കീമോ ചെയ്യും മുൻപ് അമ്മയ്ക്ക് മകളുടെ ‘നിറമുള്ള’ സ്നേഹസമ്മാനം

ഒരു മകൾ പോസ്റ്റ് ചെയ്ത ഫോട്ടോ ആകെ ചർച്ചാവിഷയമായിരിക്കുകയാണ്. ആർടിസ്റ്റാണ് മകൾ, റെഡിറ്റ് വെബ്സൈറ്റിലെ സ്ഥിരം കോൺട്രിബ്യൂട്ടർമാരിലൊരാൾ. സാറ എന്ന ഈ മുപ്പത്തിമൂന്നുകാരിയാണ് കഴിഞ്ഞ ദിവസം തന്റെ അമ്മയുടെ ‘ഫ്രീക്ക്’ ലുക്കുള്ള മൂന്നു ഫോട്ടോകൾ സൈറ്റിൽ അപ്‌ലോഡ് ചെയ്തത്. കളിച്ചുകളിച്ച് അമ്മയുടെ തലയിലാണോ മകളുടെ ‘കലാപ്രകടനം’ എന്നു ചോദിപ്പിക്കും വിധത്തിലുള്ളതായിരുന്നു ഫോട്ടോ. ആദ്യത്തെ ചിത്രത്തിൽ അമ്മയുടെ നോർമലായ മുഖം. തൊട്ടടുത്ത ചിത്രത്തിൽ തലമുടിയിൽ പിങ്ക് കളറടിച്ച് സ്റ്റൈലിഷായിരിക്കുന്നു. മൂന്നാമത്തെ ഫോട്ടോയാകട്ടെ മുടി മുകളിലേക്ക് കുത്തനെ നിർത്തിയുള്ള മോഹോക്ക് സ്റ്റൈലിലും, എന്തൊക്കെപ്പറഞ്ഞാലും ഹെയർസ്റ്റൈൽ തകർപ്പനായിരുന്നു. പക്ഷേ ആ ലുക്കിന് ആയുസ്സ് വളരെ കുറവേ ഉണ്ടായിരുന്നുള്ളൂവെന്നു മാത്രം.

സാറയുടെ അമ്മയ്ക്ക് സ്തനാർബുദമാണ്. 11 വർഷമായി അതിനുള്ള ചികിൽസ ചെയ്യുന്നു. കഴിഞ്ഞ മാസം ഒരു ട്യൂമർ കൂടി പ്രത്യക്ഷപ്പെട്ടതോടെ വീണ്ടും കീമോതെറാപ്പി ചെയ്യാനൊരുങ്ങുകയാണവർ. മുടിയെല്ലാം കൊഴിഞ്ഞുപോകുമെന്നുറപ്പ്. അതിനു മുന്നോടിയായി മകളോട് അവർ പറഞ്ഞ ആഗ്രഹമാണ് മുടിയിലൊന്ന് കളറടിച്ച് ഫ്രീക്ക് ലുക്കിലൊരു ഫോട്ടോയെടുക്കണമെന്ന്. സ്റ്റൈലിസ്റ്റ് കൂടിയായ സാറ അക്കാര്യം സമ്മതിക്കുകയും ചെയ്തു. നെയിൽ പെയിന്റിങ്ങും ഷൂ പെയിന്റിങ്ങുമാണ് സാറയുടെ ഹോബി. അതിന്റെ ഫോട്ടോകൾ റെഡിറ്റിൽ സ്ഥിരമായി പോസ്റ്റ് ചെയ്യാറുമുണ്ട്. അതുകൊണ്ടുതന്നെ ആരാധകരുമേറെ. ഇത്തരത്തിലൊരു ഫോട്ടോയും ഒപ്പം അമ്മയെപ്പറ്റിയുള്ള കുറിപ്പുമിട്ടതോടെ ആയിരക്കണക്കിനു പേരാണ് സാറയുടെ അമ്മയ്ക്ക് സ്നേഹത്തിന്റെ കമന്റുകളുമായെത്തിയത്.

ഇന്നത്തെ ചെറുപ്പക്കാരിപ്പിള്ളേർ മുടി ചുവപ്പിക്കുന്നതിനെക്കാൾ ഗംഭീരമായിട്ടുണ്ട് സാറയുടെ അമ്മയുടെ ഹെയർസ്റ്റൈലെന്നായിരുന്നു ഒരു കമന്റ്. അർബുദം പോലുള്ള രോഗങ്ങൾക്കു മുന്നിൽ തളരാതെ ഇത്തരം കൊച്ചുകൊച്ചുസന്തോഷങ്ങളിലൂടെ വേണം അതിനെ നേരിടേണ്ടതെന്ന് മറ്റൊരാൾ. കമന്റ് ചെയ്തവരിൽ ഏറെപ്പേരും പറഞ്ഞു–ഈ മനക്കരുത്തു മതി സാറയുടെ അമ്മ ഈസിയായി അർബുദത്തെ ചെറുക്കുമെന്ന്. മാത്രവുമല്ല, അർബുദത്തിന് ആശ്വാസമായതിനു ശേഷം, കീമോയൊക്കെ നിർത്തിക്കഴിഞ്ഞ് വീണ്ടും മുടി വളരുമ്പോൾ ഒരിക്കൽക്കൂടി ഇതുപോലെ ഹെയർസ്റ്റൈലിൽ എത്തണമെന്നും അമ്മയോട് ഒട്ടേറെപ്പേർ ആവശ്യപ്പെട്ടിട്ടുണ്ട്.