ജോലിയും രണ്ടേക്കര്‍ ഭൂമിയും സൗജന്യം, പോകുന്നോ?

എങ്ങനെയെങ്കിലും കാശുകാരനാകാന്‍ വേണ്ടി വിദേശത്ത് ഒരു ജോലി തേടി അലയുകയാണോ നിങ്ങള്‍. എന്നാല്‍ പറ്റിയ ഒരു സ്ഥലമുണ്ട്. കാനഡയിലെ ഒരു ദ്വീപാണ് നിങ്ങളെ മാടി വിളിക്കുന്നത്. എന്താ ഓഫറെന്നല്ലേ. ഒരു ജോലിയും രണ്ട് ഏക്കര്‍ സ്ഥലവും. അതും സൗജന്യമായി. 'ന്നാ പിന്നേ പോകാം ലേ'.

സംഭവം പ്രത്യക്ഷപ്പെട്ടത് ഒരു ഫേസ്ബുക് പേജിലാണ്. നോവാ സ്‌കോട്ടിയ പ്രവിശ്യയിലെ കേപ് ബ്രിട്ടണിലെ ഫാര്‍മേഴ്‌സ് മാര്‍ക്കറ്റാണ് ഇത്തരമൊരു പരസ്യം അവുടെ ദി ഫാര്‍മേഴ്‌സ് ഡോട്ടര്‍ കണ്ട്രി മാര്‍ക്കറ്റ് എന്ന ഫേസ്ബുക് പേജില്‍ നല്‍കിയത്. വലിയൊരു സാലറി പാക്കേജൊന്നും തങ്ങള്‍ക്ക് നല്‍കാന്‍ കഴിയില്ലെങ്കിലും ആസ്വദിച്ച് ജീവിക്കാവുന്ന ഒരു സാഹചര്യം നിങ്ങള്‍ക്കൊരുക്കുമെന്നാണ് അവര്‍ പരസ്യത്തില്‍ പറയുന്നത്. സംഭവം അറിഞ്ഞയുടനെ ഫേസ്ബുക്കിലൂടെ തലങ്ങും വിലങ്ങും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആപ്ലിക്കേഷനുകള്‍ ഇവര്‍ക്ക് കുമിഞ്ഞു കൂടുകയാണ്. 

അവരുടെ ദ്വീപിനെ മാറ്റി മറിക്കുകയാണ ലക്ഷ്യം. ഇതിനായി പ്രദേശവാസികളെയെല്ലാം ജോലിക്കെടുത്തു കഴിഞ്ഞു. അതിനു ശേഷമാണ് ഫേസ്ബുക്കില്‍ റിക്രൂട്ട്‌മെന്റ് പരസ്യം നല്‍കിയിരിക്കുന്നത്. നിങ്ങള്‍ക്ക് കിട്ടുന്ന ശമ്പളം കുറവായിരിക്കും, എന്നാല്‍ അഞ്ച് വര്‍ഷം ഫാര്‍മേഴ്‌സ് മാര്‍ക്കറ്റില്‍ ജോലി ചെയ്താല്‍ ഭൂമി സ്വന്തമാക്കാം. 

കാപ് ബ്രിട്ടണിന്റെ ഹൃദയഭൂമിയിലുള്ള വ്യവസ്ഥാപിതമായ ഒു ബിസിനസാണ് ഞങ്ങളുടേത്. വേണ്ടത്ര തൊഴിലുണ്ട്. ഭൂമിയുണ്ട്. സാധ്യതകളുണ്ട്. എന്നാല്‍ ആളില്ല-പരസ്യത്തില്‍ പറയുന്നു.

പ്രകൃതിയോടിണങ്ങി ലളിതമായി ജീവിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കാണ് മുന്‍ഗണനയെന്ന് ഫേസ്ബുക് പോസ്റ്റില്‍ പറയുന്നുണ്ട്. രണ്ടേക്കര്‍ ഭൂമി സ്വന്തമായി കിട്ടുന്നതിനോടൊപ്പം തന്നെ കൃഷി ചെയ്യാന്‍ കൃഷിയിടവും വിഭവങ്ങളും നിങ്ങള്‍ക്ക് കിട്ടും. ജനസംഖ്യ ചുരുങ്ങിക്കൊണ്ടിരിക്കുന്ന പ്രദേശമാണ് കേപ് ബ്രിട്ടണ്‍. വന്‍വ്യാവസായിക വികസനത്തില്‍ താല്‍പ്പര്യമില്ലാത്ത ഇവര്‍ പ്രകൃതിയോടിണങ്ങിയുള്ള ജീവിതത്തിനാണ് പ്രാധാന്യം നല്‍കുന്നത്.