ചൈനീസ് സുന്ദരിമാരുടെ തോളിലെന്താണിരിക്കുന്നത്!!

കോളർ ബോൺ ചലഞ്ചിൽ പങ്കെടുക്കുന്ന പെൺകുട്ടികൾ

കൈവളച്ച് പിറകിലേക്കു നീട്ടി മുന്നിലെ പൊക്കിളിൽത്തൊടുന്ന ‘ബെല്ലിബട്ടൻ’ ചലഞ്ച് എന്നൊരു വട്ടുസെൽഫി പരിപാടിയുടെ ചൂടാറിയിട്ടില്ല. ചൈനയിലെ പെൺകുട്ടികൾക്കിടയിൽ അടുത്ത ചാലഞ്ചെത്തിയിരിക്കുകയാണ്. അതും സ്വന്തം ശരീരം എത്രമാത്രം ‘ഫിറ്റ്’ ആണെന്നറിയാൻ. തോളെല്ലിൽ എത്ര നാണയങ്ങൾ കുത്തനെ നിർത്താനാകുമെന്നതാണ് പുതിയ #കോളർബോൺചാലഞ്ച്. എത്രത്തോളം കൂടുതൽ നാണയങ്ങൾ ഇരുവശത്തെയും തോളെല്ലുകളിലെ നീളൻ ചാലിൽ നിർത്താനാകുമോ അത്രത്തോളം മെലിഞ്ഞതും അടിപൊളിയുമായിരിക്കുമത്രേ ഓരോരുത്തരുടെയും ശരീരം.

കോളർ ബോൺ ചലഞ്ചിൽ പങ്കെടുക്കുന്ന പെൺകുട്ടികൾ

മെലിഞ്ഞിരിക്കുക എന്നതാണ് ചൈനയിലെ പുതുതലമുറയുടെ സൗന്ദര്യസങ്കൽപം. അതുകൊണ്ടുതന്നെ താൻ മെലിഞ്ഞതാണെന്നു തെളിയിക്കാൻ സകല പെൺകുട്ടികളും ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിൽ സെൽഫികളങ്ങിനെ പോസ്റ്റിങ്ങോടു പോസ്റ്റിങ്ങാണ്. ഒന്നോ രണ്ടോ നാണയങ്ങൾ മാത്രമേ തോളെല്ലിൽ നിർത്താനാവുന്നുള്ളൂവെങ്കിൽ നിങ്ങളുടേത് തല്ലിപ്പൊളി ശരീരമാണെന്നാണു വയ്പ്. ചൈനയിലെ ഒരു പ്രശസ്ത നടി തന്റെ ഇരുതോളുകളിലുമായി 80 നാണയങ്ങൾ വച്ച് ഒരു സെൽഫി പോസ്റ്റ് ചെയ്യുക കൂടി ചെയ്തതോടെ സകല തരുണീമണികളും ഇളകിമറിഞ്ഞു. ജൂൺ 16നു തുടങ്ങി ഇതുവരെ നാലു കോടിയോളം ഹിറ്റുകളാണ് ഈ ചാലഞ്ചിന്റെ പേരിൽ മാത്രം വെയ്ബോയ്ക്ക് ലഭിച്ചത്.

കോളർ ബോൺ ചലഞ്ചിൽ പങ്കെടുക്കുന്ന പെൺകുട്ടികൾ

ബെല്ലിബട്ടൻ ചാലഞ്ചിലൂടെയും വെയ്ബോയിൽ കോടിക്കണക്കിനു സെൽഫികളാണ് ഷെയർ ചെയ്യപ്പെട്ടത്. 2013ൽ കോളർബോൺ ചാലഞ്ച് വെയ്ബോയിൽ പ്രത്യക്ഷപ്പെട്ടതാണെങ്കിലും അന്നു സംഗതി ക്ലച്ചു പിടിച്ചില്ല. തിരിച്ചുവരവിലാകട്ടെ ഹിറ്റാവുകയും ചെയ്തു. എന്നാൽ ഒരു ശാസ്ത്രീയ അടിത്തറയുമില്ലാതെയാണ് ഇങ്ങനെയൊരു വാദമെന്നതാണു സത്യം. മാത്രവുമല്ല സ്വന്തം ശരീരം മോശമാണെന്നു തോന്നിയാൽ അത് ചെറുപ്പക്കാരെ മാനസികമായും ശാരീരികമായും തളർത്തുമെന്നും വിദഗ്ധര്‍ പറയുന്നു. അല്ലെങ്കിൽത്തന്നെ മെലിയാനായി പട്ടിണി കിടക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ് ചൈനയിൽ. ഇത്തരം ചാലഞ്ചുകൾ കൂടിയാവുന്നതോടെ മിക്കവാറും ചെറുപ്പക്കാരെല്ലാം പട്ടിണി കിടന്ന് ഒരു പരുവമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ പക്ഷം. കോളർബോൺ ചാലഞ്ചിൽ പങ്കെടുക്കുന്നവരില്‍ ഏറെയും സ്ത്രീകളാണെങ്കിലും പുരുഷന്മാർക്കും കുറവൊന്നുമില്ല.

ബെല്ലിബട്ടൺ ചലഞ്ച്

നാണയത്തിനൊപ്പം തോളെല്ലിൽ കോഴിമുട്ട കുത്തനെ ബാലൻസ് ചെയ്തു നിർത്തുന്ന ‘കൊടുംസെൽഫി’യും ചിലർ പോസ്റ്റ് ചെയ്യുന്നുണ്ട്. അത്തരക്കാർ കൂടുതൽ മെലിഞ്ഞവരും സുന്ദരിമാരുമായിരിക്കുമത്രേ! ടൂറിസ്റ്റുകളെ ആകർഷിക്കാനായി കഴിഞ്ഞ ദിവസം യെല്ലോ നദിയിലൂടെ ബോട്ടിൽ സഞ്ചരിച്ച് ഒരു സൗന്ദര്യമത്സരം നടന്നിരുന്നു. തോളെല്ലിൽ കോഴിമുട്ടയുമായിട്ടായിരുന്നു സുന്ദരിമാരുടെ യാത്ര. മുട്ട ബാലൻസ് ചെയ്ത് നിർത്തി വേണം യാത്ര പൂർത്തിയാക്കാൻ. വീഴാതെ സൂക്ഷിക്കുന്നവർ ഏറ്റവും സുന്ദരിമാരായി തിരഞ്ഞെടുക്കപ്പെടും. എന്നാൽ ഈ ചാലഞ്ചിനെതിരെ പ്രതിഷേധ സെൽഫികളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തോളിൽ മൊബൈലും ചോക്കളേറ്റും എന്തിന് മദ്യക്കുപ്പി വരെ ബാലൻസ് ചെയ്തു നിർത്തിയാണ് ഇത്തരം സെൽഫികളുടെ വരവ്.