കണ്ണെഴുതി കണ്ണടിച്ചുപോയി !

ഫാഷന്‍ ഷോയ്ക്കു വേണ്ടി മേക്കപ്പ് ഇട്ട് കുറച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ ഓസ്ട്രേലിയന്‍ മോഡല്‍ ആന്തിയ പേജിന്റെ വലതു കണ്ണിന് ചൊറിച്ചിൽ തുടങ്ങി. മേക്കപ്പ് കൂടിയതുകൊണ്ടോ കൃത്രിമ കൺപീലികൾ വച്ചതുകൊണ്ടോ ആവാം കുഴപ്പമെന്നാണു കരുതിയത്. 

ഇപ്പം ശരിയാകും എന്നു വിചാരിച്ചു കടലിനു നടുവിൽ ഫോട്ടോഷൂട്ടിന് ഇറങ്ങി. പക്ഷേ സമയം കഴിയുന്നതോടെ കണ്ണ് വിങ്ങി നീരു വച്ചു. ഫൊട്ടോഗ്രഫര്‍ മിടുക്കനായതു കൊണ്ട് വലതു വശം ഒഴിവാക്കി ഫോട്ടോ എടുത്തു. പക്ഷേ രാത്രി ആയപ്പോഴേക്കും ഇൻഫെക്ഷൻ കാരണം കണ്ണു തുറക്കാൻ വയ്യാത്ത അവസ്ഥയായി. ഡോക്ടറെ കണ്ടപ്പോഴാണു സംഗതിയുടെ ഗൗരവം പിടികിട്ടിയത്. സ്റ്റെഫൈലോ കോക്കസ് ബാക്ടീരിയ വഴിയുള്ള ഇൻഫെക്‌ഷനാണു കണ്ണിൽ. സമയത്തു ചികിൽസിച്ചില്ലെങ്കിൽ തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ജൈറ്റിസ്, രക്തത്തിൽ ഇൻഫെക്‌ഷൻ തുടങ്ങി എന്തും ബാധിക്കാം. ചിലപ്പോൾ കാഴ്ച തന്നെ നഷ്ടപ്പെടും. മേക്കപ്പ് ബ്രഷിൽ നിന്നാണ് ഇൻഫെക്ഷൻ.  ആന്റിബയോടിക്സ് എടുത്തു വിശ്രമിക്കുകയല്ലാതെ മറ്റു വഴിയില്ല. സിഡ്നി ഫാഷൻ വീക്കിൽ പങ്കെടുക്കാനെത്തിയ ആന്തിയ പേജിനു നാലു ദിവസമാണു നഷ്ടമായത്. 

മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ  കാര്യത്തിൽ വേണ്ടത്ര സുരക്ഷ ഉറപ്പാക്കാത്തതിന് എതിരെ മോഡൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണു സംഭവം ലോകമറിഞ്ഞത്. ആരെയും കുറ്റപ്പെടുത്താതെയും ആരുടെയും പേരുകൾ പരാമർശിക്കാതെയുമായിരുന്നു കുറിപ്പ്. എത്രയധികം സുരക്ഷ ഉറപ്പാക്കേണ്ട രംഗമാണിത്. എന്നിട്ടും അശ്രദ്ധമായി പലരും ഇതു കൈകാര്യം ചെയ്യുന്നു. നിസാരമായ ശ്രദ്ധക്കുറവിന്റെ പേരിൽ എന്റെ എത്ര ദിവസങ്ങളാണു നഷ്ടപ്പെട്ടത്. എനിക്കു മേക്കപ്പ് ചെയ്ത സ്ത്രീയെ കുറ്റപ്പെടുത്താനോ കരിവാരിത്തേയ്ക്കാനോ അല്ല ഈ കുറിപ്പ്. പകരം മേക്കപ്പ് എത്ര ആരോഗ്യപ്രദമായിരിക്കണം എന്ന കാര്യത്തിൽ ലോകം മുഴുവൻ അവബോധം ഉണ്ടാക്കാനാണിത്.