കാർ ഓടിക്കാൻ മടി; ഓഫിസിൽ പോകാൻ സ്വയം വിമാനം നിർമിച്ചു

Representative image

പതിനാല് മിനിറ്റ് കാർ ഓടിച്ച് ജോലിസ്ഥലത്ത് എത്തുക എന്നാൽ വെറുതെ സമയ നഷ്ടം. അതുകൊണ്ട് സ്വന്തമായി ഒരു വിമാനമങ്ങു നിർമിച്ചു ചെക്ക് റിപ്പബ്ലിക്ക് സ്വദേശി. അതാകുമ്പോൾ വെറും ഏഴു മിനിറ്റ് മതി കമ്പനിയിലെത്താൻ!
ചെക്ക് റിപ്പബ്ലിക്കിലെ ഫ്രാന്റിസിക് ഹഡ്രാവ എന്ന 45കാരനാണു ജോലി സ്ഥലത്തു പോകാൻ സ്വന്തമായി വിമാനം നിർമിച്ചത്. ജോലി കഴിഞ്ഞെത്തുന്ന ഒഴിവു സമയങ്ങളിലായിരുന്നു വിമാനിർമാണം. രണ്ടു വർഷങ്ങൾ കൊണ്ടു പണി പൂർത്തിയായി. അങ്ങനെ ആദ്യ പറക്കലിനു തയ്യാറായി.

അന്ന് രാവിലെ ആറുമണിക്കായിരുന്നു ഹഡ്രാവയ്ക്കു ഡ്യൂട്ടി. ആറു മണി ഡ്യൂട്ടിക്ക് സാധാരണ അഞ്ചേ മുക്കാലിന് ഇറങ്ങണമല്ലോ. പക്ഷേ ഇതു വിമാനമല്ലേ. 5.53ന് ഇറങ്ങിയാൽ മതിയല്ലോ. സുമാവ കുന്നുകൾക്കും ചെറുകാടുകൾക്കും മുകളിലൂടെ പറന്ന് 9 മിനിറ്റുകൊണ്ട് ഫാക്ടറി പരിസരത്ത് എത്തി. രാവിലെ ശബ്ദം കേട്ട് ആളുകളുടെ ഉറക്കം കളയേണ്ട എന്നു കരുതി താൻ വളഞ്ഞ വഴിയിലൂടെ വന്നതുകൊണ്ടാണു 9 മിനിറ്റ് എടുത്തതെന്നാണു ഹഡ്രാവയുടെ വാദം. അല്ലെങ്കിൽ ഏഴു മിനിറ്റ് കൊണ്ട് എത്തുമായിരുന്നു. ഫാക്ടറിക്കടുത്തുള്ള പുൽമേട്ടിലായിരുന്നു ലാൻഡിങ്.

ഓപ്പൺ കോക്ക്പിറ്റ്, 3 സിലിണ്ടർ എൻജിൻ എന്നിവയുള്ള ചെറുവിമാനം മണിക്കൂറിൽ 146 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കും. 4200 ഡോളറാണു നിർമാണ ചെലവ്. രണ്ടാം ലോകമഹായുദ്ധ കാലത്തെ ജർമൻ യുദ്ധവിമാന മാതൃകയിൽ നേരത്തെ ഹഡ്രാവ ഒരു വിമാനം നിർമിച്ചിട്ടുണ്ട്. ഫ്രഞ്ച് മാതൃകയിൽ വിമാനം നിർമിക്കുകയാണ് അടുത്ത ലക്ഷ്യം.