ഫ്രണ്ട്സിനൊപ്പം കറങ്ങാൻ 7 കാരണങ്ങൾ

ബോയ് ഫ്രണ്ടിന്റെ കൂടെ കറങ്ങുന്നതാണോ അതോ ഫ്രണ്ട്സിനൊപ്പം ചെത്തി നടക്കുന്നതാണോ കൂടുതൽ രസം. ബോയ് ഫ്രണ്ട് കൊള്ളാം. പക്ഷേ ഇടയ്ക്കു മതിയെന്നാണ് പെൺഭൂരിപക്ഷം പറയുക. എപ്പോഴും ചാറ്റാനും കത്തിയടിക്കാനും ഫ്രണ്ട്സ് തന്നെ വേണം. ബോയ്ഫ്രണ്ടിന്റെ കൂടെ എപ്പോഴും നടന്നാൽ മിഥുനം സിനിമ പോലെ പരാതിപ്പെട്ടിയായി മാറുമെന്നാണു പെൺകുട്ടികളുടെ പേടി. ഫ്രണ്ട്സിനൊപ്പം പോകാൻ അവർ പറയുന്ന ചില കാരണങ്ങൾ ഇതാ.

∙ഫ്രണ്ട്സിനൊപ്പം പോയാൽ ഒരിക്കലും ബോറടിക്കില്ലെന്ന് ഉറപ്പു പറയാം. ബോയ്ഫ്രണ്ട് അങ്ങനെയല്ലല്ലോ. ഓരോ സമയവും ഓരോ മൂഡല്ലേ.

∙കൂട്ടുകാർക്കു മുൻപിൽ ആരെയും കമന്റടിക്കാം. സ്വയം മറന്നു പൊട്ടിച്ചിരിക്കാം.

∙ഫ്രണ്ട്സിനൊപ്പമാണെങ്കിൽ ഫോൺ ചെയ്യാം, മെസേജ് അയയ്ക്കാം. ആരുടെയാ കോൾ, ആർക്കാ മെസേജ് എന്ന ചോദ്യങ്ങളൊന്നും കേൾക്കേണ്ട.

∙ബോയ്ഫ്രണ്ടിനൊപ്പം പോകുമ്പോൾ ആരെയൊക്കെ പേടിച്ചാലാണ്. ആരുടെയൊക്കെ കണ്ണു വെട്ടിച്ചാലാണ്. ടെൻഷൻ മാറില്ല. പക്ഷേ ഫ്രണ്ട്സിനൊപ്പം നടക്കുമ്പോൾ മനസ് എത്ര കൂൾ...

∙പനി, ചുമ തുടങ്ങി വല്ല രോഗവും പിടിച്ചാൽ പിന്നെ നിന്നിട്ടു കാര്യമില്ലല്ലോ എന്നായിരിക്കും ബോയ് ഫ്രണ്ട് ചിന്തിക്കുന്നത്. സുഹൃത്താണെങ്കിലോ മിനിമം ആശുപത്രിയിലെങ്കിലുമാക്കും.

∙ബോയ്ഫ്രണ്ടിന്റെ തമാശ പലപ്പോഴും ‘അപ്പോൾ വൃദ്ധൻ അപ്പോൾ ബാർബർ’ സ്റ്റൈലിലായിപ്പോകും. പക്ഷേ ഫ്രണ്ട്സിനൊപ്പം കൂടിയാൽ കഥകളും തമാശകളും കേട്ട് അമ്മോ ഇനി ചിരിക്കാൻ വയ്യേ എന്നു പറയേണ്ട അവസ്ഥയാകും.

∙ബോയ് ഫ്രണ്ടിന്റെ കൂടെ കഴിക്കാനിരിക്കുമ്പോൾ ടേബിൾ മാനേഴ്സ് നോക്കണം, മസിലു പിടിക്കണം.. ഫ്രണ്ട്സിന്റെ കൂടെ എന്തു മസിൽ. ക്രീം കേക്കും ഐസ്ക്രീമുമൊക്കെ ചുമ്മാ മുഖത്തു വാരി പുരട്ടാം.