ജിഗാ സെൽഫി അവസാനത്തെ സെൽഫിയാകുമോ?

പഴയ കാലത്തേക്കൊന്ന് ഓർമ മറിച്ചേ. സ്മൈൽ... സ്മൈൽ എന്നു ഫൊട്ടൊഗ്രാഫർ നിലവിളിക്കുന്നത് കേട്ടോ... നിലവിളക്കിന് അടുത്ത് കരിവിളക്കു പോലെയുള്ള ഫോട്ടോകൾ... പിറന്നാൾ ദിനത്തിൽ അച്ഛനും അമ്മയ്ക്കുമൊപ്പം കെട്ടിപിടിച്ചുനിൽക്കുന്ന ആ ഫൊട്ടോകാലം. ഇന്നോ? എന്തിനും ഏതിനും ക്ളിക്കാണ്. സെൽഫിയില്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലേക്കാണ് ആളുകളുടെ പോക്ക്. ബ്രിട്ടണിൽ അടുത്തിടെ നടത്തിയ പഠനത്തിൽ അഞ്ചിൽ ഒരാൾ വണ്ടിയോടിക്കുമ്പോൾ സെൽഫിയെടുക്കുന്നതായി കണ്ടെത്തി. തൊട്ടുപിന്നാലെ വന്ന പഠനറിപ്പോർട്ടിൽ കണ്ടെത്തിയത് സെൽഫി എടുത്ത് മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായാണ്. മരണം പോലും ആഘോഷിക്കപ്പെടുന്ന സെൽഫി ഭ്രാന്തിന് മാറ്റേകാൻ ഇതാ ഒരു കിടിലൻ സെൽഫി ജിഗാ സെൽഫി!

പേര് പോലെ തന്നെ ലോകത്തിലെ ഏറ്റവും വലിയ സെൽഫി സർവീസാണ് ജിഗാ സെൽഫി. ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റ ബീച്ചിൽ ഓസ്ട്രേലിയൻ ടൂറിസമാണ് ലോകത്തെ ഏറ്റവും വലിയ സെൽഫി ഒരുക്കിയിരിക്കുന്നത്. വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വിദൂരചിത്രങ്ങൾ പകർത്തി കിടിലൻ വിഡിയോ സ്മാർ‌ട്ട് ഫോൺ ആപ്ളിക്കേഷൻ ഉപയോഗിച്ച് ആർക്കും പകർത്താം. ഇതിൽ നിന്നും ഇഷ്ടമുള്ള രീതിയിൽ സെൽഫി ചിത്രങ്ങൾ തയാറാക്കാം. സെപ്റ്റംബർ അഞ്ച്, ആറ് തീയതികളിൽ ആണ് ഈ വമ്പൻ സെൽഫി സർവീസ് ഒരുക്കിയിരിക്കുന്നത്.

എന്നാൽ, സെൽഫി ഭ്രാന്തിന് കൂച്ചുവിലങ്ങിടാൻ ഒരു കൂട്ടം ആളുകൾ ഇറങ്ങിക്കഴിഞ്ഞു. നോ സെൽഫി എന്ന ഹാഷ്‌ടാഗിൽ സെൽഫിക്കെതിരെയുള്ള പോസ്റ്റുകൾ വ്യാപിക്കുകയാണ്. ധാരാളം ആളുകൾ നോ സെൽഫി ക്യാംപെയ്നിന് പിന്തുണയുമായി എത്തുമ്പോൾ ഒരു സംശയം, ജിഗാ സെൽഫി അവസാനത്തെ സെൽഫിയാകുമോ?