ഡെറ്റോൾ സോപ്പിനും നിലവാരമില്ല

മാഗി ന്യൂഡിൽസ് വിവാദങ്ങൾക്കു പുറമെ ഇതാ മറ്റൊരു ലോകോത്തര ബ്രാൻഡ് കൂടി വിവാദത്തിലേക്ക്. ആന്റി ബാക്റ്റീരിയൽ സോപ്പ് ഡെറ്റോൾ ആണ് ഇത്തവണ പ്രതിക്കൂട്ടിലായിരിക്കുന്നത്. ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിലാണ് റെക്കിട് ബെൻകിസറിന്റെ ഉടമസ്ഥയിലുള്ള സോപ്പ് നിലവാരം കുറഞ്ഞതാണെന്നു തെളിഞ്ഞത്. ഡെറ്റോളിനൊപ്പം മറ്റു പത്തു മരുന്നു കമ്പനികളും ഗുണമേന്മാ പരിശോധനയിൽ പരാജയപ്പെട്ടിട്ടുണ്ട്. ഇവർക്ക് ഉടൻ നോട്ടീസയക്കുമെന്ന് ആഗ്രാ ഡ്രഗ് ഇൻസ്പെക്ടർ ആർ സി യാദവ് വ്യക്തമാക്കി.

കഴിഞ്ഞ നവംബറിലാണ് എഫ്ഡിഎ ആഗ്രയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് ലക്നൗവിൽ ലബോറട്ടറി പരിശോധനയ്ക്ക് ഏൽപ്പിച്ചത്. ഡെറ്റോളിന്റെ കവറിൽ രേഖപ്പെടുത്തിയ തൂക്കം തെറ്റാണെന്നും പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. 125 ഗ്രാം ആണ് ഡെറ്റോൾ അവകാശപ്പെടുന്ന തൂക്കമെങ്കിൽ യഥാർത്ഥത്തിൽ 117.04 മാത്രമേയുള്ളുവെന്നു പരിശോധനയിൽ വ്യക്തമായി. പരിശോധനയിൽ ഗുണനിലവാരം കുറഞ്ഞതായി ബോധ്യപ്പെട്ട ബ്രാൻഡുകളുടെ പട്ടിക ഉടൻ പുറത്തുവിടും.

അതേസമയം വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി ഡെറ്റോൾ അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. കമ്പനി ഒട്ടേറെ പരിശോധനങ്ങൾ നടത്തിയതിൽ ഡെറ്റോൾ സോപ്പ് 100 ശതമാനം അണുവിമുക്തവും സുരക്ഷിതവുമാണെന്നാണ് തെളിഞ്ഞിട്ടുള്ളതെന്ന് അവർ വ്യക്തമാക്കി. പാക്ക് ചെയ്യുന്ന സമയത്തെ യഥാർത്ഥ തൂക്കമാണ് 125 ഗ്രാം. എന്നാൽ റീടെയ് ൽ ഔട്ലെറ്റുകളിലേക്ക് മാറ്റുന്നതിനിടയിൽ എല്ലാ സോപ്പുകൾക്കും ഇൗർപ്പം നഷ്ടപ്പെട്ട് തൂക്കം കുറയാറുണ്ടെന്നും അധികൃതർ പറഞ്ഞു. രാജ്യത്ത് 80 വർഷത്തിലധികം പാരമ്പര്യമുള്ള കമ്പനിയെന്ന നിലയിൽ തങ്ങൾക്ക് ഇവിടുത്തെ ജനങ്ങളുടെ ആരോഗ്യത്തിലും സുരക്ഷയിലും ബാധ്യതയുണ്ടെന്നും കമ്പനിവക്താക്കൾ വ്യക്തമാക്കി.