മുതലകൾ ചുറ്റും വാ പിളർന്ന് നിൽക്കും, ധൈര്യമുണ്ടോ ഇവിടെ പോകാൻ?

ധൈര്യം അല്പം കൂടുതലായി ഉണ്ടെങ്കിൽ തായ്‌ലൻഡിലെ ചോൺബുറിയിലെ  ഈ തടാകത്തിലൂടെ ഒന്ന് യാത്ര ചെയ്യുന്നത് നന്നായിരിക്കും. എന്താണ് ഈ തടാകത്തിന്റെ പ്രത്യേകതയെന്നറിയണ്ടേ ? ലോകത്തെ ഏറ്റവും വലിയ മുതല ഫാമുകളിൽ ഒന്നാണിത്. അതായത് തടാകം മുഴുവൻ മുതലകളാണ് എന്ന് ചുരുക്കം. നൂറുകണക്കിന് മുതലകളാണ് ഇവിടെ സ്വച്ഛന്ദം വിഹരിക്കുന്നത്.

ജീവൻ പണയം വച്ച ഈ തടാകത്തിലൂടെ യാത്ര നടത്താൻ ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. പ്ലാസ്റ്റിക് ബാരലിൽ തീർത്ത ഫ്ലോട്ടിങ് കെയ്ജിൽ കയറിയാണ് ഇവിടെയെത്തുന്ന ടൂറിസ്റ്റുകൾ ഈ മുതലകൾക്കിടയിലൂടെ യാത്ര നടത്തുന്നത്. ഏറെ ജനശ്രദ്ധയാർജ്ജിച്ച ഈ വിനോദസഞ്ചാരകേന്ദ്രം സഞ്ചാരികളുടെ അമിതമായ ഇടപെടലിനെ തുടർന്ന് തല്ക്കാലം അടച്ചിട്ടിരിക്കുകയാണ്. കാരണം, സഞ്ചാരികൾ മുതലകൾക്ക് ഭക്ഷണം നൽകാൻ തുടങ്ങി എന്നത് തന്നെ. ഇത് അപകട സാധ്യത വർധിപ്പിച്ചു.

തടാകത്തിൽ സഞ്ചാരികളെ നോക്കി വാ പിളർന്നു നിൽക്കുന്ന മുതലകൾ ഒരേ സമയം കൗതുകവും ഭയവും സൃഷ്ടിക്കുന്നു. 10 അടിയോളം നീളമുള്ള ആൾപ്പിടിയന്മാരായ മുതലകളാണ് ഈ തടാകത്തിലുള്ളത്. ചങ്ങാടത്തിൽ  സഞ്ചരിക്കുന്നവർ നൂലിൽ കെട്ടി ഇറച്ചിക്കഷണങ്ങൾ മുതലകൾക്ക് ഇട്ടു കൊടുക്കുന്നത് പതിവായിരുന്നു. ഇത് സഹ സഞ്ചാരികളുടെ ജീവന് ഭീഷണിയുയർത്തി. അതോടെ മുതലക്കുളത്തിന്റെ കാര്യത്തിൽ തീരുമാനമായി.

ഇവിടെയെത്തുന്ന ടൂറിസ്റ്റുകളിൽ ഭൂരിഭാഗവും  ചൈനക്കാരാണ്. ചിലർ മുതലകളുടെ കാഴ്ച ആസ്വദിക്കുമ്പോൾ മറ്റു ചിലർ  തികഞ്ഞ ഭയത്തോടെയാണ് മുതലകളെ കാണുന്നത്. സംഭവം ഈ മുതലക്കുളം തായ്‌ലൻഡിൽ ആണെങ്കിലും അവിടുത്തെ ജനങ്ങൾക്ക് ഇത്തരം സാഹസങ്ങളിൽ തീരെ താല്പര്യമില്ല. മാത്രമല്ല, ചൈനീസ് ടൂറിസ്റ്റുകൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചങ്ങാടത്തിലേറി മുതലകൾക്കിടയിലൂടെയുള്ള ഈ സഞ്ചാരം ഏർപ്പെടുത്തിയതെന്നാണ് ഈ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ഉടമയായ ഉതെൻ യംഗ്പ്രാപകോൺ പറയുന്നത്.