ഗിൽവനീഡയ്ക്ക് ചെരിപ്പണിയണം; പക്ഷേ കാലുകൾ സമ്മതിക്കുന്നില്ല

ബ്രസീലിയൻ പെൺകുട്ടി ഗീൽവനീഡ മാർട്ടീൻസ് ജനിച്ച് ഇൗ നാൾ വരെയും ചെരിപ്പണിഞ്ഞിട്ടില്ല. ചെരിപ്പുകളിടാൻ ഇഷ്ടമാണെങ്കിലും ഗീൽവനീഡയുടെ ഭീമൻ കാൽപാദങ്ങൾ അതിനു സമ്മതിക്കുന്നില്ല. തന്റെ ഭീമൻ കാൽപാദങ്ങൾക്കും പാകമാകുന്ന ചെരിപ്പ് ഇൗ ഭൂമിയിൽത്തന്നെ എവിടയെും കിട്ടില്ലെന്ന് ഗിൽവനീഡയ്ക്കറിയാം. എന്നാലും ലോകമെമ്പാടുമുള്ള ഫാഷൻ ഡിസൈനർമാരോടുള്ള അവളുടെ അഭ്യർത്ഥനയാണ് തന്റെ കാലുകൾക്ക് ചേരുകയും പാകമാവുകയും ചെയ്യുന്ന ഒരു ജോഡി ഹൈ ഹീൽ ചെരിപ്പുകൾ. ജനിച്ചപ്പോൾ മുതൽ തന്നെ അസാധാരണമാം വിധത്തിൽ വളർന്ന കാലുകൾ ദിവസംചെല്ലുംതോറും വീണ്ടും വളരുകയായിരുന്നു. കൊതുകുകൾ വഴി മനുഷ്യശരീരത്തിലേക്കു പാരാസൈറ്റുകൾ കടക്കുന്നതു വഴിയുണ്ടാകുന്ന ലിംഫാറ്റിക് ഫൈലേറിയാസിസ് എന്ന അസുഖമാണ് തനിക്കെന്ന് പിന്നീട് ഡോക്ടർമാർ അറിയിച്ചു. അതോടെ സാധാരണക്കാരെപ്പോലെ നടക്കാനുള്ള പ്രതീക്ഷ നഷ്ടമായെങ്കിലും ഗീൽവനീഡ എന്ന ഇൗ ഇരുപത്തിരണ്ടുകാരി ഇപ്പോഴും പ്രതീക്ഷിച്ചിരിക്കുകയാണ് തന്റെ കാലുകൾക്ക് പാകമാവുന്ന ചെരിപ്പുകൾക്കായി.