ഒടുക്കം ആണത്തം കാണിച്ചു; ബ്രൂസ് ജെന്നർ ‘പെണ്ണായി’

ബ്രൂസ് ജെന്നർ കെയ്റ്റ്ലിൻ ആയതിനുശേഷം

‘ഇത്രയും നാൾ ഞാൻ എന്നോടുതന്നെയും, ഈ ലോകത്തോടും നുണ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇനി അതില്ല, ഞാൻ സ്വതന്ത്രയായി. ഈ ഫോട്ടോഷൂട്ട് എല്ലാം മാറ്റിമറിയ്ക്കുമെന്നുറപ്പാണ്...’ ഒളിംപ്യൻ ബ്രൂസ് ജെന്നറിന്റെ വാക്കുകൾ അക്ഷരംപ്രതി ഫലിച്ചു. ലോകോത്തര ഫാഷൻ മാഗസിനായ വാനിറ്റി ഫെയറിന്റെ ഇത്തവണത്തെ കവർ പേജിൽ നിറഞ്ഞുനിന്ന ബ്രൂസിന്റെ ഫോട്ടോ മാത്രം മതിയായിരുന്നു അയാളുടെ ജീവിതം മാറ്റിമറിയ്ക്കാൻ. ക്ഷമിക്കണം, ഇനി അയാളല്ല, അവളാണ്. അറുപത്തിയഞ്ചാം വയസ്സിൽ ആണത്തത്തോടെയെടുത്ത ഒരു തീരുമാനം ലോകത്തിനു മുന്നിൽ വിളിച്ചുപറഞ്ഞിരിക്കുകയാണ് ബ്രൂസ് ജെന്നർ. താനൊരു പെണ്ണായി മാറിയെന്ന സത്യം. പറയുക മാത്രമല്ല ഉഗ്രനൊരു വെളുത്ത വൺ പീസ് ഡ്രസിൽ വാനിറ്റി ഫെയറിന്റെ കവർച്ചിത്രമായി ‘അവൾ’ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇനിയെന്നെ ‘കെയ്റ്റ്ലിൻ’ എന്നു വിളിക്കുക എന്ന വാക്കുകളോടെയായിരുന്നു കവർചിത്രം പ്രസിദ്ധീകരിച്ചത്.

ട്വിറ്ററിൽ കെയ്റ്റ്ലിൻ ജെന്നർ എന്ന പേരിൽ അക്കൗണ്ടും തുടങ്ങി നാലു മണിക്കൂറിനകം ലഭിച്ചത് 10 ലക്ഷം ഫോളോവർമാരെ. അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ട്വിറ്റർ റെക്കോർഡാണ് കെയ്റ്റ്ലിൻ തകർത്തത്. ഒബാമയ്ക്ക് അഞ്ചുമണിക്കൂറെടുത്താണ് ഫോളോവർമാർ 10 ലക്ഷമായത്. പെണ്ണായി മാറിയതിലുള്ള സന്തോഷം പങ്കുവച്ച് കെയ്റ്റ്ലിൻ നടത്തിയ ആദ്യട്വീറ്റിനു മറുപടി പറയാൻ ഒബാമയുമുണ്ടായിരുന്നു–ഈ ധൈര്യത്തെ പ്രശംസിക്കാതെ വയ്യ. സ്വവർഗാനുരാഗികളുടെ അവകാശപ്പോരാട്ടങ്ങളിൽ കെയ്റ്റ്ലിന്റെ കഥയ്ക്കും നിർണായകസ്ഥാനമുണ്ടാകുമെന്നായിരുന്നു ഒബാമയുടെ ട്വീറ്റ്. ഹോളിവുഡ്–ഫാഷൻ–സംഗീത മേഖലയിലെ സെലിബ്രിറ്റികളും ബ്രൂസിന്റെ‍ തീരുമാനത്തെ വാനോളം പുകഴ്ത്തി–ഇതൊരു ധീരമായ നടപടിയാണെന്നു മാത്രമല്ല നിങ്ങൾ വളരെ സുന്ദരിയായിരിക്കുന്നുവെന്നും എഴുതി അവരെല്ലാം.

ബ്രൂസിന്റെ 1985 ലെ ചിത്രം. വലത്തേയറ്റത്ത് നിൽക്കുന്നതാണ് ബ്രൂസ് ജെന്നർ

ലേഡി ഗാഗ, നടിമാരായ ഡെമി മൂർ, എമ്മ റോബർട്സ്, കെറി വാഷിങ്ടൺ തുടങ്ങിയവർക്കൊപ്പം മക്കളും ബ്രൂസിന് പരിപൂർണ പിന്തുണയുമായെത്തിയിരുന്നു. പെണ്ണായി മനസ്സുകൊണ്ടു മാറിയെങ്കിലും ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായിട്ടില്ല ബ്രൂസ്. എന്നാല്‍ ഇക്കഴിഞ്ഞ മാർച്ചിൽ മുഖം സ്ത്രീകളെപ്പോലെയാക്കുന്നതിനുള്ള ഒരു ശസ്ത്രക്രിയ നടത്തി. 10 മണിക്കൂറെടുത്തത്രേ അതിന്. മാറിടങ്ങൾ ഭംഗി വരുത്താനുള്ള ശസ്ത്രക്രിയയും നടത്തിയിട്ടുണ്ട്. ‘ബ്രൂസിന് എല്ലാ ദിവസവും നുണ പറഞ്ഞുകൊണ്ട് ജീവിക്കണമായിരുന്നു. ദിവസം മുഴുവനും ഒരു രഹസ്യവും പേറിയായിരുന്നു അയാളുടെ ജീവിതം. എന്നാൽ കെയ്റ്റിലിന് യാതൊരു രഹസ്യങ്ങളുമില്ല. അതുകൊണ്ടുതന്നെ ബ്രൂസിനേക്കാളും നല്ലവളായിരിക്കും കെയ്റ്റ്ലിൻ..’ വാനിറ്റി ഫെയർ അഭിമുഖത്തിൽ കെയ്റ്റ്ലിൻ പറയുന്നു.

ജൂലൈ 15ന് ഇഎസ്പിഎന്നിന്റെ ആർഥർ ആഷെ കറേജ് അവാർഡ് ചടങ്ങിൽ കുടുംബാഗങ്ങൾക്കൊപ്പം പങ്കെടുക്കാനിരിക്കുകയാണ് കെയ്റ്റ്ലിൻ. 1976ലെ മോൺട്രിയൽ ഒളിംപിക്സിൽ ഡെക്കാത്‌‌ലണിൽ സ്വർണമെഡൽ ജേതാവായിരുന്നു ബ്രൂസ്. അന്നത് ലോക റെക്കോർഡുമായിരുന്നു. അക്കാലത്ത് പൗരുഷത്വത്തിന്റെ പ്രതീകമായി ‘പ്ലേ ഗേൾ’ മാഗസിന്റെ മുഖച്ചിത്രമായും വന്നിട്ടുണ്ട് അദ്ദേഹം. പല കാര്യങ്ങളിൽ നിന്നും ഓടി രക്ഷപ്പെടേണ്ടി വന്നതിനാലാണ് താനൊരു ഓട്ടക്കാരനായതെന്നാണ് ബ്രൂസ് തന്റെ കായിക ജീവീതത്തെ രസകരമായി വിവരിക്കുന്നത്. മൂന്നു തവണ വിവാഹിതനായ ബ്രൂസിന് ആറ് മക്കളുമുണ്ട്.

ബ്ളാക്ക് ആൻഡ് വൈററിലുള്ള ബ്രൂസിന്റെ 1985 ലെ ചിത്രം. വലത്തേയറ്റത്ത് നിൽക്കുന്നതാണ് കക്ഷി