ഭൂകമ്പം കാരണം ഹൈ–ഹീൽസ് നിരോധിച്ച ഒരു സ്കൂൾ

പേരിനൊപ്പം പോലും ഭംഗിയായി ഫാഷൻ എന്ന വാക്ക് ചേർന്നിരിക്കുന്ന ഒരു രാജ്യം. അവിടത്തെ ഒരു സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കോ അധ്യാപകർക്കോ ഇനി വിപണിയിൽ ഒരു പുതിയ ഹൈ–ഹീൽ ചെരിപ്പ് വന്നാൽ അതും ധരിച്ചു കൊണ്ട് ക്ലാസിലേക്ക് വരാനാകില്ല. കാരണം മറ്റൊന്നുമല്ല, ഭൂകമ്പം വന്നാൽ ഓടി രക്ഷപ്പെടാൻ പറ്റില്ല എന്നതു തന്നെ. ഇറ്റലിയിലെ അവിസ്സാനോ നഗരത്തിലെ ടെക്നിക്കൽ ഇൻഡസ്ട്രിയൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് നിയമപരമായിത്തന്നെ ഹൈ ഹീൽ നിരോധിച്ചിരിക്കുന്നത്. ഹൈഹീലിലെ ഇറ്റാലിയൻ ഫാഷൻ ട്രെൻഡ്സ് ഇനി സ്കൂളിന്റെ ഏഴയലത്തു പോലും കൊണ്ടുവരാനാകില്ലെന്നു ചുരുക്കം.

നാലു സെന്റിമീറ്ററും അതിനു മുകളിലേക്കുമുള്ള ഹീൽ ചെരിപ്പുകൾ ധരിച്ച് ഇനി ആരും സ്കൂളിലേക്ക് വരരുത്. പ്ലാറ്റ്ഫോം ഷൂസുകൾക്കുമുണ്ട് വിലക്ക്. സാധാരണ നിലത്തൊട്ടിക്കിടക്കുന്ന ചെരിപ്പുകളും ധരിച്ചു വന്നാൽ മതിയെന്നു പറയുന്നത് തമാശയ്ക്കല്ലെന്നും സ്കൂൾ മേധാവിയുടെ വാക്കുകൾ. കുട്ടികളിൽ സുരക്ഷയുടെ പാഠങ്ങൾ അവരുടെ ജീവിതത്തിലൂടെ തന്നെ പറഞ്ഞുകൊടുക്കാനാണിത്. ഭൂകമ്പം വന്നാൽ ഹൈ–ഹീലിട്ടവർക്ക് പെട്ടെന്ന് ഇറങ്ങിയോടാൻ പറ്റാതെ കെട്ടിടങ്ങളിൽ കുടുങ്ങുന്നതുകൊണ്ടാണ് മരണങ്ങൾ കൂടുന്നതെന്നാണ് മേധാവിയുടെ കണ്ടെത്തൽ. അവിസ്സാനോ ആകട്ടെ ഭൂകമ്പഭീഷണി നിലനിൽക്കുന്ന പ്രദേശവും. അഞ്ച് വർഷം മുൻപ് ഇവിടെയുണ്ടായ ഭൂകമ്പത്തിൽ മുന്നൂറിലേറെപ്പേരാണ് കൊല്ലപ്പെട്ടത്. അറുപതിനായിരത്തിലേറെ പേർക്ക് വീടും നഷ്ടപ്പെട്ടും. പല വീടുകളുടെയും അറ്റകുറ്റപ്പണി ഇപ്പോഴും പൂർത്തിയായിട്ടില്ല. ഈ വർഷം തന്നെ പലപ്പോഴായി ഭൂമികുലുക്കമുണ്ടായി, ആളപായമുണ്ടായില്ലെന്നു മാത്രം. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പ്രത്യേക ഉത്തരവിറക്കിത്തന്നെ ഹൈ–ഹീൽ ചെരിപ്പുകളെ നിരോധിച്ചത്.

എന്നാൽ അധ്യാപകരാരും ഇതുവരെ ഹൈ–ഹീൽ ധരിച്ചു വരുന്നത് തങ്ങൾ കണ്ടിട്ടില്ലെന്നാണ് കുട്ടികൾ പറയുന്നത്. ഹൈ–ഹീൽ ധരിക്കാതെ വന്നാൽ നല്ലതാണെന്ന് ബോധവൽകരണം നടത്തുന്നതിനു പകരം അത് നിയമം മൂലം നിരോധിക്കുന്നത് മണ്ടത്തരമാണെന്ന് അധ്യാപകരുടെയും പക്ഷം. സ്കൂളിൽ ഇതിനെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. അടുത്തിനെ മിനി സ്കർട്ടുകൾക്കും ലെഗിങ്സിനും ലോ വെയിസ്റ്റ് ജീൻസുകൾക്കുമെല്ലാം ഇറ്റലിയിൽ പലയിടത്തും നിരോധനം വന്നിരുന്നു. പഠനത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന കാഴ്ചകൾക്ക് കാരണമാകുന്നുവെന്നു പറഞ്ഞായിരുന്നു ഈ നിരോധനം. പ്രതിഷേധം കാരണം പല സ്കൂളുകളിലും ഇത്തരം നിരോധനങ്ങൾ പിൻവലിക്കുകയും ചെയ്തു. പക്ഷേ ഹൈ–ഹീൽ നിരോധനത്തിന് മാറ്റമുണ്ടാകില്ലെന്നാണ് സ്കൂളിന്റെ ന്യായം. അതിന് ഫാഷനുമായി ബന്ധമില്ലെന്നും മനുഷ്യജീവനാണ് പ്രാധാന്യമെന്നും ഇവർ പറയുന്നു. ഒപ്പം ഒരു കണക്കും– ഒരു ഭൂകമ്പവുമില്ലാതിരുന്നിട്ടും അമേരിക്കയിൽ മാത്രം 2012ൽ 14000 പേർക്ക് ഹൈ–ഹീലുമായി ബന്ധപ്പെട്ട അപകടങ്ങളിൽ പരുക്കേറ്റിട്ടുണ്ടത്രേ!