പാദം വരിഞ്ഞുകെട്ടി സൗന്ദര്യം; ക്രൂരം ഈ ചൈനീസ് ആചാരം

ഫുജിഫാന്‍

‘പാദം നന്നായാൽ പാതി നന്നായി.’ സ്ത്രീകളുടെ സൗന്ദര്യത്തെപ്പറ്റി പഴമക്കാർ പറയാറുള്ള ഒരു ചൊല്ലാണ്. അങ്ങ് ദൂരെ ചൈനയിലും ഇതുപോലൊരു സങ്കല്പമുണ്ട്. അതനുസരിച്ച് ‘പാദം ചെറുതായാൽ പാതി നന്നായി’ എന്ന് തിരുത്തി പറയണമെന്നു മാത്രം. ചെറിയ കാല്‍പാദമുള്ള യുവതികളെയാണ് പണ്ട് ചൈനക്കാർ ഇഷ്ടപ്പെട്ടിരുന്നത്. ചെറിയ പാദം സൗന്ദര്യത്തിന്റെ പ്രതീകമായപ്പോൾ അതില്ലാത്തവരെ രണ്ടാംതരക്കാരായി കാണാനും തുടങ്ങി.

അതിനാൽ ചെറിയ കാൽപാദങ്ങൾ സ്വന്തമാക്കാൻ ഇവർ ഒരു മാർഗം കണ്ടെത്തിയിരുന്നു. പെൺകുട്ടികളുടെ കാൽപാദം വരിഞ്ഞുകെട്ടുക!. ചൈനയിലെ സ്ത്രീകളുടെ ശരീരത്തെയും മനസ്സിനെയും വലിഞ്ഞുകെട്ടിയ കനത്ത ദുരാചാരമായിരുന്നു ഇത്. പാദം വരിഞ്ഞു കെട്ടല്‍ അഥവാ ഫൂട്ട് ൈബൻഡിങ്ങിന്റെ ജീവിച്ചിരിക്കുന്ന അവസാനത്തെ ഇരയാണ് 95 കാരിയായ ഫുജിഫാൻ. 91 വർഷങ്ങൾക്ക് മുൻപ് നിരോധിച്ച ഈ ആചാരം ഏറെ ഭയപ്പെടുത്തുന്ന ഓർമകളാണ് ഫുജിഫാന് നൽകിയിട്ടുള്ളത്.

ജ്യൂത്പിങ് എന്ന ചടങ്ങിൽ ബലംപ്രയോഗിച്ചാണ് ഈ ആചാരം നടപ്പിലാക്കിയിരുന്നത്. പാദങ്ങളുടെ വളർച്ച മുരടിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. സ്ത്രീകളുടെ പാദങ്ങൾ ഒതുങ്ങിയതും ചെറുതും  ആയിരിക്കണമെന്ന പുരുഷന്റെ നിർബന്ധ ബുദ്ധിയായിരുന്നു നൂറ്റാണ്ടുകൾ നിലനിന്ന ഈ ദുരാചാരത്തിനു പിന്നിൽ. ഇതിന്റെ ഭാഗമായി വരിഞ്ഞുകെട്ടിയ പാദങ്ങൾ ചെറിയ ഷൂസിനുള്ളിലാക്കി വേണം ദിവസം മുഴുവനും നടക്കാൻ.  

ആദ്യകാലത്ത് സോങ് സാമ്രാജ്യത്തിലെ കൊട്ടാരം നർത്തകിമാരിലാണ് ഫൂട്ട് ബൈൻഡിങ് പരീക്ഷിച്ചത്. ചെറിയ പാദങ്ങൾ സൗന്ദര്യത്തിന്റെ പ്രതീകമായി മാറിയതോടെ ഈ രീതി സമ്പന്ന കുടുംബങ്ങളിലേക്കും പിന്നീട് സാധാരണക്കാരിലേക്കും പടർന്നു. ഈ പ്രക്രിയയിലൂടെ കാൽപാദങ്ങളിലെ അസ്ഥികൾ വളഞ്ഞു വളരാൻ തുടങ്ങും. പാദത്തിന്റെ ആകൃതി പൂർണമായും നഷ്ടപ്പെടും. രണ്ട് വയസ്സിനും അഞ്ചിനുമിടയിലുള്ള പ്രായത്തിലാണ് ഈ ആചാരം അനുഷ്ഠിച്ചിരുന്നത്. ഡിസംബർ മുതൽ ഫെബ്രുവരി വരെ നീളുന്ന ശൈത്യകാലത്തായിരുന്നു ചടങ്ങുകൾ. അസ്ഥികൾ ഒടിഞ്ഞ് മടങ്ങുന്ന വേദന കുട്ടികൾ അനുഭവിച്ചു. പച്ചമരുന്നുകളും മൃഗങ്ങളുടെ ചോരയും ചേർത്താണ് പാദത്തിൽ ഇങ്ങനെ ഉണ്ടാകുന്ന മുറിവുകൾ ഉണക്കിയിരുന്നത്.

ഈ ആചാരം രൂപപ്പെടുത്തിയ പാദങ്ങളുമായാണ് ഫുജിഫാൻ ഇന്നും ജീവിക്കുന്നത്. വളഞ്ഞൊടിഞ്ഞ, മുരടിച്ച ആ പാദങ്ങൾ കാണുമ്പോൾ ഏതൊരു മനുഷ്യന്റെയും മനസ്സൊന്നു പിടയും.