ഫ്ലിപ്പ്കാർട്ടിന്റെ മുതലാളി തിരക്കിലാണ്, നേരിട്ട് സാധനം നിങ്ങളുടെ വീട്ടിലെത്തിക്കാൻ!!

ബിഗ്ബില്യൺ ഡെയ്സിന്റെ ഭാഗമായി ഡെലിവറി ബോയ് ആയ ഫ്ലിപ്കാർട്ട് സിഇഒ സച്ചിൻ ബൻസാൽ

ഫ്ലിപ്പ്കാർട്ടിൽ സാധനം ഓർഡർ ചെയ്തു കാത്തിരിക്കുമ്പോൾ, ഒട്ടും പ്രതീക്ഷിക്കാതെ ഫ്ലിപ്പ്കാർട്ടിന്റെ സിഇഒമാർ നേരിട്ട് നിങ്ങളുടെ വീട്ടിലെത്തി സാധനം ഡെലിവറി ചെയ്താൽ എങ്ങനെയുണ്ടാവും? സ്വപ്നമാണെന്ന് കരുതേണ്ട, വെള്ളിയാഴ്ച ഫ്ലിപ്പ്കാർട്ടിന്റെ സിഇഒ സച്ചിൻ ബൻസാലാണ് തന്റെ എസി ക്യാബിൻ വിട്ട് ബാംഗ്ലൂർ നഗരത്തിൽ ഒരു ഡെലിവറി ബോയി ആവാൻ തീരുമാനിച്ചത്. ഡെലിവറിക്കായി പോകുന്നവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ നേരിട്ടറിയാനും, ഉപഭോക്താക്കളുമായുള്ള  ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനുമായിട്ടാണ് സച്ചിൻ ഇത്തരമൊരു തീരുമാനം എടുത്തത്.

ഡെലിവറിക്കായി പോകുന്നതിനു തൊട്ട് മുൻപ് ഫ്ലിപ്പ്കാർട്ടിന്റെ കോട്ടും മറ്റും ധരിച്ചു ഡെലിവറി കയറി ഇരുന്ന് "Doing deliveries today in Bangalore. Feeling excited." എന്നൊരു ട്വീറ്റും ചെയ്തു. ആദ്യത്തെ ഉപഭോക്താവിന്റെ അടുത്തു സാധനം എത്തിച്ചതിന്റെ സന്തോഷവും സച്ചിൻ ട്വിറ്ററിൽ കുറിച്ചു. രണ്ടാമത്തെ ആളുടെ വീട്ടിലെത്തിയപ്പോൾ സച്ചിൻ അല്പം കാത്തുനില്ക്കേണ്ടി വന്ന്, ഉപഭോക്താവ് കുളി കഴിഞ്ഞു വരുന്നതു വരെ താൻ കാത്തിരിക്കുകയാണെന്ന് അടുത്ത ട്വീറ്റ്! എത്തുന്ന വീടുകളിലെ ഉപഭോക്താക്കളോടൊപ്പം നിന്ന് ചിത്രങ്ങൾ എടുത്ത് പോസ്റ്റ് ചെയ്യാനും അദ്ദേഹം മറന്നില്ല, അതിൽ ചിലത് സെല്ഫികളും ആയിരുന്നു. ഏറ്റവും ഒടുവിൽ ക്ഷമയോടെ തന്നെ അനുഗമിച്ച വിനയ്, നാഗരാജ് എന്നീ സുഹൃത്തുക്കളോടുള്ള നന്ദിയും അദ്ദേഹം സെല്ഫിയുടെ രൂപത്തിൽ പ്രകാശിപ്പിച്ചു. വരുന്ന കുറച്ചു ദിവസങ്ങളിലും സച്ചിൻ ഇത്തരത്തിൽ ഡെലിവറി ബോയിയായി നഗരം കറങ്ങുമെന്നാണ് സൂചന, ആളുകളെ നേരിട്ട് കണ്ടു സംസാരിക്കാനും നന്ദി പറയാനും ഈ അവസരം ഉപയോഗിക്കും. സച്ചിൻ മാത്രമല്ല, ഫ്ലിപ്പ്കാർട്ടിന്റെ മുകൾ തട്ടിലുള്ളവർ വരെ ഇനിയുള്ള 15-20 ദിവസങ്ങൾ ഇത്തരത്തിൽ ഡെലിവറിക്കായി പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ബിഗ്ബില്യൺ ഡെയ്സിന്റെ ഭാഗമായി ഡെലിവറി ബോയ് ആയ ഫ്ലിപ്കാർട്ട് സിഇഒ സച്ചിൻ ബൻസാൽ

2007 ൽ സ്കൂട്ടറിൽ സച്ചിനും ബിന്നിയും സമാനമായ രീതിയിൽ ഡെലിവറി നടത്തിക്കൊണ്ടായിരുന്നു ഫ്ലിപ്പ്കാർട്ടിന്റെ തുടക്കം, അതിനാൽ ഒരു തരത്തിൽ അതിന്റെ ഓർമ്മ പുതുക്കൽ കൂടിയായിരുന്നു ഇത്. ഇപ്പോൾ 15 ബില്ല്യണ്‍ ഡോളർ മൂല്യമുള്ള കമ്പനിയാണ് ഫ്ലിപ്പ്കാർട്ട്. കമ്പനിയുടെ മേൽത്തട്ടിലുള്ള മുകേഷ് ബൻസാൽ, പുനിത് സോണി, അങ്കിത് നഗോരി, കെ വി ആനന്ദ് തുടങ്ങിയവരും വരും ദിവസങ്ങളിൽ നിരത്തിലിറങ്ങും. അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന ബിഗ്‌ ബില്ല്യണ്‍ ഡെയ്സിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു വ്യത്യസ്തമായ പരിപാടി. ഷോപ്പിംഗ്‌ മേളയുടെ ആദ്യ രണ്ടു ദിവസങ്ങളിൽ ഏകദേശം 3 മില്യണ്‍ ഫോണുകളാണ് വിട്ട് പോയത്. ഫ്ലിപ്പ് കാർട്ട് ആപ്പിൾ ഏകദേശം 70 മില്യണ്‍ വിസിറ്റുകൾ രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.