കോണ്ടം കൊണ്ടൊരു ഫാഷൻ ഷോ

കോണ്ടമെന്നു കേട്ടാൽ അയ്യേ എന്നും പറഞ്ഞ് മുഖം ചുളിക്കുന്നവരിൽ മുൻപന്തിയിലാണ് ഇന്ത്യക്കാർ. പക്ഷേ കോണ്ടം കൊണ്ടൊരു ഫാഷൻ ഷോ തന്നെ നടത്തിയിരിക്കുകയാണ് മുംബൈയിലെ ഒരുകൂട്ടം ഫാഷൻ ഡിസൈനിങ് വിദ്യാർഥികൾ. ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യത്തെ ഫാഷൻഷോയുമായിരുന്നു ഇത്. ഗർഭനിരോധന ഉറകൾ നിർമിക്കുന്ന ഒരു സ്വകാര്യ കമ്പനിയാണ് വിദ്യാർഥികൾക്കായി ഫാഷൻ ഡിസൈനിങ്ങും ഫാഷൻ ഷോയും സംഘടിപ്പിച്ചത്—ഇതിൽ പങ്കെടുക്കാൻ ഒരൊറ്റ നിബന്ധനയേയുള്ളൂ.

വസ്ത്രങ്ങളുടെ നിർമാണത്തിനുപയോഗിക്കുന്ന മെറ്റീരിയലുകളിൽ ഭൂരിപക്ഷവും കോണ്ടം ആയിരിക്കണം. അത് ഡിസൈനിങ്ങിൽ ഏതു വിധത്തിൽ വേണമെങ്കിലും ഉപയോഗപ്പെടുത്തുകയുമാകാം. ഡിസൈൻ സ്കെച്ചുകൾ അയച്ചു തന്ന് അവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവയാണ് റാംപിലെത്തിച്ചത്. മുംബൈയിലെ 11 ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള 36 ടീമുകൾ പങ്കെടുത്തു. മൊത്തം 78 വിദ്യാർഥികൾ.

ഞെട്ടിപ്പിക്കുന്ന ഡിസൈനുകളായിരുന്നു വിദ്യാർഥികൾ ഫാഷൻ ഷോയ്ക്ക് തയാറാക്കിയത്. എന്നിട്ടും പലരും ഫാഷൻ ഷോയ്ക്കെത്താൻ മടിച്ചപ്പോൾ ബോളിവുഡ് താരം മുഗ്ധ ഗോഡ്സെ തന്നെ മോഡലായെത്തി. കോണ്ടം കൊണ്ടു നിർമിച്ച ലെഹങ്ക ചോളിയും ധരിച്ചായിരുന്നു മുഗ്ധ റാംപിലെത്തിയത്. ഷോട് സ്കർട്ട്, ഈവനിങ് ഗൗൺ, ക്രോപ്പ്ഡ് ടോപ് ഇവയെല്ലാം ധരിച്ച് മോഡലുകളെത്തിയപ്പോൾ പലപ്പോഴും വിധികർത്താക്കൾ അന്തംവിട്ടുപോയി. അത്തരത്തിലായിരുന്നു ബഹുവർണകോണ്ടങ്ങൾ വസ്ത്രഡിസൈനുകളായി നിറഞ്ഞത്. എയ്ഡ്സിനെതിരെയുള്ള ബോധവൽകരണത്തിന്റെ ഭാഗമായാണത്രേ സംഘാടകർ ഇത്തരമൊരു ഫാഷൻ ഷോ നടത്തിയത്. മറ്റെല്ലാതുമെന്ന പോലെ കോണ്ടവും ഒരു കൺസ്യൂമർ പ്രോഡക്ടാണെന്ന സന്ദേശം നൽകുകയെന്ന ലക്ഷ്യവുമുണ്ടായിരുന്നു.

ഡിസൈനിങ് മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയത് അന്ധേരി ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിലെ എൽസ നില്ലജായിരുന്നു. ദാദറിലെ രചന സൻസധ് കോളജിലെ സ്നേഹ ഭണ്ഡാരി, നസ്റത്ത് സയീദ് എന്നിവർ രണ്ടാം സ്ഥാനവും പങ്കിട്ടു.