സെക്സിനും ഒരു ദിവസമോ?

തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടിയുടെ തിങ്കളാഴ്ച വ്രതം മുടക്കുമെന്ന ഭീഷണി കൂട്ടുകുടുംബം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് മലയാളികളുടെ മനസ്സിൽ പുഞ്ചിരി പടർത്തിയത്. വ്രതം മുടക്കാൻ പറ്റിയ ദിവസം വ്യാഴാഴ്ചയാണെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഓരോന്നിനും ഓരോ ദിവസമുണ്ടല്ലോ സെക്സിനു പറ്റിയ ദിവസം വ്യാഴമാണെന്നാണു ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ് ഉപദേശിക്കുന്നത്.

എക്കണോമിക്സുകാർക്കെന്താ കിടപ്പറയിൽ കാര്യമെന്നൊന്നും ചോദിക്കരുത്. വ്യാഴാഴ്ചയിൽ തന്നെ പ്രഭാതമാണ് ഉത്തമം. സെക്സ് ഹോർമോണുകളെ ഉത്തേജിപ്പിക്കുന്ന കോർട്ടിസോൾ നില ഉയരത്തിലായിരിക്കുമെന്നാണു കാരണം പറയുന്നത്. വ്യാഴത്തിനു മാത്രമാണു പ്രത്യേകതയെന്നു ധരിക്കരുത്. ഓരോ ദിവസവും ഓരോന്നിനു പറഞ്ഞിട്ടുള്ളതാണ്.

ക്യാമറ വാങ്ങാൻ പറ്റിയ ദിവസം തിങ്കളാഴ്ചയാണ്. വിമാന യാത്രയ്ക്കു പറ്റിയ ദിവസം ചൊവ്വാഴ്ചയും. ചൊവ്വാഴ്ച ഭക്ഷണ പ്രിയർക്കും പറ്റിയ ദിവസമാണ്. സൂപ്പർ മാർക്കറ്റുകളിൽ തിരക്കു കുറവുള്ള ദിവസമായ ബുധനാഴ്ചയാണ് ശമ്പളം കൂട്ടിച്ചോദിക്കാനും ഷോപ്പിങ്ങിനും ബെസ്റ്റ്. വീടു വിറ്റ് പുട്ടടിക്കാനും മിന്നുകെട്ടിനും പറ്റിയ ദിവസമാണ് വെള്ളിയാഴ്ച. ഇ ബേ ലേലം അവസാനിപ്പിക്കാൻ പറ്റിയ ദിവസമാണ് ഞായറാഴ്ച. ഞായറാഴ്ച അവസാനിപ്പിക്കുമ്പോൾ നല്ല ഫലം ലഭിക്കുന്നുവെന്നതുതന്നെ കാരണം.