Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പർഹിറ്റായി ലോകത്തിലെ ആദ്യ ‘സാരി ഫ്ലാഷ്മൊബ്’

SAREE FLASH MOB

അപ്രതീക്ഷിത നൃത്തോൽസവമായ ഫ്ലാഷ് മൊബുകളിൽ സ്ഥിരം കാണുക ഏറ്റവും പുതിയ ട്രെൻഡിലുള്ള വസ്ത്രങ്ങൾ ധരിച്ച് തുള്ളിച്ചാടുന്നവരെയായിരിക്കും. അതിൽത്തന്നെ ഏറെപ്പേരും ജീൻസ്, ടി–ഷർട്ട്ധാരികളായിരിക്കുമെന്നതും ഉറപ്പ്. ‘സാരിയുടുത്താൽ ഇതുപോലെ ഡാൻസ് കളിക്കാൻ പറ്റുമോ...’ എന്നാണ് ഇക്കാര്യത്തിൽ ഇവരുടെ ന്യായം. ഇക്കാര്യം പക്ഷേ ‘ദേവ്ദിഥി’ നൃത്തസംഘത്തോടു ചോദിച്ചാൽ അവർ സമ്മതിക്കില്ല. സാരിയുടുത്തും നൃത്തം ചെയ്യാൻ അത്ര ബുദ്ധിമുട്ടൊന്നുമില്ല. അക്കാര്യം അവർ തെളിയിക്കുകയും ചെയ്തു. ലോകത്തിലെ ആദ്യത്തെ സാരി ഫ്ലാഷ് മൊബ് എന്ന പേരിൽ അത് പാശ്ചാത്യമാധ്യമങ്ങളിൽ വരെ ഹിറ്റാവുകയും ചെയ്തു. അൻപതോളം വീട്ടമ്മമാരാണ് ഇക്കഴിഞ്ഞ 27ന് ഡൽഹിയിലെ സെലക്ട് സിറ്റി വോക്ക് മാളിൽ നടന്ന ഫ്ലാഷ് മൊബിൽ സാരിയുടുത്ത് നൃത്തമാടിയത്. ബോളിവുഡിലെ ക്വീനിൽ തുടങ്ങി കിടിലൻ ഗാനങ്ങളുടെ അകമ്പടിയോടെയായിരുന്നു ഏഴുമിനിറ്റോളം നീണ്ട ഇവരുടെ പ്രകടനം. കാഴ്ചക്കാരാകട്ടെ കയ്യടിയും വിസിലടിയുമായി നിറഞ്ഞ പ്രോൽസാഹനവും. സ്റ്റെപ്പുകളൊക്കെ പലരുടെയും തെറ്റിയെങ്കിലും സാരിയുടുക്കാൻ സ്ത്രീകളെ പ്രോൽസാഹിപ്പിക്കാൻ നടത്തിയ ഇത്തരമൊരു നീക്കം വൻ അഭിനന്ദനങ്ങളാണ് ഏറ്റുവാങ്ങിയത്.

സ്ത്രീശാക്തീകരണവും ഇന്ത്യയുടെ പരമ്പരാഗത മൂല്യങ്ങളും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കൂട്ടായ്മയാണ് ദേവ്ദിഥി. ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന വനിതകളിലേക്ക് സാരിപ്രോൽസാഹനം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫ്ലാഷ് മൊബ് സംഘടിപ്പിച്ചതും അത് യൂട്യൂബിൽ അപ്‌ലോഡ്ചെയ്തതും. നാലു ദിവസത്തിനകം വിഡിയോ കണ്ടത് രണ്ടരലക്ഷത്തിലേറെപ്പേർ. സമൂഹമാധ്യമങ്ങളിലും സംഗതി ഹിറ്റ്. ജപ്പാനിലെ പരമ്പരാഗത വസ്ത്രമായ കിമോണയുടെ ഗതി സാരിക്ക് വരരുതെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ദേവ്ദിഥി ഭാരവാഹികൾ പറയുന്നു. പുത്തൻ ട്രെൻഡുകൾക്കു പിന്നാലെ പോയതോടെ കിമോണ ഇന്ന് ജപ്പാനിലെ മ്യൂസിയത്തിൽ മാത്രമേ കാണാൻ കിട്ടുകയുള്ളൂ. ഇപ്പോക്കു പോയാൽ ഇന്ത്യയിലും ഈ സ്ഥിതി വന്നേക്കാം. പ്രവർത്തനസ്വാതന്ത്ര്യത്തിലുള്ള ബുദ്ധിമുട്ടാണ് സാരിയെപ്പറ്റി പലരും പറയുന്നത്. പക്ഷേ നൃത്തം ചെയ്യാൻ പോലും സാരി ഒരു പ്രശ്നമല്ലെന്ന് തെളിയിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ദേവ്ദിഥി സഹസ്ഥാപക കൂടിയായ സപ്ന പറയുന്നു. അതിൽ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. ‌

SAREE FLASH MOB

ഫെയ്സ്ബുക്കിൽ രൂപീകരിച്ച ഇന്ത്യ സാരി ചാലഞ്ച് എന്ന കമ്മ്യൂണിറ്റി വഴിയാണ് ഫ്ലാഷ് മൊബിലേക്ക് വനിതകളെ ക്ഷണിച്ചത്. ഒട്ടേറെപ്പേർ കമ്മ്യൂണിറ്റിയിൽ അംഗങ്ങളാണെങ്കിലും തിരഞ്ഞെടുക്കപ്പെട്ടവരാണ് ഫ്ലാഷ്മൊബിൽ പങ്കെടുത്തത്. സാരി സാഗ എന്ന പേരിൽ അടുത്ത മാസം ഒരു ഗ്രാൻഡ് ഇവന്റ് സംഘടിപ്പിക്കാനും ദേവ്ദിഥി കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. സാരിയിലെ ട്രെൻഡുകൾ കാണിക്കുന്ന ഫാഷൻ ഷോയും ഒപ്പം സംഘടിപ്പിക്കും. കൂടാതെ ടാലന്റ് ഷോ, നൃത്തോൽസവം, ക്വിസ്, പ്രദർശനം തുടങ്ങിയവയും. സാരിയുടുക്കുന്നത് നാണക്കേടാണെന്നു പറയുന്ന പുതുതലമുറയ്ക്കു ബോധവൽകരണം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായുള്ള ഓൺലൈൻ ക്യാംപെയ്നും ആരംഭിച്ചു കഴിഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.