എട്ടുവയസുകാരന് തിരിച്ചുകിട്ടി നഷ്ടമായ കൈപ്പത്തികൾ

സിയോൺ ഹാർവേ എന്ന എട്ടു വയസുകാരന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു കൈകളിൽ ഫുട്ബോൾ വച്ച് അമ്മാനമാടുകയെന്നത്. എന്നാൽ പാതിവഴിയിലെപ്പോഴോ കുഞ്ഞുകൈപ്പത്തികൾ നഷ്ടമായപ്പോൾ അവൻ തന്റെ മോഹങ്ങളും കുഴിച്ചുമൂടി. ഇപ്പോഴിതാ കൈകളിൽ കൈപ്പത്തികൾ മുളച്ചതുപോലെതന്നെ അവന്റെ സ്വപ്നങ്ങൾക്കും ചിറകുകൾ മുളക്കുകയാണ്. സിയോണിന് അണുബാധ മൂലം കുഞ്ഞിലേ നഷ്ടമായതാണ് കൈപ്പത്തികൾ. കൈകൾ മുറിച്ചു മാറ്റേണ്ടി വന്നപ്പോഴും വിഷാദനായി ഒരു സ്ഥലത്ത് അടങ്ങിക്കൂടാനൊന്നും നിന്നില്ല സിയോൺ.

ഇരുകൈകൾക്കും യാതൊരു കുഴപ്പവുമില്ലാത്തവരേക്കാൾ വേഗത്തിൽ എഴുതാനും വായിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം അവൻ പഠിച്ചു. ഒടുവിൽ യുഎസിലെ ഒരു സംഘം ഡോക്ടർമാർ സിയോണിനു പുതിയ കൈപ്പത്തികൾ വച്ചുപിടിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യവും വിജയകരമായി പൂർത്തിയാക്കി.

ചിൽഡ്രൻസ് ഹോസ്പിറ്റൽ ഓഫ് ഫിലാഡൽഫിയയിലെ ഡോക്ടർമാരാണ് സർജറിക്കു പിന്നിൽ. പത്തുമണിക്കൂറോളം നീണ്ട സർജറിയിൽ ദാതാവിന്റെ കൈകളും കൈപ്പത്തിയും സിയോണിലേക്ക് വച്ചുപിടിപ്പിക്കുകയായിരുന്നു. ഇതോടെ യുഎസിൽ ഇരുകൈകളും വച്ചുപിടിപ്പിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയും ആയിരിക്കുകയാണ് സിയോൺ. നാലു വിഭാഗങ്ങളായി തിരിഞ്ഞ നാൽപ്പതു പേരടങ്ങിയ സർജറി സംഘത്തിൽ രണ്ടു ഡോക്ടർമാർ ദാതാവിന്റെ കൈളിലും രണ്ടു ഡോക്ടർമാർ സ്വീകർത്താവിന്റെ കൈളിലും മാത്രം പൂർണമായി ശ്രദ്ധ കേന്ദ്രീകരിച്ചു. സർജറിയ്ക്കിടയിൽ യാതൊരു പാകപ്പിഴകളും സംഭവിക്കാതിരിക്കാനായിരുന്നു ഇത്. ഇപ്പോൾ കൈകളുടെ സുഗമമായ ചലനത്തിനായി ദിവസവും ഏറെനേരം തെറാപ്പി ചെയ്യുന്നുമുണ്ട് സിയോൺ. ഇനിയും ആഴ്ചകൾ കഴിഞ്ഞാൽ മാത്രമേ സിയോണിന് ആശുപത്രി വിടാനാകൂ. അതേസമയം സർജറിച്ചിലവ് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങളോ ദാതാവ് ആരാണെന്നോ സംബന്ധിച്ച വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തു വിട്ടിട്ടില്ല.