ഒരു കൈയ്യും ഒരു കാലുമുള്ള ബൈക്ക് റേസർ!

ചില ജീവിതങ്ങൾ നമ്മെ അത്ഭുതപ്പെടുത്തും.. ചിലതൊക്കെ കണ്ണു നനയിക്കുകയും പ്രചോദനമാവുകയും ചെയ്യാറുണ്ട്. എന്നാൽ വളരെ കുറച്ചു ജീവിതങ്ങൾ ഇൗ വികാരങ്ങളെല്ലാം നമുക്ക് ഒന്നിച്ചു സമ്മാനിക്കും. അത്തരമൊരു വ്യക്തിത്വമാണ് അലൻ കെംപ്സറ്റർ എന്ന ബൈക്ക് റേസറുടേത്. അധികമാരും കേൾക്കാനിടയില്ലാത്ത പേരാകും അലന്റേത്. പക്ഷ അലൻ എന്ന വ്യക്തിയുടെ കഴിവുകൾ സാധാരണക്കാരെ അത്ഭുതപ്പെടുത്തുന്നതു തന്നെയാണ്. രണ്ടു കയ്യും കാലും ഉണ്ടായിട്ടും ജീവിച്ചു തീർക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവർ നാണിച്ചുപോകും ഒരുകയ്യും കാലും ഇല്ലാതെയും അലൻ നേട്ടങ്ങൾ കൊയ്യുന്നതു കാണുമ്പോൾ.

മോട്ടോർ സ്പോർട്സ് എന്നാൽ ഇൗ ഓസ്ട്രേലിയൻ ബൈക്കറിനു ഹരമാണ്. അലന്റെ ബൈക്കിനു മുൻവശത്ത് എഴുതിയിരിക്കുന്ന 1/2 എന്ന നമ്പർ കാണുന്ന ആരും ഒന്നും സംശയിക്കും ഇതെന്തിന് എഴുതിയതായിരിക്കുമെന്ന്. എന്നാൽ അലനെ കാണുന്നതുവരെയേ ആ സംശയം നിലനിൽക്കൂ, കാരണം രണ്ടു കൈകൾക്കും കാലുകൾക്കും പകരം ഒരുകയ്യും ഒരു കാലും വച്ചാണ് അലൻ തന്റെ ഇഷ്ടങ്ങൾക്കു പുറകെ കുതിക്കുന്നത്. അതുതന്നെയാണ് ആ നമ്പറിലൂടെ സൂചിപ്പിക്കുന്നതും.

കൗമാരം മുതൽ ബൈക്ക് റേസിങിനെ ഇഷ്ടപ്പെട്ട അലൻ ഇരുപതു വയസായതോടെയാണ് റേസിംഗ് ആരംഭിച്ചത്. പക്ഷേ ഒരു ദിവസം റേസിങിനിടെ മദ്യപാനിയായ ഒരു ഡ്രൈവറുടെ അശ്രദ്ധ കൊണ്ട് ഇല്ലാതായത് അലന്റെ വലതുകയ്യും വലതുകാലുമാണ്. സാധാരണക്കാരെപ്പോലെ അപകടത്തോടെ ഒതുങ്ങിക്കൂടാതെ അതിൽനിന്നും വീണ്ടും കുതിച്ചുയരാനാണ് അലൻ ശ്രമിച്ചത്. ഒരുകയ്യും കാലും ഇല്ലാത്തവൻ എങ്ങനെ ബൈക്ക് റേസ് ചെയ്യും എന്ന് സംശയിച്ചവരെ അമ്പരപ്പിച്ചു കൊണ്ട് അലൻ തനിക്കു ഓടിക്കാൻ കഴിയും വിധത്തിൽ ബൈക്കിനെ പരിഷ്കരിച്ചു.

തുടർന്ന് തന്റെ 400സിസി ഹോണ്ടയിലെ നിയന്ത്രണ സംവിധാനങ്ങളെല്ലാം ബൈക്കിന്റെ ഇടതുവശത്തേക്കു മാറ്റി. ഇപ്പോൾ ക്ലച്ചും ത്രോട്ടിലും ബ്രേക്കുമെല്ലാം ഇടതുകൈകാലുകൾ അനായാസം നിയന്ത്രിക്കാം. നീണ്ടനാളത്തെ പരിശീലനങ്ങൾക്കൊടുവിൽ ട്രാക്ക് എന്ന സ്വപ്നത്തിലേക്കു തന്നെ അലൻ വീണ്ടും തിരിച്ചുവന്നു. ബൈക്ക് റേസിംഗിനു പുറമെ സന്നദ്ധ പ്രവർത്തനങ്ങളിലും അലന്റെ സജീവ പങ്കാളിത്തമുണ്ട്. ബൈക്ക് റേസിംഗിൽ നിന്നും മറ്റുമായി പണം സമാഹരിച്ച് അംഗവൈകല്യമുള്ളവർക്ക് കൈമാറിയാണ് അലൻ എന്ന മനുഷ്യസ്നേഹി സാധാരണക്കാരിൽ നിന്നും വ്യത്യസ്തനാകുന്നത്.

ഫോട്ടോ കടപ്പാട്; ഫോട്ടോ റേ ഒക്സ്ഫോർഡ്