചാത്യരും തമ്മിലുള്ള വ്യത്യാസമെന്താണ്. നമ്മുടെ പാരമ്പര്യമാണ് കൈത്തറി. കൈത്തറിയുടെ വിലയും മൂല്യവും വർധിപ്പിച്ച് നെയ്ത്തുകാർക്കു കൂടുതൽ വരുമാനം  ലഭ്യമാക്കണം. 

ലാക്മേ പോലുള്ള വേദിയിൽ കേരള കൈത്തറിയെത്തുമ്പോൾ രണ്ടു രീതിയിലുള്ള ഗുണങ്ങളുണ്ടാകും. ഇവിടെയുള്ള 25% നെയ്ത്തുകാർക്കെങ്കിലും സുസ്ഥിരമായ ജോലി ഉറപ്പാക്കാനാകും. അവരുടെ വസ്ത്രങ്ങൾക്കു ദേശീയ, രാജ്യാന്തര വേദികളിൽ ശ്രദ്ധ ലഭിക്കുമ്പോൾ, വലിയ ലേബലുകളും കമ്പനികളും ആവശ്യക്കാരായെത്തുമ്പോൾ  കൈത്തറിയുടെ മൂല്യം വർധിക്കും. ബാക്കിയുള്ള 75% നെയ്ത്തുകാര്‍ക്കും ജോലിയുണ്ടാകും, പ്രാദേശിക വിപണിയിലും മൂല്യവും വർധിക്കും, വാങ്ങാനാളുണ്ടാകും.

അതേ സമയം പ്രീ ലൂം ആക്റ്റിവിറ്റികൾക്ക്, തുണിയുണക്കുന്നതും മറ്റും കൂടുതൽ സമയമെടുക്കുന്നതിനാൽ മെക്കനൈസേഷൻ വേണമെന്ന ആവശ്യം കേട്ടു. അതിനോടു യോജിക്കാനാകില്ല. തനിമ നിലനിർത്തിയുള്ള പുതുമകൾക്കാണു ശ്രമിക്കേണ്ടത്. 

∙ ശ്രീജിത്ത് ജീവൻ (റൗക്ക)

ലാക്മേ പോലൊരു ഫാഷൻ വീക്ക് ഇപ്പോൾ ൈകത്തറി മേഖലയ്ക്ക് ആവശ്യമാണ്. കേരള കൈത്തറിയിൽ വളരെ കുറച്ചു ഡിസൈനർ ഇടപെടലുകൾ മാത്രമേ നടന്നിട്ടുള്ളു. പണ്ടു ബനാറസിയുടെ കാര്യത്തിൽ സംഭവിച്ചതുപോലെ ഇത്തരം വേദികൾ ലഭിക്കുമ്പോൾ കൂടൂതൽ രാജ്യാന്തര ശ്രദ്ധയും ഫാബ്രിക്കിനു ലഭിക്കും. ബനാറസിയുടെ റിവൈവൽ നടന്ന സമയത്ത് എവിടെ നോക്കിയാലും ബനാറസി എന്നായിരുന്നു. അത്തരം ഇടപെടലുകൾ കേരള കൈത്തറിയിലും നടക്കണം. അതിനു ഫാഷൻ വീക്ക് ഗുണം ചെയ്യും.

∙ പൂർണിമ ഇന്ദ്രജിത്ത് (നടി, ഡിസൈനർ)

പ്രളയത്തിനു മുമ്പേ തന്നെ മനസിലുണ്ടായിരുന്നതാണ് കൈത്തറിയെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നത്. ഫാഷൻ കൺസൽട്ടന്റായ രമേഷ് മേനോനുമായുള്ള ചർച്ചകളിലൊക്കെയും ഇതു തന്നെയാണ് ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നത്.  പ്രളയമെന്ന പ്രതിസന്ധി മാറ്റങ്ങൾക്കു തുടക്കമിടാനുള്ള വേദിയായി മാറുകയാണ്. കേരള കൈത്തറിക്കു ചേന്ദമംഗലം മാതൃകയാകുന്ന ദിവസങ്ങളാണു വരുന്നത്.

തറികൾ പൂര്‍വസ്ഥിതിയാലാക്കാനുള്ള ശ്രമങ്ങൾ സേവ് ദ ലൂം കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. 26 ദിവസം കൊണ്ടു 18 തറികൾ പൂർവസ്ഥിതിയിലാക്കി.  നവംബർ 1 ആകുമ്പോഴേക്കും 100 തറികൾ പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യമാണുള്ളത്.

ലാക്മേ ഫാഷൻ വീക്ക് പോലുള്ള േവദിയിലൂടെ രാജ്യാന്തര ശ്രദ്ധ ലഭിക്കും. മുൻനിര ഡിസൈനർമാരെ ഇവിടെയെത്തിച്ചു പരിശീലനം നൽകാനും ഇടപെടലുകൾ നടത്താനും കഴിയും. നെയ്ത്തുകാരെ ഫാഷന്റെ മുഖ്യവേദിയിലേക്കെത്തിക്കാനുള്ള പ്രേരകശക്തിയായാണ് ഞങ്ങൾ നിൽക്കുന്നത്. കഴിഞ്ഞദിവസം ലാക്മേ പ്രതിനിധിയുൾപ്പെടെ ഇവിടെയെത്തിയപ്പോൾ  ചേന്ദമംഗലത്തെ അഞ്ചും സംഘങ്ങളെയും ചെറായി, കുര്യാപ്പിള്ളി മേഖലയിലെ രണ്ടു സംഘങ്ങളെയും ഒരേ വേദിയില്‍ എത്തിക്കാനായി. ഇതു ഞങ്ങൾക്കു സന്തോഷം നൽകുന്നു.