ജോലി സിംപിൾ , ശമ്പളം 42 ലക്ഷം 

മദ്യപിച്ച് പണം വെറുതെ കളയരുത് എന്ന് പറയാറുണ്ട്. എന്നാൽ മദ്യപിച്ച് ലക്ഷങ്ങൾ നേടുന്നു എന്ന് പറയുന്നത് ആദ്യമായിട്ടായിരിക്കും. എന്നാൽ അങ്ങനെയും ഒരു ജോലിയുണ്ട്. വാഷിങ്ടണ്‍ ഡിസിയിലെ നാഷണല്‍ മ്യൂസിയം ഓഫ് അമേരിക്കന്‍ ഹിസ്റ്ററിയ്ക്ക് ഒരു ബിയര്‍ സ്‌പെഷ്യലിസ്റ്റിനെ ആവശ്യമുണ്ട്. ആ വ്യക്തിക്ക് വാക്ദാനം ചെയ്യുന്ന ശമ്പളമാണ് 42 ലക്ഷം രൂപ.

അമേരിക്കന്‍ മദ്യചരിത്രത്തെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവർക്ക് ഈ ജോലിക്കായി അപേക്ഷിക്കാം. ജോലി ആണെങ്കിലോ വളരെ എളുപ്പം. അമേരിക്കയിലെ മദ്യശാലകൾ അവിടുന്ന് ബിയർ രുചിച്ചു നോക്കുകയാണ് ചെയ്യേണ്ടത്.മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. 

ജോലിക്കായി അപേക്ഷിക്കുന്നവർക്ക്  ബിയറിനോട് പ്രത്യേക താല്പര്യം  ഉണ്ടായിരിക്കണം. മാത്രമല്ല, ബിയർ സംബന്ധിയായ  ഗവേഷണത്തിലും ചരിത്രസംബന്ധമായ അഭിമുഖങ്ങള്‍ നടത്തുന്നതിലും പരിചയം, പ്രബന്ധം എഴുതാനുള്ള കഴിവ്, അമേരിക്കന്‍ ബിസിനസ്,  ആഹാരക്രമം തുടങ്ങി ചരിത്രവുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ ഡിഗ്രി എന്നി യോഗ്യതകളും അനിവാര്യമാണ്. 

വിചിത്രമായ ഈ ജോലിയിലൂടെ അമേരിക്കയുടെ ചരിത്രത്തിലും സംസ്‌കാരത്തിലും മദ്യത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് മ്യൂസിയം അധികൃതരുടെ ലക്ഷ്യം. ഓഗസ്റ്റ് പത്ത് ആണ് ഈ  ജോലിക്കായി  അപേക്ഷിക്കേണ്ട അവസാന തീയതി. എന്നാൽ അപേക്ഷ പുറത്തു വിട്ടതോടെ മ്യൂസിയം വെബ്സൈറ്റില്‍ അമേരിക്കന്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇടിച്ചു കയറുകയാണ്.