സൗന്ദര്യം കൂട്ടാൻ കഴുതപ്പാലും കുതിരയെണ്ണയും...!

എഴുന്നൂറു കഴുതകൾ ചുരത്തിയ പാലിൽ നിത്യവും കുളിച്ചു സൗന്ദര്യം സൂക്ഷിച്ച ക്ലിയോപാട്ര രാജ്ഞി. ലോകചരിത്രത്തിലെ സൗന്ദര്യറാണിയുടെ ചർമം സംരക്ഷിച്ച കഴുതപ്പാൽ പുതിയ കുപ്പിയിലാക്കി വിപണിയിലിറക്കിയിരിക്കുകയാണ് ദക്ഷിണകൊറിയ. ഇവിടെനിന്നുള്ള നെപ്പോളിയൻ പെർഡിസ് ഓട്ടോ പൈലറ്റ് ഹൈഡ്രേറ്റിങ് ക്ലെൻസർ എന്ന പുതിയ ഉൽപന്നത്തിന്റെ ചേരുവ കഴുതപ്പാലാണ്.

എലിസവെക്ക മിൽക്കി പിഗി ഒറിജിൻ മാ ക്രീം എന്ന മറ്റൊരു സൗന്ദര്യവർധിനിയിലുള്ളത് കുതിരയെണ്ണ. കൊറിയൻ സൗന്ദര്യ വിപ്ലവത്തിലെ പുതിയ ട്രെൻഡ് ഇൗ വിചിത്ര ചേരുവകളാണെന്നാണ് കൊറിയൻ ബ്യൂട്ടി വെബ്സൈറ്റായ പീച്ച് ആൻഡ് ലിലിയുടെ സഹസ്ഥാപക അലിസ്യ യൂൺ പറയുന്നത്. പശുവിൻ പാലിലുള്ളതിനേക്കാൾ അഞ്ചിരട്ടി വൈറ്റമിൻ സി കഴുതപ്പാലിലുണ്ട്. വരണ്ട ചർമം മാറ്റിയെടുക്കാനും ഇലാസ്തികത മെച്ചപ്പെടുത്താനും നല്ലത്.

അമേരിക്കൻ സ്ത്രീകളെ സൗന്ദര്യം സംരക്ഷിക്കാൻ പഠിപ്പിച്ചത് തെക്കൻ കൊറിയയാണെന്നാണു വയ്പ്. ചർമസംരക്ഷണത്തിനുള്ള പ്രശസ്തമായ ലേപനങ്ങളും മറ്റും ആദ്യമായി യുഎസിലെത്തിയതു തെക്കൻ കൊറിയയിൽനിന്നായിരുന്നു. സൗന്ദര്യത്തിന്റെ കാര്യത്തിലും പരീക്ഷണങ്ങൾ നടത്തുന്നതിൽ കൊറിയൻ താൽപര്യം ഒന്നു വേറെ.

ഒച്ചു ക്രീം

ചർമസൗന്ദര്യം വർധിപ്പിക്കാൻ ഒച്ചിന്റെ ദേഹത്തുള്ള പശിമയുള്ള പദാർഥം ചേർത്തു ലേപനമുണ്ടാക്കി തെക്കൻ കൊറിയക്കാർ നേരത്തെ തന്നെ പ്രശസ്തരാണ്. മിഷ എന്ന ബ്രാൻഡ് 2010ൽ വിപണിയിലെത്തിച്ച സൂപ്പർ അക്വ സെൽ റിന്യൂ സ്നെയ്ൽ ക്രീമിൽ 70 ശതമാനവും ഒച്ചിന്റെ പശ. മുഖക്കുരുവും പാടുകളും ചുളിവുകളും മാറ്റി ചർമം സുന്ദരമാക്കുമെന്ന് അവകാശവാദം. ഹോളിവുഡ് സുന്ദരി കാത്തി ഹോംസിന്റെ തിളങ്ങുന്ന ചർമത്തിനു പിന്നിൽ ഇത്തരം ലേപനമാണെന്നാണു സംസാരം.