സ്പെയിനിൽ കേരള ഫുട്വെയർ എക്സ്പോ

കേരളത്തിൽ നിന്നുള്ള പോളിയുറത്തീൻ പാദരക്ഷകൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫുട്വെയർ ഇൻഡസ്ട്രീസ് കേരള ചാപ്റ്റർ, കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ എന്നിവ ചേർന്ന് സ്പെയിൻ, ദുബായ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ കേരള ഫുട്വെയർ എക്സ്പോ സംഘടിപ്പിക്കും.

രാജ്യത്തിനകത്തും പുറത്തും കേരളത്തിൽ നിന്നുള്ള പാദരക്ഷകൾക്ക് പ്രിയമേറുന്ന സാഹചര്യത്തിലാണ് പുതിയ വിപണികൾ തേടുന്നതെന്ന് ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ വി.കെ.സി. നൗഷാദ് പറഞ്ഞു. കൗൺസിൽ ഓഫ് ലെതർ എക്സ്പോർട്സ്, കോഴിക്കോട് ഫുട്വെയർ ഡിസൈൻ ആൻഡ് ഡവലപ്മെന്റ് സെന്റർ എന്നിവയുടെ സഹകരണത്തോടെ രാജ്യത്തുൽപാദിപ്പിക്കുന്ന പോളിയുറത്തീൻ പാദരക്ഷകളുടെ 55% കേരളത്തിൽ നിന്നാണ്.

പ്രതിദിനം 10 ലക്ഷം ജോടി ചെരുപ്പുകളാണ് കേരളത്തിലെ വിവിധ കമ്പനികൾ ചേർന്നു നിർമിക്കുന്നത്. ആഗോള വിപണിയുടെ 67 ശതമാനവും കൈകാര്യം ചെയ്യുന്ന ചൈനീസ് ചെരുപ്പുകളെ അപേക്ഷിച്ചുള്ള വിലക്കുറവും ഗുണമേന്മയുമാണ് കേരളത്തിൽ നിന്നുള്ള ചെരുപ്പുകളുടെ പ്രിയമേറ്റുന്നതെന്ന് അവർ പറഞ്ഞു. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്ക, ദുബായ് എന്നിവിടങ്ങളിൽ ബിസിനസ് മീറ്റുകൾ സംഘടിപ്പിച്ചിരുന്നു.

ഇന്നും നാളെയുമായി സ്പെയിനിൽ നടക്കുന്ന മേളയിൽ 16 ബ്രാൻഡുകൾ പങ്കെടുക്കുന്നുണ്ട്. 17ന് ദുബായ് ദെയ്റ മുറാഖാബാദ് ട്രേഡ്ഫെയർ ഹോട്ടലിൽ നടക്കുന്ന മേളയിലും 16 ബ്രാൻഡുകൾ പങ്കെടുക്കും. ഹൈദരാബാദിൽ ഏപ്രിൽ നാലു മുതൽ നടക്കുന്ന മേളയിൽ 40 കേരള ബ്രാൻഡുകൾ പങ്കെടുക്കും.

രാജ്യാന്തര നിലവാരത്തിലുളള ഉൽപന്നങ്ങളാണ് കേരളത്തിലെ കമ്പനികൾ നിർമിക്കുന്നതെന്നതിനാൽ വിദേശ വിപണികളിൽ നല്ല ഡിമാൻഡ് ഉണ്ടാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും അവർ പറഞ്ഞു.