മാഗിയില്ലെങ്കിലെന്താ? രാംദേവിന്റെ ആട്ടാ ന്യൂഡിൽസ് ഉണ്ടല്ലോ..

രാവിലെയും ഉച്ചക്കും രാത്രിയെന്നൊന്നുമില്ലാതെ പറ്റുന്ന നേരമെല്ലാം ന്യൂഡിൽസ് കഴിച്ചു വിശപ്പടക്കിയിരുന്ന ബാച്ചിലേഴ്സിന്റെ നെഞ്ചത്തടിച്ചാണ് മാഗി നിരോധനം വന്നത്. അയ്യോ ഞങ്ങടെ മാഗി പോയേ എന്നു പറഞ്ഞു കരഞ്ഞവർക്കെല്ലാം ആശ്വാസമായി ഇപ്പോൾ യോഗാഗുരു ബാബാരാംദേവ് രംഗത്തെത്തിയിട്ടുണ്ട്. രാംദേവ് എന്താ ന്യൂഡിൽസ് ബിസിനസ് തുടങ്ങിയോ എന്നു സംശയിക്കാൻ വരട്ടെ. സംഗതി അതു തന്നെയാണ്. കക്ഷി യോഗയും രാഷ്ട്രീയവുമൊക്കെ വിട്ടോ എന്നൊന്നും ചോദിച്ചേക്കരുത്. എന്തായാലും ആട്ടാ ന്യൂഡിൽസ് എന്ന പേരിലൊരു പുതിയ സംരംഭവുമായാണ് രാംദേവിന്റെ പദാഞ്ജലി ഗ്രൂപ്പിന്റെ വരവ്.

ബുധനാഴ്ച്ച ഉത്തരാഖണ്ഡിൽ വച്ചായിരുന്നു ആട്ടാ ന്യൂഡിൽസിന്റെ പ്രഖ്യാപനം. കുട്ടികളഉടെ ആരോഗ്യം കൂടി കണക്കിലെടുത്തു നിർമ്മിച്ചിരിക്കുന്ന ആട്ടാ ന്യൂഡിൽസിൽ മൈദയുടെ അംശം തെല്ലും ഇല്ലത്രേ. പൂർണമായും സുരക്ഷിതമായ ആട്ടാ ന്യൂഡിൽസ് തികച്ചും പ്രകൃതിദത്തവും നിരുപദ്രവകാരിയുമാണെന്നുമാണ് രാംദേവിന്റെ വാദം.

സ്വദേശി ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനം എന്ന നിലയ്ക്കാണ് ആട്ടാ ന്യൂഡിൽസ് വിപണിയിലെത്തിക്കുന്നത്. ഇതിനുപുറമെ മറ്റുചില ആയുർവേദ ഉൽപ്പന്നങ്ങളും പദഞ്ജലി ഗ്രൂപ്പിന്റേതായി പുറത്തിറങ്ങുന്നുണ്ട്. കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ഭക്ഷ്യസുരക്ഷാവകുപ്പ് മാഗിക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവു പുറത്തിറക്കിയത്. മാഗിയില്‍ നിശ്ചിതമായ അളവിൽക്കൂടുതൽ ലെഡിന്റെയും മോണോസോഡിയം ഗ്ലൂട്ടാമേറ്റിന്റെയും സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു നിരോധനം.