ആ ഫൊട്ടോഗ്രാഫർ പകർത്തി, പ്രകൃതിയിൽ ഒളിച്ച പെൺരൂപങ്ങളെ..

ഒറ്റനോട്ടത്തിൽ ഇല പൊഴിയുന്ന ഒരു മരവും പരിസരവും, അല്ലെങ്കിൽ ഒരു പാറക്കെട്ട്, അതുമല്ലെങ്കില്‍ പച്ചമരക്കാട്...അതിൽക്കവിഞ്ഞൊന്നും തന്നെയില്ലായിരുന്നു ആ ഫോട്ടോകളിൽ. പക്ഷേ ഒറ്റനോട്ടം കൊണ്ട് കണ്ണുമാറ്റാവുന്ന തരം ചിത്രങ്ങളായിരുന്നില്ല അവയൊന്നും. ഓരോന്നിലേക്കും നാം സൂക്ഷിച്ചു നോക്കണം, അപ്പോൾ കാണാം പ്രകൃതിയിൽ നിശബ്ദരായി ഒളിച്ചിരിക്കുന്ന സ്ത്രീ രൂപങ്ങൾ. ഇലപൊഴിയുന്ന മരത്തിനു ചുവടെയും പാറക്കെട്ടുകൾക്കിടയിലുമെല്ലാം നിശബ്ദസാന്നിധ്യമായിരിക്കുന്ന പെൺരൂപങ്ങൾ.

വന്യതയുടെ നിഗൂഢതയിൽ ഇരയെ തേടി ഒളിച്ചിരിക്കുന്ന യക്ഷിയൊന്നുമല്ല, പ്രകൃതിയോടൊപ്പം ചേർന്ന് ഒരു ആർടിസ്റ്റ് ഒരുക്കിയ ബോഡി പെയിന്റിങ് പ്രോജക്ടിലെ കാഴ്ചകളായിരുന്നു ഇതെല്ലാം. ജർമനിയിലാണ് നേച്ചർ ആർട് എന്നു പേരിട്ട ഈ ഫോട്ടോ പ്രോജക്ട് നടന്നത്. നദീൻ എന്ന പ്രഫഷനൽ മോഡലിനെ ഒരു വനപ്രദേശത്തെ വിവിധയിടങ്ങളിൽ നിർത്തി ആ പ്രദേശത്തോടു ചേർന്ന പെയിന്റിങ് ശരീരത്തിൽ പ്രയോഗിച്ചായിരുന്നു പ്രോജക്ട്. പൂർണമായും നഗ്നയായിട്ടായിരുന്നു നദീന്റെ മോഡലിങ്. പക്ഷേ പാറക്കെട്ടുകളുടെയും ഇലകളുടെയും മരത്തിന്റെയുമെല്ലാം നിറങ്ങൾ ആ പെൺകുട്ടിക്ക് ഉടുപ്പാവുകയായിരുന്നു.

ബോഡി പെയിന്റ് ആർടിസ്റ്റ് ജോർഗ് ഡസ്റ്റർവാൾഡിന്റെയായിരുന്നു നേച്ചർ ആർട് എന്ന കൺസെപ്റ്റ്. ഒപ്പം സഹായവുമായി ഫൊട്ടോഗ്രാഫർ ഷിപ്പോണി സ്ക്യൂപിനുമെത്തി. ഇരുവരും ചേർന്നാണ് കാട്ടിൽ കറങ്ങി അനുയോജ്യമായ ലൊക്കേഷനുകൾ കണ്ടെത്തിയത്. പിന്നീട് അവിടങ്ങളിൽ നദീനെ നിർത്തി ശരീരത്തിലാകെ പെയിന്റ് ചെയ്തു. ശേഷം ഫ്രെയിമെല്ലാം സെറ്റ് ചെയ്ത് പെയിന്റിങ്ങിലെ അവസാന മിനുക്കുപണികളും നടത്തി. അതോടെ പ്രകൃതിയിൽ പൂർണമായും ഒളിപ്പിക്കപ്പെട്ട നിലയിലായി നദീൻ. വൈഡ് ഫോട്ടോകളിലെല്ലാം ഒറ്റനോട്ടത്തിൽ നദീനെ കാണാൻ ബുദ്ധിമുട്ടായിരുന്നു. സൂം ചെയ്ത് നോക്കിയാൽ മാത്രം വ്യക്തമാകും. മണിക്കൂറുകളോളമെടുത്തിട്ടാണ് ഓരോ ഫോട്ടോയും തയാറാക്കിയത്. പക്ഷേ സംഗതി നെറ്റ്‌ലോകത്തെ ഹിറ്റാണിപ്പോൾ. ഇതാദ്യമായല്ല ജോർഗ് ബോഡി പെയിന്റിങ് പ്രോജക്ട് നടപ്പാക്കുന്നത്. മ്യൂസിക് ഷോപ്പിലും ഓട്ടമൊബീൽ ഗരാജിലും ജർമൻ തുറമുഖങ്ങളിലുമെല്ലാം മോഡലുകളെ നിർത്തി അവരെ ഒറ്റനോട്ടത്തിൽ കണ്ടെത്താനാവാത്ത വിധം ഫോട്ടോകളെടുത്തും ഇദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്.