രഹസ്യബന്ധം മാത്രമല്ല, ഭാര്യയ്ക്ക് വിലയിടീലും!

വിവാഹം കഴിഞ്ഞിട്ടും മറ്റ് അവിഹിത ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ പ്രോൽസാഹിപ്പിച്ചതിനു പുറകെ സ്വന്തം ഭാര്യയ്ക്ക് വിലയിടാൻ വരെ ഒരു വെബ്സൈറ്റ്. കാനഡ ആസ്ഥാനമായുള്ള ആഷ്‌ലി മാഡിസൺ വെബ്സൈറ്റിൽ ഹാക്കർമാർ ഡേറ്റാ ലീക്ക് ചെയ്ത് വാർത്തയിൽ നിറഞ്ഞിരിക്കുമ്പോൾ ഇതാ സൈറ്റിന്റെ മറ്റൊരു വെളിപ്പെടുത്തൽ - ഞങ്ങൾക്കുണ്ട് സൂപ്പർ ആപ്പ്, നിങ്ങളുടെ ഭാര്യയ്ക്ക് ഞങ്ങൾ വിലയിടാം.

സൈറ്റിന്റെ മുതലാളിമാരായ അവിഡ് മീഡിയ ലൈഫിന്റെ തന്നെയാണ് ഈ വിലയിടീൽ ആപ്ളിക്കേഷനും. ആപ്പിന്റെ വാട്സ് യുവർ വൈഫ് വർത്ത് എന്ന പേജിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്താൽ റാങ്കും വിലയും അപ്പോ തന്നെ സ്ക്രീനിൽ തെളിയും. ഡോളറിലാണ് വിലയിടീൽ. സൈറ്റ് ലീക്ക് ചെയ്ത ഹാക്കർമാർ തന്നെയാണ് ഈ ആപ്ളിക്കേഷന്റെയും വെളിപ്പെടുത്തലിന് പിന്നിൽ. എന്നാൽ, ചതിയന്മാരാണെങ്കിലും വിലരിലെണ്ണാവുന്ന ഭർത്താക്കന്മാർ ഒഴിച്ചാൽ, ഒരാൾ പോലും സ്വന്തം ഭാര്യയുടെ ചിത്രം ആപ്പിൽ പോസ്റ്റ് ചെയ്തിട്ടില്ലെന്നതാണ് വസ്തുത. പകരം പോസ്റ്റ് ചെയ്തതാവട്ടെ നടിമാരുടെ ചിത്രങ്ങളും.

ജീവിതം ഒന്നേയുള്ളൂ, എന്നാപ്പിന്നെ അതൊന്ന് ആഘോഷമാക്കിക്കൂടേ...എന്ന മുദ്രാവാക്യവുമായാണ് വെബ്സൈറ്റിന്റെ പ്രവർത്തനം തന്നെ. വിവാഹിതരാണോ, കമ്മിറ്റഡാണോ എന്നതൊന്നും പ്രശ്നമല്ല. ഈ അഡൽറ്റ് വെബ്സൈറ്റിൽ അംഗമായാൽ നിങ്ങൾക്ക് ഇഷ്ടമുള്ള ആൾക്കാരെ തിരഞ്ഞെടുക്കാം. അവരുടെ കൂടെ കറങ്ങാം, ചാറ്റ് ചെയ്യാം, യുക്തം പോലെ എന്തുമാകാം. മറ്റൊരാളു പോലും അറിയുകയുമില്ല. എല്ലാം വെബ്സൈറ്റിലെ നിങ്ങളുടെ അക്കൗണ്ടിൽ ഭദ്രം.

പക്ഷേ അങ്ങനെ സുഖിച്ചുപോകുന്നതിനിടെ ജൂലൈ ഇരുപതോടെയാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തെത്തിയത്. ഇംപാക്ട് ടീം എന്ന ഹാക്കർ സംഘം ആഷ്‌ലി മാഡിസണിലെയും സമാനമായ പ്രവർത്തനങ്ങൾക്ക് കുട പിടിക്കുന്ന എസ്റ്റാബ്ലിഷ്ഡ് മെൻ എന്ന വെബ്സൈറ്റിലെയും വിവരങ്ങൾ ചോർത്തി. സന്തോഷകരമായ ദാമ്പത്യം നയിക്കുന്നവരെ ‘വഴിപിഴപ്പിക്കുന്ന’ ഈ രണ്ട് വെബ്സൈറ്റുകളും പൂട്ടിയില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടാൻ തയാറായിക്കോ എന്നതായിരുന്നു ഹാക്കർമാരുടെ ഭീഷണി. പക്ഷേ വെബ്സൈറ്റ് മുതലാളിമാരായ അവിഡ് ലൈഫ് മീഡിയ നേരെ പോയി ഡേറ്റ മോഷണത്തിന് കേസ് കൊടുക്കുകയാണുണ്ടായത്. സംഭവത്തിൽ എഫ്ബിഐ ഉൾപ്പെടെ അന്വേഷണവും തുടങ്ങി. അതോടെ തങ്ങൾ ചോർത്തിയ സകലവിവരങ്ങളും ഹാക്കർമാർ പുറത്തുവിട്ടു.

വടക്കേ അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലുമായുള്ള അൻപതോളം രാജ്യങ്ങളിൽ നിന്നുള്ള 3.7 കോടി ഉപഭോക്താക്കളുടെ പഴ്സനൽ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹാക്കർമാർക്ക് സഹായകരമാകുന്ന വിധം എൻക്രിപ്റ്റഡ് ബ്രൗസറുകളിലൂടെ മാത്രമേ ഈ വിവരങ്ങൾ ആക്സസ് ചെയ്യാനാകൂ. 10 ജിബിയോളം വരുന്ന ഇ–മെയിൽ, ക്രെഡിറ്റ് കാർഡ് വിവരങ്ങളാണ് പാസ്‌വേഡ് സഹിതം പുറത്തായിരിക്കുന്നത്. ഇതിൽ അധ്യാപകരും സൈനികരും സാധാരണക്കാരും മുതൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ വരെ ഇ–മെയിൽ വിവരങ്ങളുണ്ടത്രേ!