ആപ്പിലായി ഉദ്യോഗസ്ഥർ! കേജ്‌രിവാളോ? ലഫ്. ഗവർണറോ?

അരവിന്ദ് കേജ്‌രിവാളും ലഫ്.ഗവർണർ നജീബ് ജങും

ഇതിപ്പോ കുടുങ്ങിയത് പാവം ഉദ്യോഗസ്ഥരാണ്. ആര് പറയുന്നത് കേൾക്കണം സർക്കാരോ അതോ ലഫ്. ഗവർണറോ? ഒരു മുന്നറിയിപ്പുമില്ലാതെയാണ്
നാലു ദിവസത്തിനിടെ ഡൽഹി സർക്കാർ നടത്തിയ എല്ലാ നിയമനങ്ങളും ലഫ്.ഗവർണർ നജീബ് ജങ് റദ്ദാക്കിയത്. ലഫ്.ഗവർണറുടെ ഉത്തരവുകൾ അന്ധമായി അനുസരിക്കേണ്ടതില്ലെന്ന് ഉന്നത ഉദ്യോഗസ്‌ഥരോടു സംസ്ഥാന സർക്കാരും നിർദേശിച്ചതോടെ പന്തം കണ്ട പോലെ നിൽക്കുകയാണ് ഉദ്യോഗസ്ഥർ. സംസ്‌ഥാന സർക്കാരിനെ സ്വതന്ത്രമായി ഭരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേജ്​രിവാൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയതിന് പിന്നാലെ കുറ്റപ്പെടുത്താനും മറന്നില്ല, തിരഞ്ഞെടുത്ത സർക്കാരിനെ നോക്കുകുത്തിയാക്കി ഡൽഹി ഭരിക്കാൻ കേന്ദ്രം ശ്രമിക്കുകയാണത്രേ!

തന്റെ അനുമതിയില്ലാത്ത തീരുമാനങ്ങൾ ഭരണഘടനാവിരുദ്ധമാണെന്നു കാണിച്ചാണ് സംസ്‌ഥാന സർക്കാർ നാലു ദിവസത്തിനിടെ നടത്തിയ നിയമനങ്ങൾ ലഫ്.ഗവർണർ റദ്ദാക്കിയത്. നിയമപ്രകാരം, ഡൽഹിയിലെ ഉദ്യോഗസ്‌ഥ നിയമനങ്ങളും സ്‌ഥലം മാറ്റങ്ങളും തീരുമാനിക്കുന്നതിനുള്ള അധികാരം തനിക്കാണെന്നു മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ അദ്ദേഹം ഓർമിപ്പിച്ചു. മന്ത്രിമാരുമായി കൂടിയാലോചന നടത്താതെ ലഫ്.ഗവർണറുടെ ഉത്തരവുകൾ നടപ്പാക്കരുതെന്ന രീതിയിൽ മുഖ്യമന്ത്രി ഉദ്യോഗസ്‌ഥർക്കു നൽകിയ നിർദേശം ഭരണഘടനാവിരുദ്ധമാണെന്നും കത്തിൽ പറയുന്നു.

സ്വകാര്യ ആവശ്യത്തിനു 10 ദിവസത്തെ അവധിയിൽ പോയ ചീഫ് സെക്രട്ടറി കെ.കെ. ശർമയ്‌ക്കു പകരം ശകുന്തള ഡോളിഗാംലിനെ ലഫ്.ഗവർണർ നിയമിച്ചതാണു പ്രശ്‌നങ്ങളുടെ തുടക്കം. സർക്കാരിനോടു കൂടിയാലോചിക്കാതെയുള്ള നിയമനം അംഗീകരിക്കില്ലെന്നു കേജ്‌രിവാൾ നിലപാടെടുത്തു. എന്നാൽ, സംസ്‌ഥാനത്ത് ഉദ്യോഗസ്‌ഥരെ നിയമിക്കുന്നതിനും സ്‌ഥലം മാറ്റുന്നതിനും തനിക്കു പൂർണ അധികാരമുണ്ടെന്നാണ് ലഫ്.ഗവർണറുടെ വാദം. ഇതിപ്പോ ശരിക്കും പുലിവാലു പിടിച്ചിരിക്കുന്നത് ഉദ്യോഗസ്ഥരാണ്!