Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉടൻ അമ്മയാകാൻ താൽപര്യമുള്ള പെൺകുട്ടികളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു; വൈറലായി പരസ്യം  

Matrimonial Add മകനു വേണ്ടി ഒരു അച്ഛൻ നൽകിയ വിവാഹ പരസ്യം

പലവിധത്തിലുള്ള വിവാഹപരസ്യങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ ഇതൽപം കടന്നു പോയില്ലേ എന്നൊരു സംശയം. അമേരിക്കയിലെ ലോസ് ആഞ്ചല്‍സിൽ നിന്നും മകനു വേണ്ടി ഒരച്ഛനാണ് വ്യത്യസ്തമായ ഈ വിവാഹ പരസ്യം നൽകിയത്. ആര്‍തര്‍ ബ്രൂക്‌സെന്ന 78കാരനാണ് 48 വയസ്സുള്ള മകന്‍ ബരോണ്‍ ബ്രൂക്കിന് ഒരു വധുവിനെ വേണം, വിവാഹാലോചനയ്ക്കായി അപേക്ഷിക്കുന്നവര്‍ പരസ്യത്തില്‍ പറയുന്ന വ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം എന്നു പറഞ്ഞു പരസ്യം നൽകിയത്.

വിവാഹശേഷം എത്രയും വേഗം അമ്മയാകാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികള്‍ക്കാണ് മുന്‍ഗണന. അതു പരസ്യത്തിൽ ആദ്യം തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മകന്റെ ബിസിനസ്സുകള്‍ സാള്‍ട്ട് ലേക് സിറ്റി കേന്ദ്രീകരിച്ചുള്ളതിനാൽ സ്വന്തം സ്ഥലം വിട്ട് അങ്ങോട്ടു മാറാന്‍ സന്നദ്ധരാകണം പ്രതിശ്രുത വധുക്കൾ. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സ്ഥിതികൾ അറിഞ്ഞിരിക്കണം. ഇതൊന്നുമല്ല വിവാഹപരസ്യത്തിലെ ഏറ്റവും രസകരമായ കാര്യം ബരാക് ഒബാമയ്ക്കു വോട്ടു ചെയ്തവര്‍ ഒരു കാരണവശാലും തന്റെ മകനെ വിവാഹം ചെയ്യാനായി അപേക്ഷിക്കേണ്ടതില്ല. മാത്രമല്ല, വരുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റന് വോട്ടു ചെയ്യാന്‍ ആഗ്രഹക്കുന്നവരും തന്റെ മരുമകളാക്കാന്‍ വേണ്ടി അപേക്ഷിക്കരുത്.

ഇതുകൊണ്ടും തീർന്നില്ല അങ്കം, മകന്റെ ഭാര്യ ആകാൻ വരുന്നവരെ അച്ഛൻ നേരിട്ട് ഇന്റര്‍വ്യൂ ചെയ്തു കാര്യങ്ങൾ ബോധ്യപ്പെടണം. അല്ലെങ്കിൽ കല്യാണം നടക്കില്ല. പ്രധാന അമേരിക്കന്‍ ദിനപത്രത്തില്‍ 900 ഡോളര്‍( 75,000 രൂപ) ചിലവഴിച്ചാണ് പരസ്യം നല്‍കിയിരിക്കുന്നത്. മകൻ അറിയാതെ അച്ഛൻ നൽകിയ ഈ പരസ്യം വളരെ ചെറിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. കാര്യം പരസ്യം വായിക്കാൻ രസമുണ്ടെങ്കിലും ഇതു വായിച്ച ആരെങ്കിലും മറുപടി അയക്കുമോ എന്നതാണു വിഷയം. മാത്രമല്ല, അച്ഛന്‍ പരസ്യത്തിൽ പറഞ്ഞ  നിബന്ധനകള്‍ കുറച്ച് തരംതാഴ്ന്നു പോയെന്നാണ് മകന്റെ പരാതി. മകന്റെ ഫോട്ടോയും സഹിതമാണ് അച്ഛന്‍ പരസ്യം നൽകിയത്. 

related stories