എട്ടിന്റെ പണി കൊടുത്തൊരു ഫ്ലക്സ്!

ഒരു ഫ്ലെക്സ് വയ്ക്കാൻ കാരണം നോക്കി നടക്കുന്നവർക്കിടയിൽ വ്യത്യസ്തമായി ഒരു പ്രതിഷേധത്തിന്റെ ഫ്ലെക്സ്. മൂവാറ്റുപുഴയ്ക്കടുത്തു തൃക്കളത്തൂരിലാണ് അപകടത്തിൽപ്പെട്ട യുവാവിനെ സഹായിക്കാത്ത ഓട്ടോക്കാർക്കെതിരെ ഒരുകൂട്ടം യുവാക്കൾ ഫ്ലെക്സ് വച്ചു പ്രതിഷേധിച്ചത്.

കഴിഞ്ഞ 10നു വൈകിട്ട് തൃക്കളത്തൂര്‍ ചിറ നവീകരയണവുമായി ബന്ധപ്പെട്ട്‌ ടൈല്‍ വിരിക്കുന്നതിനിടെ കൂനന്മാവ്‌ മേച്ചേരില്‍ മന്മഥന്റെ മകന്‍ വിഷ്‌ണു(21) ഷോക്കേറ്റ്‌ മരിച്ച സംഭവത്തിലാണു നാട്ടുകാർ ഫ്ലെക്സ് പ്രതിഷേധവുമായെത്തിയത്. യുവാവിന്‌ ഷോക്കേറ്റതോടെ കൂടെ ജോലി ചെയ്ത്‌വർ സമീപത്തെ ഓട്ടോ സ്‌റ്റാന്‍ഡിൽ ഓടിയെത്തി സഹായം അഭ്യർഥിച്ചു. നാല് ഓട്ടോറിക്ഷകൾ സ്റ്റാൻഡിൽ ഉണ്ടായിരുന്നെങ്കിലും ഒന്നു പോലും സഹായിക്കാൻ എത്തിയില്ലെന്നാണു നാട്ടുകാരുടെ പരാതി. തുടർന്ന് അരമണിക്കൂറോളം താമസിച്ച് അതു വഴി വന്ന മറ്റൊരു വണ്ടിയിലാണ് വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പത്തു മിനിറ്റ് മുന്നെയെത്തിക്കാന്‍ സാധിച്ചാൽ എന്തെങ്കിലും ചെയ്യാമായിരുന്നു എന്ന ഡോക്ടർമാരുടെ പരാമർശം കൂടിയെത്തിയതോടെ ഓട്ടോറിക്ഷക്കാർക്കെതിരെയുള്ള രോഷം അണപൊട്ടുകയായിരുന്നു.

നല്ലവരായ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ക്ഷമ ചോദിച്ചാണ് നാല് ഓട്ടോറിക്ഷയുടെ പേരും നമ്പറും സഹിതം ഫ്ലെക്സ് ബോർഡ് വച്ചത്. 100 രൂപയ്ക്കു വേണ്ടി ബവ്റിജസ് ഷോപ്പിൽ ക്യൂ നിന്ന് മദ്യം വാങ്ങി വിതരണം ചെയ്യാൻ മടിയില്ലാത്തവരാണ് ഒരു മനുഷ്യജീവനു നേരെ മുഖം തിരിച്ചതെന്നും ബോർഡിൽ പറയുന്നു. ബോർഡ് ഫെയ്സ്ബുക്കിൽ കൂടി ഷെയർ ചെയ്തതോടെ ധാരാളം പേർ ഷെയർ ചെയ്യുന്നുണ്ട്. ഒരു സാമൂഹിക മാധ്യമ പ്രതിഷേവുമായി കൂടി ഇതു മാറുകയാണ്.