കടലിനു നടുവിൽ ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടൽ

കാശേറെ ചെലവാകും. പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലിലിരുന്ന് കടൽക്കാറ്റേറ്റ് കാഴ്ചകൾ കാണാം...മാലദ്വീപ് ക്ഷണിക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളുള്ള ഈ ടൂറിസ്റ്റ് കേന്ദ്രത്തിലെ ഒരു ഹോട്ടലിനാണ് ഇത്തവണ ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലിനുള്ള പുരസ്കാരം. ട്രാവൽ വെബ്സൈറ്റായ ട്രിപ് അഡ്വൈസറാണ് മാലിദ്വീപിലെ ഗിലി–ലങ്കൻഫുഷി ഹോട്ടലിനെ ഏറ്റവും മികച്ചതായി തിരഞ്ഞെടുത്തത്. ടൂറിസ്റ്റുകൾ വെബ്സൈറ്റിൽ രേഖപ്പെടുത്തുന്ന റിവ്യൂകൾക്കനുസരിച്ചായിരുന്നു തിരഞ്ഞെടുപ്പ്. മികച്ച 20 ഹോട്ടലുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു ഇതുവരെ ഗിലി ലങ്കൻഫുഷിയുടെ സ്ഥാനം.

മാലദ്വീപ് വിമാനത്താവളത്തിനു തൊട്ടടുത്താണ് ഈ കൊച്ചു ദ്വീപസമൂഹം. ‘നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും വീട്ടിൽ വച്ചിട്ടു വേണം ഇങ്ങോട്ടു വരാൻ...’ എന്നാണ് ഹോട്ടലിന്റെ പരസ്യവാചകം. അതുപോലെത്തന്നെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് റിസോർട്ടിൽ ഓരോ ടൂറിസ്റ്റിനെയും കാത്തിരിക്കുന്നത്. ഇവിടേക്കെത്തുന്നതിന് ബോട്ടോ അല്ലെങ്കിൽ പരമ്പരാഗത വള്ളങ്ങളോ വേണം.

നീലാകാശം കണ്ണാടി നോക്കുന്ന ഓളപ്പരപ്പ്, പഞ്ചാരമണൽത്തീരം, നിരനിരയായി തെങ്ങിൻ കൂട്ടങ്ങൾ...അതിനിടെ പലയിടത്തായി കടലിനു നടുവിൽ ജലനിരപ്പിൽ നിന്നുയർന്നു നിൽക്കുന്ന വില്ലകളാണ് ഗിലി ലങ്കൻഫുഷി. ഇത്തരത്തിൽ 45 സ്വകാര്യ വില്ലകളാണ് ഇവിടെയുള്ളത്. ഓരോന്നും നിർമിച്ചിരിക്കുന്നത് വ്യത്യസ്ത രീതികളിൽ. എല്ലായിടത്തും സൂര്യസ്നാനത്തിനും കടൽ കണ്ട് ഭക്ഷണം കഴിക്കാനും വിശാലമായൊരു സ്നാനത്തിനും തിയേറ്റർ അനുഭവത്തോടെ സിനിമ കാണാനും വരെയുള്ള സൗകര്യമുണ്ട്. ഉയരെ നിന്ന് ചുറ്റിലുമുള്ള കാഴ്ചകൾ കാണാനായി റൂഫ് ടെറസും റെഡി. പ്രിയപ്പെട്ടവരുമൊത്ത് സൂര്യോദയവും അസ്തമയവുമെല്ലാം കണ്ടിരിക്കുന്ന അനുഭവം അനിർവചനീയമാണെന്നാണ് ഇവിടം സന്ദർശിച്ചവർ രേഖപ്പെടുത്തിയിരിക്കുന്നത്.

പരിസ്ഥി സൗഹൃദപരമായിട്ടാണ് സൗകര്യങ്ങളെല്ലാം ഒരുക്കിയിരിക്കുന്നത്. കാഴ്ചകൾ മാത്രമല്ല സ്കൂബാ ഡൈവിങ്ങിനും വിൻഡ്സർഫിങ്ങിനും ഡീപ് സീ ഫിഷിങ്ങിനും യോഗയ്ക്കുമെല്ലാം സൗകര്യമുണ്ട്. വേണമെങ്കിൽ ഇവിടത്തെ പ്രധാന വിഭവങ്ങളിലൊന്നായ സുഷിയുടെ പാചകവിദ്യയും പഠിക്കാം. ഇടയ്ക്കൊന്നു റിലാക്സ് ചെയ്യാൻ സ്പായും റെഡി. ശരിക്കും ഭൂമിയിലെ സ്വർഗം എന്നു തന്നെയാണ് ഗിലി ലങ്കൻഫുഷിയെ ടൂറിസ്റ്റുകൾ വിശേഷിപ്പിക്കുന്നത്. ദമ്പതിമാരാണ് ഇവിടത്തെ പ്രധാന സന്ദർശകർ. അതുകൊണ്ടുതന്നെ ഹണിമൂൺ ഹോട്ടലെന്നാണ് വിളിപ്പേര്. പക്ഷേ ഒരു കാര്യം. കൈയ്യിൽ കുറച്ചധികം കാശില്ലാതെ ഇങ്ങോട്ടു വരേണ്ട. ഒരു രാത്രിക്ക് ഹോട്ടലൽച്ചെലവ് 675 പൗണ്ടാണ്. അതായത് ഏകദേശം എഴുപതിനായിരത്തോളം രൂപ!!!