ആരോഗ്യത്തിന് ദോഷം ചെയ്യുന്ന 5 ഫാഷൻ ട്രൻഡുകൾ

പുറത്തിറങ്ങുമ്പോൾ സ്റ്റൈലിഷാകാൻ ആരാണ് ആഗ്രഹിക്കാത്തത്? പുതിയ ട്രൻഡിനനുസരിച്ചുള്ള ആക്സസറിസും കൂടി ഉണ്ടെങ്കിൽ ഡബിൾ ഓക്കെ. എന്നാൽ ഇത്തരം ഫാഷൻ ട്രൻഡുകൾ ആരോഗ്യത്തിനു തന്നെ ഹാനികരമാണെന്ന് വന്നാലോ? തള്ളിക്കളയാൻ വരട്ടെ..ലുക്ക്സ് കൂട്ടാനുള്ള ചില മാർഗ്ഗങ്ങൾ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് കണ്ടെത്തൽ.

1. ഹൈ ഹീലുകൾ ധരിക്കുന്നത്

ഹൈ ഹിലുകൾ ഇഷ്ടപ്പെടാത്തവരില്ല. എന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഹൈഹീലിന്റെ ഉപയോഗം മൂലം ഉണ്ടാകുന്നത്. ശരീര ഭാരം മുഴുവൻ പാദത്തിന്റെ മുൻ ഭാഗംകൊണ്ടു മാത്രം താങ്ങേണ്ടിവരുന്നു എന്നതു തന്നെയാണ് പ്രധാന പ്രശ്നം.ഇതു മൂലം നട്ടെല്ലിന് അമിതമായ സ്ട്രസ്സ് അനുഭവപ്പെടുകയും ഡിസ്കുകൾ ഞെരുങ്ങുന്നതിനു കാരണമാകുകയും ചെയ്യും. അധിക നേരം ഹൈഹീലുകൾ ഉപയോഗിക്കുന്നതിലൂടെ പാദ ചർമ്മത്തിൽ കുമിളകൾ രൂപപ്പെടുകയും വിരലുകൾക്കും കാൽമുട്ടിനും നടുവിനും വേദന ഉണ്ടാവുകയും ചെയ്യും.

2. വലിയ ഹാൻഡ് ബാഗ് ഉപയോഗിക്കുന്നത്

ഒരു ബാഗ് ഉപയോഗിച്ചതുകൊണ്ട് എന്തു പ്രശ്നം ഉണ്ടാകാനാണെന്ന് ചിരിച്ചു തള്ളാൻ വരട്ടെ. വലിയ ബാഗുകൾക്ക് ഭാരവും ഏറും. സാധാരണയായി സ്ത്രീകൾ ഹാൻഡ് ബാഗുകൾ ഒരു വശത്തു മാത്രമാണ് തൂക്കിയിടാറ്. അതുകൊണ്ടു തന്നെ ഭാരമേറിയ ബാഗുകളുടെ ഉപയോഗം മസ്സിൽ ഇംബാലൻസിലേയ്ക്കു നയിച്ചേക്കാം. ഇത്തരം ബാഗുകളുടെ സ്ഥിരമായ ഉപയോഗം മൂലം ശരീരം ഒരു വശത്തേക്ക് മാത്രം ചരിയുകയും ചെയ്യും. ഇതുമൂലം നട്ടെല്ലിനുണ്ടാകുന്ന സ്ട്രസ്സും ചില്ലറയല്ല. ക്രമേണ തോളുകൾക്കും കഴുത്തിനും പുറത്തും വിട്ടുമാറാത്ത വേദന ഉണ്ടാവുകയും ചെയ്യും.

3. ഭാരമേറിയ ആഭരണങ്ങൾ ധരിക്കുന്നത്

ഭാരമേറിയ കമ്മലുകളും വളകളും മറ്റും ധരിക്കുന്നത് ശരീരത്തിന് നല്ലതല്ല എന്നതാണ് മറ്റൊരു വസ്തുത. ഭാരമേറിയ കമ്മലുകൾ ധരിക്കുന്നത് കാതു തൂങ്ങുന്നതിനു കാരണമാകും. മാത്രമല്ല അമിത ഭാരമൂലമുണ്ടാകുന്ന സ്ട്രസ്സ് നിമിത്തം കഴുത്തു വേദനയും തലവേദനയും വിടാതെ പിടികൂടുകയും ചെയ്യും. ഭാരമുള്ള വളകൾ ധരിക്കുന്നതാകട്ടെ കണങ്കൈയ്ക്ക് വേദന ഉണ്ടാക്കുകയും നാഡികളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും.

4. ലൈറ്റ് വെയിറ്റ് പാദരക്ഷകൾ

ഹൈഹീലുകളിൽ മാത്രമല്ല ലൈറ്റ് വെയിറ്റ് ചെരുപ്പുകളിലും ഒളിഞ്ഞിരുപ്പുണ്ട് നിരവധി ആരോഗ്യ പ്രശ്നങ്ങൾ. പാദത്തിന്, കൃത്യമായി പറഞ്ഞാൽ ഉള്ളംകാലിനും ഉപ്പൂറ്റിക്കും വേണ്ട സപ്പോർട്ട് കിട്ടുന്നില്ല എന്നതു തന്നെയാണ് പ്രധാന പ്രശ്നം. ഇത്തരം പാദരക്ഷകളുപയോഗിച്ച് അധിക ദൂരം നടന്നാൽ നടുവിനും മുട്ടിനും വേദന അനുഭവപ്പെടും. കാലിലെ മസ്സിലുകൾ മുറുകി വലിയുകയും കണങ്കാലിനു വേദന ഉണ്ടാവുകയും ചെയ്യും.

5.ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത്

ശരീരത്തോട് ചേർന്നു കിടക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഫാഷനേക്കാളുപരി ഒരു ശീലമായിട്ടുണ്ട്. എന്നാൽ ഇതിലൂടെ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ഇറുകിയ വസ്ത്രധാരണത്തിലൂടെ ഓക്സിജൻ സെല്ലുകളുടെ പ്രവർത്തനം തന്നെ മന്ദഗതിയിലാകും. ഇതുമൂലം ശരീരത്തിലെ രക്തയോട്ടം കുറഞ്ഞ് ശരീരപോഷണത്തെ പ്രതികൂലമായി ബാധിക്കും. ശ്വാസോഛ്വാസം ചെയ്യുന്നതിലുണ്ടാകുന്ന തടസ്സം മൂലം തോളുകൾക്കും കഴുത്തിനും ബുദ്ധിമുട്ടനുഭവപ്പെടുന്നു. തലവേദന, വയറു വേദന എന്നിവ മാത്രമല്ല വിഷാദരോഗം, ഉത്കണ്ഠ എന്നിവയിലേയ്ക്കു വരെ ഈ ശാരീരിക പ്രശ്നങ്ങൾ നിങ്ങളെ തള്ളിയിട്ടേക്കാം.