ഫ്‌ളവർ ഗേൾസ് ആയി വരന്റെയും വധുവിന്റെയും  അമ്മൂമ്മമാർ !

ഫ്ലവർ ഗേൾസ് ആയി ദ്രൂക്കും ജോയ്സും

ആരുപറഞ്ഞു വിവാഹങ്ങൾക്കു ഫ്‌ളവർ ഗേൾസ് ആയി നിൽക്കാൻ  ചെറിയകുട്ടികൾക്കു മാത്രമേ കഴിയൂ എന്ന്. കാലങ്ങളായി കൊച്ചു കുട്ടികൾ മാത്രം കയ്യടക്കി വച്ചിരുന്ന ഫ്‌ളവർ ഗേൾസിന്റെ സ്ഥാനം കയ്യടക്കിയിരിക്കുകയാണ് രണ്ടു ബ്രിട്ടീഷ് മുത്തശ്ശിമാർ. ഒരേപോലെ ഗൗൺ ധരിച്ച കയ്യിൽ ബൊക്കയുമായി ഇവർ എത്തിയത് കൊച്ചു മക്കളുടെ വിവാഹത്തിനായിരുന്നു. 

വധുവായ മാഗിയുടെയും വരനായ ജോഷ് വേക്ക്ഫീൽഡിന്റെയും ആഗ്രഹപ്രകാരമാണ് ഇരുവരുടെയും മുത്തശ്ശിമാർ കല്യാണത്തിന് ഫ്‌ളവർ ഗേൾസ് ആയത്. ഇരുവരുടെയും ആഗ്രഹം കേട്ടപ്പോൾ മാഗിയുടെ മുത്തശ്ശിയായ ദ്രൂക്കും ജോഷിന്റെ മുത്തശ്ശിയായ ജോയ്സിനും എതിരഭിപ്രായം ഉണ്ടായില്ല. തന്റെ അപ്പൂപ്പന്റെ കൈ പിടിച്ചാണ് വധുവായ മാഗി വിവാഹത്തിനെത്തിയത്. 3 വർങ്ങള്ക്കു മുൻപ് കാൻസർ ബാധിച്ചു മാഗിയുടെ അച്ഛൻ മരിച്ചിരുന്നു. 

വധു മാഗിയും വരൻ ജോഷും

ചാര നിറമുള്ള ഗൗൺ ധരിച്ച് കയ്യിൽ വെളുത്ത പൂക്കളുമായി നിന്ന ഫ്‌ളവർ ഗ്രാൻമാസ് ഏറെ ശ്രദ്ധിക്കപ്പെട്ടു. വാർധക്യത്തിലും ഇത്രയും സൗന്ദര്യമോ എന്നു കാണികൾ പോലും അത്ഭുതപ്പെട്ടു. സൗന്ദര്യത്തേക്കാൾ ശ്രദ്ധേയമായത് കൊച്ചുമക്കളുടെ ആഗ്രഹം സാധിക്കുന്നതിനായി ഇരുവരും കാണിച്ച മനസാണ്. അച്ഛന്റെ അസാന്നിധ്യത്തിൽ അച്ഛന്റെ ഫോട്ടോ വച്ച ബൊക്കെ പിടിച്ചതാണ് മാഗി വിവാഹപ്പന്തലിൽ എത്തിയത്. 

തങ്ങളുടെ വിവാഹത്തിൽ മുത്തശ്ശിമാർ ഏറെ നിർണായകമായ പങ്കു വഹിച്ചതിൽ ഏറെ സന്തോഷിക്കുന്നു എന്ന് ഇരുവരും പറഞ്ഞു. എന്നാൽ ഫ്‌ളവർ ഗേൾസ് ആകാൻ കഴിഞ്ഞതിൽ തങ്ങാളാണ് ഭാഗ്യം ചെയ്തത് എന്നാണു മുത്തശ്ശിമാരുടെ വാദം. വിവാഹത്തെ തുടർന്ന് മുത്തശ്ശൻ റൊണാൾഡും മുത്തശ്ശി ജോയ്സും നൃത്തം ചെയ്തതും ഏറെ ശ്രദ്ധിക്കപ്പെട്ടു.