ഫാഷൻ ഷോ റീസൈക്ക്ൾഡ്

ന്യൂഡൽഹിയിൽ അരങ്ങേറിയ ആമസോൺ ഫാഷൻ വീക്കിൽ ഡേവിഡ് ഏബ്രഹാം— രാകേഷ് ഥാക്കൂർ ഡിസൈനർജോഡി അവതരിപ്പിച്ചത് ‘റീസൈക്ലിങ്ങിലൂടെ രൂപപ്പെടുത്തിയ വസ്ത്രങ്ങളും ആക്സസറികളും.

ഉപയോഗം കഴിഞ്ഞ എക്സ് റേഫിലിമുകളുപയോഗിച്ചായിരുന്നു ഈവ്നിങ് വെയറിനു വേണ്ട സിക്വൻസ് (വസ്ത്രങ്ങളിൽ ഭംഗിക്കു പിടിപ്പിക്കുന്ന പ്ലാസ്റ്റിക്— ലോഹക്കഷണങ്ങൾ) രൂപപ്പെടുത്തിയത്. ഉപയോഗശൂന്യമായ ബ്രൊക്കേഡ് ബോർഡറുകൾ, റിബണുകൾ, ഹൂക്കുകൾ, സ്റ്റഡ്സ് തുടങ്ങിയവയും വസ്ത്രങ്ങളിലും ആക്സസറികളിലും ഉപയോഗിച്ചു.

കുർത്ത, ഷർട്ട്, സാൽവാർ, നെഹ്റു ജാക്കറ്റ്, സാരി എന്നിങ്ങനെ ഇന്ത്യയിൽ പൊതുവെ ധരിക്കപ്പെടുന്ന വസ്ത്രങ്ങളായിരുന്നു അവർ റാംപിലെത്തിച്ചതെന്നതും പ്രത്യേകതയായി.

ഡിസൈനർ രാജേഷ് പ്രതാപ് സിങ്ങിന്റെ ഷോയും വ്യത്യസ്തമായത് ഇത്തരമൊരു ആശയത്തിലൂടെയാണ്. റാംപിൽ ആശുപത്രി വാർഡ് ഒരുക്കുകയായിരുന്നു അദ്ദേഹം. ഒൻപത് ആശുപത്രിക്കിടക്കകളും ഡ്രിപ് നൽകാനുള്ള സംവിധാനവുമായിരുന്നു മുഖ്യം. മോഡലുകളുടെ വേഷത്തിനാകട്ടെ 1950കളിലെ നഴ്സുമാരുടെ യൂണിഫോമിനോടു സാദൃശ്യവും. സർജിക്കൽ മാസ്ക് അണിഞ്ഞും ബാൻഡേജ് ഒട്ടിച്ചും ഫസ്റ്റ് എയ്ഡ് ബോക്സ് കയ്യിലെടുത്തുമൊക്കെയായിരുന്നു ക്യാറ്റ്വോക്.