കുറ്റിക്കാട്ടിൽ പ്രേതം !

ടൂവൂംബായിലെ കുറ്റിക്കാടിനു സമീപം തെളിഞ്ഞ രൂപത്തെ ബ്രോക് ഡേവിഡ് പകര്‍ത്തിയപ്പോൾ

വെറുതെ ഒന്നു നടക്കാനിറങ്ങിയതായിരുന്നു അയാൾ. ക്യൂന്‍സ്ലാൻഡിലെ ആത്മഹത്യാമുനമ്പിനു സമീപമെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചയായിരുന്നു. കുറ്റിക്കാ‌ടിനു സമീപം നിൽക്കുന്നു ഒരു പ്രേതം. സംഭവം സത്യമോ മിഥ്യയോ എന്തായാലും ഗോസ്റ്റ് ചേസേഴ്സ് എന്ന ഫേസ്ബുക്ക് പേജിൽ ബ്രോക്ക് ഡേവിഡ് എന്നയാളാണ് ഫോട്ടോ പങ്കുവച്ചത്. താൻ കണ്ടതു പ്രേതത്തെ തന്നെയാണെന്നാണ് ഡേവിഡ് വിശ്വസിക്കുന്നത്. ആത്മഹത്യകൾക്കു പേരുകേട്ട ടൂവൂംബായിലെ വെള്ളക്കെട്ടിനു സമീപത്താണ് രൂപം ദൃശ്യമായത്.

വീണുകിടക്കുന്ന മരച്ചില്ലകൾക്കു സമീപം നിൽക്കുന്ന നിഴലിനു സമാനമായ രൂപമാണ് പ്രേതത്തിന്റേത് എന്ന പേരിൽ ഡേവിഡ് ഫേസ്ബുക്കിൽ പങ്കുവച്ചത്. യാത്ര ആരംഭിച്ചപ്പോൾ മുതൽ തന്നെ ആരോ പിൻതുടരുന്നുണ്ടെന്നും വീക്ഷിക്കുന്നുണ്ടെന്നും തോന്നിയിരുന്നുവെന്ന് ഡേവിഡ് പറഞ്ഞു. പിന്നീട് എടുത്ത ഫോട്ടോകൾ ഒാരോന്നായി നോക്കവേയാണ് കാട്ടിനുള്ളിലെ ഇൗ രൂപം ശ്രദ്ധയിൽപ്പെട്ടത്. വിജനമായ കാട്ടിൽ ചുവപ്പു വസ്ത്രം ധരിച്ചാണ് രൂപത്തെ കണ്ടത്. ഒറ്റപ്പെട്ട വിജനമായ സ്ഥലത്തു കണ്ടത് മനുഷ്യരൂപമല്ലെന്നു ഉറപ്പിച്ചു പറയുന്നുമുണ്ട് ഡേവിഡ്.