ഫോണിലെ കാര്യങ്ങൾ കൂളായി ചെയ്യും ഈ സ്മാർട് ഷർട്ട് !

ക്റ്ണിം അടിച്ചു കൊണ്ടിരുന്ന ഫോൺ എത്ര പെട്ടന്നാണു സ്മാർട് ആയത്. ഇപ്പോൾ ഫോൺ എന്തിനാണ് എന്നു ചോദിച്ചാൽ വിളിക്കാൻ എന്ന ഉത്തരം അവസാനമേ ലഭിക്കൂ, കാരണം അത്രത്തോളം മറ്റ് ഉപയോഗങ്ങളാണ് ഒരു സ്മാർട്ഫോണിനുള്ളത്. മൊബൈൽ ഫോണിനു പിന്നാലെ സ്മാർടാകുകയാണ് ഷർട്ടുകളും. അതേ ഇനി ഷർട്ടിന്റെ കൈയിലൊരു ചെറു തട്ടുതട്ടിയാൽ ഫോണിൽ പലകാര്യങ്ങളും നടക്കും.

ആരോ എന്ന ബ്രാൻഡാണ് സ്മാർട്ട് ഷർട്ട് അവതരിപ്പിച്ചിരിക്കുന്നത്. ഷർട്ടിന്റെ കൈയുടെ അറ്റത്ത് ചിപ്പോടു കൂടിയാണ് സ്മാർട് ഷർട്ട് ഇറങ്ങുന്നത്. ഫീൽഡ് കമ്യൂണിക്കേഷൻ സൗകര്യമുള്ള മൊബൈൽ ഫോണുകളെ ആരോ ആപ്പ് ഡൗൺലോഡ് ചെയ്തു ഷർട്ടുമായി ബന്ധിപ്പിക്കാം. പ്രധാനമായും ഓഫിസ് ജോലിക്കാരെ ഉദ്ദേശിച്ചിറക്കിയതാണ് സ്മാർട് ഷർട്ട്.

ഈ ഷർട്ടു വഴി ലിങ്ക്ഡ് ഇൻ, ഫെയ്‌സ് ബുക്, ബിസിനസ് കാർഡ് എന്നിവ ഷെയർ ചെയ്യാൻ ഷർട്ടിന്റെ കൈ ഭാഗത്ത് ഒന്നു തൊട്ടാൽ മതി. തുടക്കത്തിൽ പുരുഷൻമാരുടെ ഷർട്ട് മാത്രമാണ് പുറത്തിറങ്ങുന്നത്. 2,999 രൂപയാണ് വില. ഒന്നര വർഷമെടുത്താണ് കമ്പനി ഷർട്ട് നിർമിച്ചെടുത്തത്. ദോഷകരമായ റേഡിയേഷനുകളൊന്നും പുറപ്പെടുവിക്കുന്നില്ലെന്ന് ഉറപ്പാക്കിയതായും മെറ്റൽ ഡിറ്റക്ടറിൽ ബീപ് മുഴക്കില്ലെന്നും അരവിന്ദ് ലൈഫ് സ്റ്റൈൽ ബ്രാൻഡ്‌സ് സിഇഒ ജെ.സുരേഷ് അറിയിച്ചു.

അലക്കിയാലും ഇനി ഇസ്തിരിയിട്ടാൽ പോലും ഷർട്ടിനു പോറലേൽക്കില്ലെന്നു കമ്പനി പറയുന്നു. സ്മാർട് ഷർട്ടിനെ ബ്ലൂ ടൂത്ത് വഴി ഫോണുമായി കണക്ട് ചെയ്താൽ ഷർട്ടിൽ തട്ടി ഇഷ്ടഗാനങ്ങൾ കേൾക്കാനും ഫോൺ മീറ്റിങ് മോഡിലേക്കു മാറ്റാനുമൊക്കെ മാർഗമുണ്ട്. 12 നിറങ്ങളിലാണു ഷർട്ട് പുറത്തിറക്കിയിട്ടുള്ളത്. ഉപഭോക്താക്കളുടെ പ്രതികരണമനുസരിച്ചായിരിക്കും ഷർട്ടിൽ കൂടുതൽ ഫീച്ചറുകൾ ചേർത്തു പുതിയ മോഡലുകൾ ഇറക്കണമോയെന്ന് കമ്പനി തീരുമാനിക്കുക. വിജയിച്ചാൽ സ്ത്രീകളുടെ വസ്ത്രങ്ങളും വ്യായാമ വസ്ത്രങ്ങളും സ്മാർടിലേക്കു വഴി മാറും.