ഇവളാണിവളാണു മിടുമിടുക്കീ...

‘നീ നീയായിത്തന്നെയിരിക്കുന്നു. നിന്നെയെനിക്കിഷ്ടപ്പെടാനുള്ള കാരണവും അതാണ്...’

കാപട്യങ്ങൾ ആർക്കാണിഷ്ടം? അതൊരാളുടെ മുഖത്താണെങ്കിലും മനസിലാണെങ്കിലും. പക്ഷേ ചില കാപട്യങ്ങൾ നമുക്കിഷ്ടമാണ്. അത് സിനിമയിലാണെങ്കിൽ, നായികയുടെ മുഖത്താണെങ്കിൽ പ്രത്യേകിച്ച്. മെയ്ക്കപ്പ് എന്നാണ് ആ കാപട്യത്തിനു പേര്. സിനിമയിൽ നായികമാർ സുന്ദരികളായിരിക്കണമെന്നാണ് പൊതുവെയുള്ള ഒരു ചിന്ത. മെയ്ക്കപ്പില്ലാത്ത നായികമാരാണെങ്കിൽ അത് അവാർഡുപടമായിരിക്കുമെന്ന ധാരണ പോലുമുണ്ടായിട്ടുണ്ട് മലയാള സിനിമയിൽ. അതുകൊണ്ടാകണം കാട്ടിൽ വളർന്ന പെൺകുട്ടിയുടെ കഥയാണു പറയുന്നതെങ്കിൽ പോലും നായിക വെളുത്തുതുടുത്ത് ഫെയർനസ് ക്രീമിന്റെ പരസ്യത്തിലെ നായികയെപ്പോലെയിരിക്കുന്നത്. കാടിനോടു മല്ലിട്ട് വെയിലിനോട് മുഖം കോർത്ത് അവൾ നേടിയെടുത്ത ഒരു സൗന്ദര്യമുണ്ടാകും. അതാർക്കും കാണേണ്ട.

സിനിമ സുന്ദരിമാരുടേതാണെന്ന ഈ പൊതുധാരണയിലേക്ക് പക്ഷേ ഇടയ്ക്കിടെ ചില നെഞ്ചുറപ്പുള്ള കാഴ്ചകൾ വന്നു വീഴുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവ് കഴിഞ്ഞ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റായിത്തന്നെ മുന്നിലുമുണ്ട്. നായകനെക്കാളും നായികയെ നെഞ്ചിലേറ്റിയ ‘പ്രേമ’മായി, അതിലെ മലരായി. മുഖക്കുരുവിൻ തുമ്പിലെ ചോരത്തുടിപ്പിനു പോലും ഭംഗിയുണ്ടെന്നു കാണിച്ചുതന്നെ സായി പല്ലവിയുടെ കഥാപാത്രം ഇപ്പോഴും വിട്ടിറങ്ങിയിട്ടില്ല മലയാളത്തിന്റെ മനസിൽ നിന്ന്. അന്ന് തന്റെ മുഖക്കുരു പ്രശ്നമാകുമോ എന്നു ചോദിച്ച സായിക്ക് ധൈര്യം പകർന്നു കൊടുത്തത് അൽഫോൺസ് പുത്രൻ എന്ന സംവിധായകനാണ്. സംവിധായകന്റെ ആത്മവിശ്വാസമായിരുന്നു പ്രേമത്തിന്റെയും മലർ എന്ന കഥാപാത്രത്തിന്റെയും വിജയത്തിനു കാരണമായതും.

കുറേനാൾക്കു ശേഷം അത്തരമൊരു വിശ്വാസത്തിൽ അടിയുറച്ച് നിന്ന് വിജയിപ്പിച്ചെടുത്ത ഒരു സിനിമ കൂടിയെത്തിയിരിക്കുന്നു–‘മഹേഷിന്റെ പ്രതികാരം’. ഇവിടെ മെയ്ക്കപ്പില്ലാതെ നായിക മാത്രമല്ല, ഒരു നാടുതന്നെയുണ്ട്. ഇടുക്കിയിലെ വെയിലും മഴയും മഞ്ഞുമേറ്റു വളർന്നവരെന്നു തോന്നിപ്പിക്കുന്ന കുറേപ്പർ. അതിൽ മിക്കവരും ഒരുപക്ഷേ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടിയായിരിക്കാം ആദ്യമായി ഇടുക്കിയിലെത്തിയിട്ടുണ്ടാവുക. പക്ഷേ രൂപത്തിലും സംസാരത്തിലുമെല്ലാം അവർക്ക് ഇടുക്കിയുടെ ഒരു വെടുപ്പുണ്ട്. (എന്തോ, രണ്ട് ചിത്രത്തിന്റെയും മേയ്ക്കപ് ഒരാൾ തന്നെയാണ്–റോളക്സ് സേവ്യർ!!)

കയ്യിലൊരു കാപ്പിക്കപ്പും പിടിച്ച് ലോകത്ത് ഇന്നേവരെ ആരും ഉപയോഗിക്കാത്ത തരം ആഭരണങ്ങളും ആക്സസറികളും മെയ്ക്കപ്പുമെല്ലാമണിഞ്ഞുള്ള സ്ഥിരം ന്യൂജെൻ നായികാകഥാപാത്രങ്ങളിൽ നിന്ന് ‘മഹേഷിന്റെ പ്രതികാരത്തിലെ’ ജിംസിയും സോണിയയുമെല്ലാം വ്യത്യസ്തരാകുന്നതും അതുകൊണ്ടാണ്. ക്ലാസും കഴിഞ്ഞ് വൈകിട്ട് ഇടവഴിയിലെ കാടുംപടർപ്പിനുമിടയിലൂടെ ഓടി വീട്ടിലേക്കു വരുന്ന നായികയെ അതുകൊണ്ടുതന്നെ മെയ്ക്കപ്പിന്റെ അമിതഭാരം കൂടി കൊടുത്തു ക്ഷീണിപ്പിക്കാനാകില്ല നല്ല സംവിധായകന്. ആ ദിവസം മുഴുവൻ സമ്മാനിച്ച ക്ഷീണം കാണും അവളുടെ മുഖത്ത്. നേർത്ത വിയർപ്പിറ്റുന്ന നെറ്റിത്തടം ഒന്നു തുടച്ചൊപ്പാൻ പോലും നേരമുണ്ടാകില്ല അന്നേരം. മുഖക്കുരു പൊട്ടിയുണ്ടായ കറുപ്പിന്റെ പാടും അവിടെത്തന്നെ കാണും. എന്തിന്, ചിരിക്കുമ്പോൾ പല്ലിൽപോലും കാണും ഒരു നാടൻ സൗന്ദര്യത്തിന്റെ ചേല്. അവിടെ ടൂത്ത് പേസ്റ്റിന്റെ പരസ്യത്തിലേതു പോലെ നായികയെ കാണിച്ചാലും പ്രേക്ഷകനിഷ്ടപ്പെടും. ഇത്രയും നാളും ഇഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ കഥയോടെന്ന പോലെ കഥാപാത്രങ്ങളോടുള്ള ഒരടുപ്പമങ്ങുപോകും.

മഹേഷിന്റെ പ്രതികാരത്തിലെ ഒരു നായികയ്ക്ക് അൽപസ്വൽപം ഗ്ലാമറും പൊട്ടുപൊടി മെയ്ക്കപ്പുമെല്ലാം കൊടുത്തപ്പോൾ മറ്റൊരാൾക്ക് സംവിധായകൻ ദിലീഷ് പോത്താൻ ഇടുക്കിയുടെ തനിനാടൻ സൗന്ദര്യമാണു കൊടുത്തത്. ആദ്യത്തെയാൾ ഇടുക്കിയും വിട്ട് പുറത്തുപോയി വരുന്നവളാണ്. പുറംലോകത്തിന്റെ മോടി മുഖത്തു കാണുക സ്വാഭാവികം. പക്ഷേ രണ്ടാമത്തെയാൾ ഇടുക്കിയുടെ മിടുക്കിക്കുട്ടിയാണ്, തന്റേടി. അങ്ങനെ കുറേ കഥാപാത്രങ്ങളുണ്ട് ചിത്രത്തിൽ. അതുകൊണ്ടുതന്നെ സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ഏതോ മായികലോകത്തെ കാഴ്ചകൾ കണ്ടിറങ്ങിയ അനുഭവമല്ല. മറിച്ച് മുണ്ടും മടക്കിക്കുത്തി സ്വന്തം നാട്ടിലൂടെയും മൈതാനത്തിലൂടെയും കവലയിലൂടെയും കറങ്ങിയടിച്ച് തിരിച്ചെത്തി ചാരുകസേരയിലിരുന്ന് വിശ്രമിക്കുന്ന അതേ പ്രതീതിയാണ് പ്രേക്ഷകന്. അന്നേരം കണ്മുന്നിൽ നാടിങ്ങനെ റീൽ ചലിപ്പിക്കും. അതിൽ നിറയുന്ന കാഴ്ചകൾക്ക് ഭാവനാലോകത്തെ രാജകുമാരിയുടെ മുഖമായിരിക്കില്ല, മറിച്ച് നാട്ടുവെയിലും പുലർമഞ്ഞും മഴത്തുള്ളിയും സമ്മാനിച്ച നേരുള്ള ഭംഗിയായിരിക്കും. അവരോട് അയലത്തെ വീട്ടിലെ പെൺകുട്ടിയോടെന്ന പോലെ ഒരടുപ്പവും തോന്നും. അവർ മനസ്സിൽ നിന്നിറങ്ങിപ്പോകാൻ മടിക്കും. അന്നേരം വീശുന്ന നേർത്ത കാറ്റിനൊപ്പം ആ പാട്ടും കേട്ടെന്നു വരാം:

മല മേലെ തിരിവച്ചു, പെരിയാറിൻ തളയിട്ടു

ചിരിതൂകും പെണ്ണല്ലേ ഇടുക്കി,

ഇവളാണിവളാണു മിടുമിടുക്കീ...