പ്രണയച്ചീട്ട് കീറാതെ ഒരുടുപ്പ്

ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത വസ്തുക്കൾ കൊണ്ട് ഉടുപ്പുതുന്നുന്നൊരു വനിത. ഓറിഗോൺ സർവകലാശാലയിലെ സൈക്കോളജി പ്രഫസറാണ് കക്ഷി—പേര് മാർജറി ടെയ്ലർ. ഇക്കഴിഞ്ഞ ക്രിസ്മസിന് ഇവർ ഉടുപ്പുണ്ടാക്കിയത് ക്രിസ്മസ് ട്രീയുടെ ബാക്കി വന്ന ചില്ലകളും ഇലകളും ഉപയോഗിച്ച്. അങ്ങിനെയിരിക്കെ വാലന്റൈൻസ് ഡേ വന്നു. പ്രണയചിഹ്നങ്ങൾ കൊണ്ടൊരു ഉടുപ്പു തുന്നിയാലോ എന്നായി ആലോചന. അതിനുമാത്രം ഹൃദയചിഹ്നങ്ങൾ എവിടെ നിന്നു കിട്ടും? ആ അന്വേഷണം ചെന്നുനിന്നത് ഒരു പെട്ടി ചീട്ടിലാണ്.

ഒന്നു മുതൽ 10 വരെ എണ്ണത്തിൽ ഇത്രയും മനോഹരമായി അടുക്കും ചിട്ടയുമോടെ ഒതുക്കിവച്ചിരിക്കുന്ന ഹാർട് ചിഹ്നങ്ങൾ വേറെ എവിടെ നിന്നു കിട്ടാനാണ്. ഓൺലൈനായി 160 പെട്ടി ചീട്ടങ്ങു വാങ്ങി. അക്കൂട്ടത്തിൽ നിന്ന് ഹൃദയചിഹ്നങ്ങൾ ഉള്ളവ മാത്രം തിരഞ്ഞെടുത്തു, ഏകദേശം 1500 എണ്ണം. അവയെല്ലാം എടുത്ത് ഒരു സ്കർട്ടിൽ തുന്നിച്ചേർത്തു. പക്ഷേ അത് ഏത് കൊച്ചുപിള്ളേർക്കും ചെയ്യാവുന്ന പണിയാണല്ലോ.

ടെയ്ലർ ഓരോ ചീട്ടിന്റെയും അറ്റം വളച്ചെടുത്ത് കൂർപ്പിച്ചു നിർത്തി. ഓരോന്നും അത്തരത്തിൽ സ്റ്റാപ്പ്ൾ ചെയ്തുവച്ചു. ഒരു ചീട്ടുപോലും കീറാനിടവരുത്തിയില്ല. സ്കർട്ടിന്റെ ഏറ്റവും താഴെ ഒരൊറ്റ ഹൃദയചിഹ്നമുള്ള ചീട്ടുകളുടെ കൂട്ടം. മുകളിലോട്ട് വരുംതോറും ഓരോന്നോയി കൂടിക്കൂടി വന്നു. ഏറ്റവും മുകളിൽ 10 ഹൃദയചിഹ്നങ്ങളുള്ള ചീട്ടുകളും വച്ചു. ഇപ്പോൾ ആ കുപ്പായം കണ്ടാൽ ഹൃദയങ്ങൾ താഴേക്ക് ഓരോന്നോരോന്നായി കൊഴിഞ്ഞിറങ്ങുന്ന പോലെ തോന്നും. അരയ്ക്കു മുകളിലോട്ട് ക്യൂനും കിങ്ങുമെല്ലാം ഉൾപ്പെട്ട ഹാർട്ട് ചിഹ്നങ്ങൾ കൊണ്ടായിരുന്നു ഡിസൈനിങ്. എല്ലാം കഴിഞ്ഞപ്പോൾ സംഗതി ഉഗ്രൻ.

ചീട്ടുകളി ഒരു ഭാഗ്യപരീക്ഷണമാണല്ലോ, അതുകൊണ്ടുതന്നെ ഉടുപ്പിനൊരു പേരുമിട്ടു—ലക്കി ഇൻ ലവ്. കോളജ് പഠിപ്പിക്കലും കഴിഞ്ഞ് തിരിച്ചെത്തി വൈകിട്ട് ടിവി കണ്ടുകൊണ്ടിരിക്കെയായിരുന്നു ഈ ഉടുപ്പിന്റെ നിർമാണമെന്ന് ടെയ്ലർ പറയുന്നു. രണ്ടാഴ്ച തൊണ്ട് പണി തീർത്തു. വാലന്റൈൻസ് ഡേയോടനുബന്ധിച്ച് വെൽവറ്റ് എഡ്ജ് എന്ന സ്വന്തം ഫാഷൻ സ്റ്റോറിനു മുന്നിൽ ഡിസ്പ്ലേയ്ക്കു വച്ചിരിക്കുകയാണ് ഇപ്പോൾ ഈ ചീട്ടുടുപ്പ്.

ആർട് ഷോകളിലും ഫാഷൻ ഷോകളിലുമെല്ലാം സ്ഥിരമായി പങ്കെടുക്കുന്ന കക്ഷിയാണ് ടെയ്ലർ. ന്യൂറോസയൻസിലെ ചിത്രങ്ങൾ ഉപയോഗിച്ച് ‘ബ്രെയിൻ ആർട് എന്നൊരു ഫാബ്രിക് ആർട് രീതി തന്നെ ഇവർ കൊണ്ടുവന്നിട്ടുണ്ട്. അത്തരത്തിലൊരു ഫാബ്രിക് ആർട് ഒരിക്കൽ വിറ്റുപോയത് 1300 ഡോളറിന്. ചീട്ടുടുപ്പ് പക്ഷേ വിൽക്കാൻ ടെയ്ലർ തയാറല്ല. ചിലപ്പോൾ ഏതെങ്കിലും ചാരിറ്റി സംഘടനകൾക്കു നൽകും. കോളജ് കുട്ടികളുടെ ബിരുദദാനച്ചടങ്ങിനോടടുപ്പിച്ച് പുസ്തകങ്ങൾ കൊണ്ടൊരുടുപ്പ് തുന്നുന്നതിന്റെ തയാറെടുപ്പിലാണ് ടെയ്ലറിപ്പോൾ.