പെൺകുഞ്ഞാണോ? 5000 രൂപ ഉടൻ!

പെൺകുട്ടികൾക്കു നേരെയുള്ള അവഗണനയും പെൺഭ്രൂണഹത്യകളുമൊക്കെ അവസാനിക്കുന്ന കാലമായിരിക്കുന്നു. പെൺകുട്ടികൾ പിറക്കാൻ ആഗ്രഹിക്കുന്ന അച്ഛനമ്മമാർക്കു വേണ്ടി ദിനംപ്രതി പദ്ധതികൾ പെരുകിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലേക്കിതാ മദ്ധ്യപ്രദേശിലെ തികങ്കർ ഗ്രാമവും കടന്നുവരികയാണ്. പെൺകുഞ്ഞുങ്ങൾ ജനിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അയ്യായിരം രൂപ ഫിക്സഡ് ഡിപ്പോസിറ്റായ് നൽകാനാണ് പഞ്ചായത്ത് പദ്ധതിയിട്ടിരിക്കുന്നത്. ഗ്രാമത്തിൽ നിന്നുതന്നെ പിരിച്ചെടുക്കുന്ന പണമാണ് കൂട്ടായ ഇൗ സംരംഭത്തിനു വേണ്ടി സ്വരൂപിക്കുന്നത്. പഞ്ചായത്ത് കൂട്ടായെടുത്ത തീരുമാനത്തിനു തുടക്കം കുറിക്കുന്നത് വരുന്ന സ്വാതന്ത്രദിനത്തിലെ പരിപാടിയിലായിരിക്കും.

ഗ്രാമത്തിലെ ഏതെങ്കിലും ദമ്പതികൾക്ക് പെൺകുഞ്ഞു പിറക്കുകയാണെങ്കിൽ ഉടൻതന്നെ പണം പിരിച്ചു പെൺകുട്ടിയുടെ പേരിൽ ഫിക്സഡ് ഡിപ്പോസിറ്റ് ആയി ഇടും. പെൺകുട്ടിയ്ക്കു പതിനെട്ടു വയസു പൂർത്തിയാവുന്നതോടെ പണം വിനിയോഗിക്കാവുന്നതാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നു വിഭിന്നമായി പെൺകുട്ടിയുടെ ജനനത്തെ ശുഭസൂചകമായി കരുതുന്നവരാണ് ഗ്രാമവാസികളെന്നും അതാണ് ഇൗ തീരുമാനത്തിനു പിന്നിലെന്നും പഞ്ചായത്ത് സർപഞ്ച് വ്യക്തമാക്കി. നേരത്തെ പെൺകുട്ടികളുടെ ജനനത്തെ പ്രോത്സാഹിപ്പിക്കാനായി ലാഡ്ലി ലക്ഷ്മി യോജന എന്നൊരു പദ്ധതിയിലൂടെയും ശ്രദ്ധേയമായ സംസ്ഥാനമാണ് മധ്യപ്രദേശ്.