ഫെയർനസ് ക്രീമുകൾക്കു സലാം പറഞ്ഞ് ഘാന, ഉശിരൻ തീരുമാനം !!! 

Representative Image

രാവിലെ ടിവി തുറന്നാലോ പത്രമെടുത്താലോ എന്തെങ്കിലും ഷോപ് ചെയ്യാമെന്നു വച്ച് ഓണ്‍ലൈനിൽ തപ്പിയാലോ ഫെയർനസ് ക്രീമുകളുടെ പരസ്യംകൊണ്ടു തട്ടിത്തടയും. സൗന്ദര്യം എന്നാൽ വെളുപ്പാണ്, വെളുത്തവർക്കു മാത്രമേ സൗന്ദര്യമുള്ളു എന്നെല്ലാം ധാരണയുള്ള സമൂഹത്തിലാണു നാമിന്നു ജീവിക്കുന്നത്. വിവാഹം കഴിക്കാനും ജോലി ചെയ്യാനും ആത്മവിശ്വാസമില്ലാതെ നടക്കുന്ന പെൺകുട്ടികൾ ഫെയർനസ് ക്രീം പുരട്ടുന്നതോടെ വെളുത്തു തുടുക്കുകയും അതുവഴി അവരുടെ ജോലിയും മറ്റു പ്രശ്നങ്ങളുമെല്ലാം ശരിയാവും എന്നു വരുത്തിത്തീർക്കുന്നതാണ് ഓരോ പരസ്യങ്ങളും. ഇവയെല്ലാം നല്ലതാണോ അല്ലയോ എന്നൊന്നും നോക്കാന്‍ നിൽക്കാതെ പരസ്യങ്ങളിൽ കാണുന്നതു കണ്ണടച്ചു വിശ്വസിച്ച് ഭൂരിഭാഗം പേരും അവ വാങ്ങിക്കുകയും ചെയ്യും. 

നമ്മുടെ രാജ്യം വെളുപ്പിനും ഫെയർനസ് ക്രീമുകൾക്കും പിന്നാലെയോടുമ്പോൾ അങ്ങു ഘാനയിൽ നിന്നു കിടിലൻ ഒരു തീരുമാനം പുറത്തിറങ്ങിയിരിക്കുകയാണ്. എന്തെന്നാൽ വരുന്ന ഓഗസ്റ്റ് മുതൽ ഘാനയിൽ ഫെയര്‍നസ് ഉൽപന്നങ്ങൾക്ക് നിരോധനം കൽപ്പിച്ചിരിക്കുകയാണ്.  തൊലി വെളുപ്പിക്കുന്ന ക്രീമുകളുടെയും മറ്റു കോസ്മെറ്റ്ക് സാധനങ്ങളിലെയും സ്ഥിരം സാന്നിധ്യമാണ് ഹൈഡ്രോക്വിനോൻ, ഇവയടങ്ങിയ ഉത്പന്നങ്ങൾക്കാണ് വരുന്ന ആഗസ്റ്റ് മുതൽ വിലക്കു പ്രഖ്യാപിച്ചിരിക്കുന്നത്.

ഫെയർനസ് ക്രീമുകളിലെ ഹൈഡ്രോക്വിനോന്‍ കാൻസറിനു കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണിത്. അമേരിക്കയിലും ജപ്പാനിലും യൂറോപ്യന്‍ യൂണിയനിലുമെല്ലാം ഹൈഡ്രോക്വിനോൻ അടങ്ങിയ ഉൽപ്പന്നങ്ങൾക്ക് നേരത്തെ വിലക്കു പ്രഖ്യാപിച്ചിരുന്നു. 2016 ആകുമ്പോഴേയ്ക്കും ഘാനയിലെ വിപണികളിൽ നിന്നും നിറം വെളുപ്പിക്കുന്ന ഉത്പന്നങ്ങൾ പൂർണമായും തുടച്ചുനീക്കാനാണ് അധികൃതരുടെ തീരുമാനം. 

ഘാന, നൈജീരിയ, സെനെഗൽ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലെ 30 ശതമാനം സ്ത്രീകളും ഫെയർ ആന്‍ഡ് ലവ്‌ലി പോലുള്ള സ്കിൻ വൈറ്റനിങ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. എന്തായാലും പുതിയ തീരുമാനത്തോടെ വരുന്ന തലമുറയുടെ ആരോഗ്യം സംരക്ഷിക്കപ്പെടുക മാത്രമല്ല ആത്മവിശ്വാസത്തിന് അടിസ്ഥാനം ഫെയർനസ് ഉല്‍പ്പന്നങ്ങൾ ആണെന്ന ധാരണകൾ കൂടി തെറ്റാണെന്നു തെളിയുകയാണ്. മറ്റു രാജ്യങ്ങൾക്കെല്ലാം ഉത്തമ ഉദാഹരണമായ നടപടിയെടുത്ത ഘാനയെ അഭിനന്ദിക്കാം.