ഒരുകോടിയിലേറെ തേനീച്ചകളാൽ പൊതിഞ്ഞ്!

പുകയുന്ന ഒരു സിഗരറ്റും കടിച്ചുപിടിച്ച് ഗവോ ബിങ്കുവോ ശാന്തനായി അങ്ങനെയിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച അയാളുടെ ദേഹം പൊതിഞ്ഞ് ഒരുകോടിയിലേറെ തേനീച്ചകൾ. 109കിലോഭാരമുള്ള തേനീച്ചക്കൂട്ടത്താൽ ശരീരം പോതിഞ്ഞു ഗാവോ എന്ന തേനീച്ചമനുഷ്യൻ സ്ഥാപിച്ചതു പുതിയ ഗിന്നസ് റെക്കോർഡ്. 85കിലോ തേനീച്ചക്കൂട്ടമാണ് ഇതുവരെയുണ്ടായിരുന്ന റെക്കോർഡ്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു ഗംഭീരപ്രകടനം. റാണി തേനീച്ചകളെ ആദ്യം ഗാവോയുടെ ശരീരത്തു വച്ചശേഷം ഇരമ്പുന്ന തേനീച്ചക്കൂട്ടത്തെ ഇട്ടുകൊടുക്കുകയായിരുന്നു. തേനീച്ചകൾ വന്നുപൊതിയാൻ തുടങ്ങിയതും രണ്ടായിരത്തിലേറെ തവണ കുത്തേറ്റു. ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്.ശരീര ഉൗഷ്മാവ് 60 ഡിഗ്രി വരെ ഉയർന്നിട്ടും ഗാവോ പക്ഷേ ജീവിതം തിരിച്ചുപിടിച്ചു പുതിയ റെക്കോർഡിട്ടു. തായൻ പട്ടണത്തിൽ താമസിക്കുന്ന ഇൗ അൻപത്തിയഞ്ചുകാരൻ കഴിഞ്ഞ 35 വർഷമായി തേനീച്ചകളുടെ ഉറ്റതോഴനാണ്. തേനൂറും സാഹസങ്ങൾക്കും ഏതാണ്ട് അത്രതന്നെ പഴക്കം.