കല്യാണ വസ്ത്രം, അതാണു ബിസിനസ്

Representative Image

ഇന്ത്യൻ ഫാഷൻലോകത്തിന്റെ ആഘോഷവേളകളിലൊന്നായ ലാ‌ക്മേ ഫാഷൻ വീക്ക് 2016ന് മുംബൈ സെന്റ് റെജിനാസിൽ തിരശീല വീഴുകയാണിന്ന്. മനിഷ് മൽഹോത്ര, പായൽ സിംഗാൾ, അനുശ്രീ റെഡ്ഡി തുടങ്ങി 92 ഡിസൈനർമാർ അണിനിരന്ന ഫാഷൻ മാമാങ്കം സമാപിക്കുമ്പോൾ വിന്റർ/ഫെസ്റ്റിവ് റൺവേ ഫാഷൻ റാംപിൽ എത്തിയതിലേറെയും പതിവു പോലെ ബ്രൈഡൽ വസ്ത്രങ്ങൾ. രാജ്യാന്തര ഫാഷൻ രംഗത്തു വ്യത്യസ്തമായ സർഗസൃഷ്ടികളൊരുക്കാൻ ഡിസൈനർമാർ ശ്രമിക്കുമ്പോൾ വെഡിങ് ലാച്ചയിലും ലെഹംഗയിലും പുതുമ തേടുന്നതിൽ ഒതുങ്ങുകയാണ് ഇന്ത്യൻ ഡിസൈനർമാർ എന്ന ആരോപണത്തിൽ പകുതി കാര്യവും കളിയുമുണ്ട്.

ഫാഷൻ എന്നതു ബിസിനസ് കൂടിയാകുമ്പോൾ ബ്രൈഡലിനു പിന്നാലെ പോകുകയല്ലാതെ വെറേന്തു ചെയ്യാൻ എന്നു തിരിച്ചു ചോദിക്കുന്നു ഇന്ത്യൻ ഫാഷൻ ഡിസൈനർമാർ. സർദോസിയുടെയും സ്വരോസ്കി ക്രിസ്റ്റൽസിന്റെയും തിളക്കത്തിലും സിൽക്കിന്റെയും വെൽവെറ്റിന്റെയും പളപളപ്പിലും മിന്നിത്തിളങ്ങുകയാണ് ഇന്ത്യൻ ബ്രൈഡൽവെയർ ഫാഷൻ രംഗം. ‘ദ് ബിഗ് ഫാറ്റ് ഇന്ത്യൻ വെഡിങ്’ എന്നു പേരുകേട്ട ഇന്ത്യൻ വിവാഹരംഗം കോടികൾ മറിയുന്ന ബിസിനസാണെങ്കിൽ അതിൽ പ്രധാനപ്പെട്ട പങ്കുപറ്റുന്നത് ബ്രൈഡൽ വെയർ വിഭാഗമാണ്. ഒരുലക്ഷം കോടി മതിപ്പുള്ള വിവാഹഅനുബന്ധ ബിസിനസിൽ ഏതാണ്ട് 10000 കോടി രൂപ വിവാഹവസ്ത്രരംഗം കയ്യടക്കുന്നതായാണ് കണക്കുകൾ. ഓരോ വർഷവും 25–30% എന്ന തോതിലാണ് ഈ രംഗത്തെ വളർച്ചയെന്നതു രാജ്യാന്തര ബ്രാൻഡുകളെക്കൂടി ഇവിടേക്ക് ആകർഷിക്കുന്നു.

ബിഗ് ആൻഡ് ഫാറ്റ്

വീട്ടുകാരും അടുത്ത ബന്ധുക്കളും പങ്കെടുക്കുന്ന ചടങ്ങിൽനിന്നു വൻകിട ആഘോഷപരിപാടിയായി വിവാഹങ്ങൾ വളർന്നു കഴിഞ്ഞു. വിവാഹ നിശ്ചയം മുതൽ വിവാഹദിനം വരെ വ്യത്യസ്തമായ ഒട്ടേറെ ചടങ്ങുകളാൽ സമ്പന്നമാണ് ഇന്ത്യൻവിവാഹങ്ങൾ. ജയ്പുർ, ഉദയ്പുർ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ എന്നീ നഗരങ്ങളിലും ഗോവ,കേരളം എന്നീ സംസ്ഥാനങ്ങളിലും വിവാഹങ്ങൾക്കായി പണമൊഴുക്കുന്നതായി ഈ രംഗത്തുള്ളവർ പറയുന്നു.

മെഹന്ദി, സംഗീത്, ഹാൽദി, ബറാത്ത്, ഫെറാസ്, ബിദായി തുടങ്ങി ചടങ്ങുകളും ഒട്ടേറെ. ഓരോ അവസരത്തിനൊത്തും അണിഞ്ഞൊരുങ്ങണം വധുവും വരനും. ഒപ്പം ബ്രൈഡ്സ്‌മെയ്ഡ് എന്ന വിഭാഗത്തിൽപ്പെടുന്നവരും അല്ലാതെയുമായി ബന്ധുക്കളും സുഹൃത്തുക്കളും.
ഡെസ്റ്റിനേഷൻ വെഡിങും തീം വെഡിങ്ങുമെല്ലാം അരങ്ങു സമ്പന്നമാക്കിയതോടെ ഡിസൈനർമാർക്ക് പണിയൊഴിഞ്ഞു സമയമില്ലെന്ന നിലയിലെത്തിയിട്ടുണ്ട് കാര്യങ്ങൾ. രാജ്യത്ത് ഒരു വർഷം ഒരു കോടി വിവാഹങ്ങൾ നടക്കുന്നുണ്ടെന്നാണു കണക്ക്.

ഒരു വമ്പൻ വിവാഹമാമാങ്കത്തിന് വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും മാത്രമായി രണ്ടരക്കോടി രൂപയെങ്കിലും ചെലവിടുന്നതായി ഈ രംഗത്തെ വിദഗ്ധർ പറയുന്നു. മൂന്നു മുതൽ ആറു ദിവസം വരെ നീളുന്ന ചടങ്ങുകളും പങ്കെടുക്കുന്ന അടുത്ത ബന്ധുക്കളുൾപ്പെടെയുള്ളവരുടെ വസ്ത്രങ്ങളും കൂടി ചേരുമ്പോൾ ഈ തുക അതിശയോക്തിയല്ല. വധുവിനായുള്ള റിച്ച് ലുക്കിങ്, ഹെവി എംബ്രോയ്ഡേർഡ് ലെഹംഗ അല്ലെങ്കിൽ സാരിക്ക് 75 ലക്ഷം രൂപവരെ ചെലവിടുന്നവരുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യൻ ഡിസൈനർമാർ വിവാഹവസ്ത്രങ്ങൾക്കു വേണ്ടി അധ്വാനത്തിന്റെ ഏറിയ പങ്കും ചെലവിടുന്നതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല.

ത്രിമൂർത്തികൾ

സാരി, ലെഹംഗ, അനാർക്കലി എന്നീ മൂന്നു വസ്ത്രങ്ങൾക്കാണ് ഇന്ത്യൻ ബ്രൈഡൽ വസ്ത്രവിപണിയിൽ പ്രിയമേറെയുള്ളത്. ഇതിൽ തന്നെ വ്യത്യസ്ത നൽകാനും സ്വന്തം കയ്യൊപ്പു പതിപ്പിക്കാനുമാണ് ഡിസൈനർമാരുടെ കഠിനപ്രയത്നം. ബോളിവുഡ്– ബ്രൈഡൽ ഫാഷൻ രംഗത്തെ മുടിചൂടാമന്നനായ സബ്യസാചി 100 കോടി രൂപ കവിഞ്ഞ തന്റെ വസ്ത്രവ്യാപാരത്തിന്റെ പ്രധാനപങ്ക് ബ്രൈഡൽവെയർ ആണെന്നു ശരിവയ്ക്കുന്നു. ഒരു ഇന്ത്യൻ ‍ഡിസൈനർക്ക് സ്വന്തം നിലയും വിലയും ഒപ്പം ബിസിനസും വർധിപ്പിക്കാനുള്ള വഴി ബ്രൈഡൽ വസ്ത്രരംഗം തന്നെയെന്നും അദ്ദേഹം പറയുന്നു. സാമ്പത്തിക മാന്ദ്യം ബാധിക്കാത്ത ഏക വിപണിയാണ് ബ്രൈഡൽവെയർ എന്നാണ് ഡിസൈനർ തരുൺ തഹിലിയാനിയുടെ പക്ഷം.

വെഡിങ് റൺവേ ഫാഷൻ

ഇന്ത്യയിലെ ഫാഷൻ വീക്കുകൾ രാജ്യാന്തര ഫാഷൻരംഗത്തുനിന്നും തികച്ചും വ്യത്യസ്തമാകുന്നതും ബ്രൈഡൽവെയറിനു നൽകുന്ന പ്രാധാന്യം കൊണ്ടുതന്നെ. ഡിസൈനർമാർക്കും ബ്രാൻഡുകൾക്കും ശ്രദ്ധ പിടിച്ചുപറ്റാനുള്ള അവസരമായതിനാൽ വെഡിങ് ഫാഷൻ ഷോയും ഇവിടെ സജീവം. ദ് വോഗ് വെഡ്ഡിങ് ഷോ, ബിഎംഡബ്ലിയു ഇന്ത്യ ബ്രൈഡൽ ഫാഷൻ വീക്ക്, ബ്രൈഡൽ ഏഷ്യ, ജ്വല്ലേഴ്സ് ഇന്ത്യ വീക്ക് തുടങ്ങിയവ അവയിൽ ചിലതു മാത്രം.

ഇന്ത്യൻ ഫാഷൻഷോകളെല്ലാം ബ്രൈഡൽരംഗത്തു ശ്രദ്ധ കേന്ദ്രകരിച്ചതിനാൽ സ്ത്രീകളുടെ വസ്ത്രങ്ങളായിരുന്നു ഡിസൈനർമാർ രംഗത്തെത്തിച്ചിരുന്നത്. റാംപിലെത്തുന്ന പുരുഷ മോഡലുകളെല്ലാം തന്നെ സപ്പോർട്ടിങ് ആക്ടർ വേഷത്തിലായിരുന്നു താനും. അടുത്തിടെയായി ഈ രംഗത്തും മാറ്റംവന്നിട്ടുണ്ട്. ഫാഷൻ രംഗത്തു 25 വർഷം പിന്നിട്ട ഡിസൈനർ മനീഷ് മൽഹോത്ര കഴിഞ്ഞ വർഷമാണ് മെൻസ് വെയർ കലക്ഷൻ ലാക്‌മേ ഫാഷൻവീക്കിൽ അവതരിപ്പിച്ചത്. വിവാഹവിപണിയുടെ ഉണർവോടെ പുരുഷന്മാർക്കായുള്ള എത്‌നിക് ഫാഷൻ വിപണിയും നവോന്മേഷത്തിലാണ്.

രാജ്യാന്തര ബ്രാൻഡുകളും

ലക്ഷുറി ഉത്പന്നങ്ങളോട് ഇന്ത്യക്കാർക്കുള്ള പ്രത്യേക താൽപര്യം ലക്ഷ്യമിട്ട് രാജ്യാന്തര ബ്രാൻഡുകളായ ഗുച്ചി, ഡിഓർ (Dior) തുടങ്ങിയവ ഇന്ത്യൻ വിവാഹചടങ്ങുകൾക്ക് അനുയോജ്യമായ എക്സ്ക്ലൂസിവ് കലക്‌ഷനുകളുമായി രംഗപ്രവേശനം നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ വെഡിങ്/ബ്രൈഡൽ മാർക്കറ്റിന്റെ പങ്കുപറ്റാനായി മത്സരത്തിലാണ് ലോക്കൽ ബുത്തീക്കുകളും പ്രാദേശിക ബ്രാൻഡുകളും മുതൽ വൻകിട ഡിസൈനർമാർക്കും രാജ്യന്തര ലേബലുകളും വരെയുള്ളവർ.