ബിക്കിനിയിട്ടവർ ഭക്ഷണം വിളമ്പുന്ന റസ്റ്ററന്റ്

ചൈനയിലെ ഷെന്യാങ്ങിൽ പുതുതായി തുടങ്ങിയ ഹോട്ടലിൽ കയറി ഒരാൾ മെനു നോക്കി: കഴിക്കാനെന്തുണ്ട്? ആഹാ, ഷാങ്‌ഹായ് പോർക്ക് റിബ്സും കോൻജീ ക്രിസ്പി ലാംബും. ‘രണ്ടും ഓരോ പ്ലേറ്റു പോരട്ടേ...’ അദ്ദേഹം ഓർഡർ ചെയ്തു. അപ്പോഴാണോർത്തത്. സംഗതി നല്ല ചൂടോടെ തന്നെ വേണം. അദ്ദേഹം വീണ്ടും വിളിച്ചുപറഞ്ഞു: ‘വെയ്റ്റർ, ഫൂഡ് നല്ല ചൂടോടെ വേണം...’ കക്ഷി കാത്തിരുന്നു. പക്ഷേ ഭക്ഷണവുമായി വരുന്ന പെൺകുട്ടിയെക്കണ്ട് ആളുടെ കണ്ണുതള്ളിപ്പോയി. താൻ ഭക്ഷണം ചൂടോടെ വേണമെന്നല്ലേ പറഞ്ഞത്. ഇതാ വിളമ്പുകാരിപ്പെൺകുട്ടി തന്നെ ‘ഹോട്ടായി’ കണ്മുന്നിൽ, അതും ബിക്കിനി മാത്രം ധരിച്ച് കൊടുംഹോട്ട് ലുക്കിൽ.

ഹോട്ടലാണെന്നു കരുതി വേറെ എവിടെയെങ്കിലുമാണോ ഇദ്ദേഹംകയറിയതെന്നു ചിന്തിച്ചെങ്കിൽ തെറ്റി. ബിക്കിനിയിട്ട് ചെറുപ്പക്കാരികളും സ്വിമ്മിങ് ട്രങ്ക് ധരിച്ച് ചെറുപ്പക്കാരും ഭക്ഷണം വിളമ്പുന്ന ഹോട്ടലായിരുന്നു അത്. വടക്കുകിഴക്കൻ ചൈനയിലെ ഷെന്യാങ്ങിലാണ് ദയോസിയോങ് എന്ന ഈ ഹോട്ടലിനു കഴിഞ്ഞ ദിവസം തുടക്കമായത്. ദയോസിയോങ് എന്നാൽ fresh ice എന്നാണ് അർഥം. പക്ഷേ റസ്റ്ററന്റു നിറയെയാകട്ടെ ‘ഹോട്ട്’ കാഴ്ചകളും. വെയ്റ്റർമാരിൽ ഓരോരുത്തരുടെയും ശരീരത്തിൽ റസ്റ്ററന്റിന്റെ പേരും എഴുതിച്ചേർത്തിട്ടായിരിക്കും ഓരോ ഷിഫ്റ്റും ആരംഭിക്കുക.

ചൈനീസ് ഭാഷയിൽ, യുവതികളുടെ നെഞ്ചിൽത്തന്നെയാണ് റസ്റ്ററന്റിന്റെ പേരുള്ളത്. 20 വനിതകളും 10 പുരുഷ സ്റ്റാഫുമാണ് ഇവിടെ. എല്ലാവരെയും അമ്പരപ്പിച്ച് ഉദ്ഘാടന ദിവസം മാത്രമായി ഇത്തരമൊരു വിളമ്പൽ നടത്താനായിരുന്നു റസ്റ്ററന്റ് ഉടമകളുടെ തീരുമാനം. എന്നാൽ ആദ്യദിനം തന്നെ ജനം തള്ളിക്കയറിയതോടെ സംഗതി തുടരാൻ തീരുമാനിക്കുകയായിരുന്നു. അതിനിടെ ഹോട്ടലിനെതിരെ വിമർശനമുന്നയിച്ചും ഒട്ടേറെ പേർ രംഗത്തെത്തിക്കഴിഞ്ഞു. ബിക്കിനിയിട്ട വിളമ്പുകാരിലൂടെ ജനങ്ങൾക്ക്, പ്രത്യേകിച്ച് ചെറുപ്പക്കാർക്ക്, തെറ്റായ സന്ദേശമാണ് റസ്റ്ററന്റ് പകർന്നു നൽകുന്നതെന്നാണ് പ്രധാന വിമർശനം.

ചൈനീസ് സമൂഹമാധ്യമങ്ങളിലെല്ലാം റസ്റ്ററന്റിന് ചീത്തയോടു ചീത്തയാണ്. പക്ഷേ തങ്ങളുടെ റസ്റ്ററന്റിൽ കാണാൻ ലുക്കില്ലാത്ത തല്ലിപ്പൊളികളൊന്നുമല്ല വിളമ്പാൻ നിൽക്കുന്നതെന്നാണ് ഹോട്ടലുടമകളുടെ മറുവാദം. വൃത്തിയും വെടിപ്പോടും തന്നെയാണ് ഭക്ഷണം തയാറാക്കുന്നതും വിളമ്പുന്നതുമെല്ലാം. താൽപര്യമുള്ളർ കഴിക്കാൻ വന്നാൽ മതി. ബാക്കി വിമർശനങ്ങളെ തൽക്കാലത്തേക്ക് മൈൻഡ് ചെയ്യാനും ഉദ്ദേശിക്കുന്നില്ല. കാരണം ആ വിധത്തിലല്ലേ കച്ചവടം കുതിച്ചുകയറുന്നത്.