ഇനി വരാനിരിക്കുന്ന അഡിക്ഷൻ!

മനാഫ്

പ്ലസ്ടൂവിനു പഠിക്കുമ്പോൾ മനാഫ് നോട്ടു പുസ്തകത്തിൽ തന്റെ കമ്പനിയുടെ പേര് എഴുതിയിട്ടു ‘ഈസി സോഫ്റ്റ്. ഇന്നിപ്പോ പുള്ളിക്കാരനു വയസ്സ് മുപ്പത്. ആ നോട്ട്ബുക്കിനെന്തു സംഭവിച്ചു? ആവോ.. അതു ദ്രവിച്ചു പോയിക്കാണും. ഓഹോ! ദ്രവിച്ച നോട്ട്ബുക്കിന്റെ കഥ പറയാനാണോ ഇത്രയും കഷ്ടപ്പെട്ടത് എന്നാണോ ചിന്തിക്കുന്നത്?

ചൂടാവാതെ.. കാര്യം പറയട്ടേ, നോട്ട്ബുക്ക് ദ്രവിച്ചെങ്കിലും അതിൽ നിന്നും തഴച്ചു വളർന്ന ചിലതുണ്ട്. അതാണ് എറണാകുളത്ത് കലൂരുള്ള മനാഫിന്റെ ഈസിസോഫ്റ്റ് എന്ന എടെി കമ്പനി. മൈക്രോസോഫ്റ്റും ബിൽ ഗേറ്റ്സും ഇളം മനസ്സിൽ തളം കെട്ടി നിന്ന കാലത്തിട്ട പേരാണിത്. 2009ലാണ് പക്ഷേ, മനാഫിന്റെ ജീവിതം മാറി മറിഞ്ഞത്. പട്ടണത്തിൽ ഭൂതം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് മനാഫ് ആദ്യമായി മമ്മൂട്ടിയെ സ്ക്രിനിലല്ലാതെ നേരിൽ കണ്ടു. 1997ൽ തന്നെ മമ്മൂട്ടിക്ക് സ്വന്തമായി വെബ്സൈറ്റുണ്ട്. ആ സൈറ്റ് മോടിപിടിപ്പിക്കാൻ തനിക്ക് കഴിയും എന്നു പറഞ്ഞ് മനാഫ് പവർപോയിൻറിൽ ഒരു പ്രസൻറേഷൻ കാച്ചി. സാക്ഷാൽ മമ്മൂക്കയുടെ മുന്നിൽ. അതുകയറി ക്ലിക്കായി. പിന്നീട് പുള്ളിക്കാരന്റെ സോഷ്യൽനെറ്റ്വർക്കിങ് കാര്യങ്ങളൊക്കെ മനാഫിന്റെ ‘സ്വന്തം കാര്യമായി. കുറച്ചു നാൾക്ക് ശേഷം സിനിമയുടെ പ്രമോഷനും മറ്റുമായി ‘മൂവിഗിയർ എന്നൊരു കമ്പനി മമ്മൂട്ടിയുടെ പാട്ട്നർഷിപ്പിൽ തുടങ്ങുകയും ചെയ്തു.

ദുൽഖർ സൽമാൻ, നിവിൻ പോളി, റിമ കല്ലിങ്കൽ, ഫഹദ് ഫാസിൽ, ഉണ്ണിമുകുന്ദൻ, റോമ, ഗൗതമി, മൈഥിലി തുടങ്ങിയ മലയാളത്തിലെ പ്രമുഖ നടീനടന്മാരുടെ പേജുകൾ മനാഫിന്റെ കയ്യിൽ സുരക്ഷിതം.

സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ‘അഡിക്റ്റഡ് ടു ലൈഫ് എന്ന ലഹരി വിരുദ്ധ ക്യാപയിനു തുടക്കം കുറിച്ചതും മനാഫായിരുന്നു. കേരള സർക്കാരുമായി ചേർന്നു തുടങ്ങിയ പദ്ധതിക്ക് എല്ലാ പ്രായക്കാർക്കിടയിലും വൻ സ്വീകരണമാണ് ലഭിച്ചത്. അതേ പോലെ തന്നെ മമ്മൂക്കയെ മുൻനർത്തി ഫേസ്ബുക്കിലും ജീവിതത്തിലും ഏറെ ചലനങ്ങൾ സൃഷ്ടിച്ച ‘മൈ ട്രീ ചലഞ്ച്. പിന്നണിയിൽ പ്രവർത്തിച്ചത് നമ്മുടെ പയ്യൻ തന്നെ.

മലപ്പുറം തവനൂർ സ്വദേശിയാണ് മനാഫ്. ഭാര്യ യാസ്മിയും നാലുവയസ്സുകാരി ലെഷ മെഹറിനുമായി സന്തോഷ പൂർവം ജീവിതം.

“ഇനി വരാനിരിക്കുന്നത് എന്റെ ഡ്രീം പ്രോജക്റ്റാണ്. പുതിയൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം. അതിന്റെ കണ്ടന്റ് ഉണ്ടാക്കുന്ന തിരക്കിലാണിപ്പോൾ ഞാനും സുഹúúൃത്തുക്കളും. എല്ലാവർക്കും വയറു നിറയെ സന്തോഷം തരുന്ന കാര്യമായിരിക്കും അത്.” സസ്പൻസിന്റെ മുൾമുനയിൽ വച്ച് ചാറ്റ് ഓഫ് ചെയ്ത് മനാഫ് സ്ഥലം വിട്ടു.. ഇനി എന്നാണാവോ ആ പച്ച വെളിച്ചം തെളിയുക? കണ്ണിൽ മണ്ണെണ്ണയൊഴിച്ചു നമുക്ക് കാത്തിരിക്കാം. സോഷ്യൽ മീഡിയയിൽ ഉണ്ടും ഉറങ്ങിയും കഴിയുന്ന യൂത്ത് കാത്തിരിക്കുക തന്നെ ചെയ്യും.