തലമുടിക്കായി ഫ്രഞ്ച് പ്രസിഡന്റ് മാസം ചെലവിടുന്നത് 10,000 യൂറോ

ചേനത്തല പുറത്തുവന്നു തുടങ്ങിയെങ്കിലും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദിന് ആർഭാടം ഒട്ടും കുറഞ്ഞു കൂടാ. തലമുടിക്കായി മാത്രം പ്രസിഡന്റ് മാസം ചെലവിടുന്നത് 10,000 യൂറോയാണ്. ഹെയർഡ്രസറുടെ ശമ്പളം പുറത്തായപ്പോൾ ഫ്രാൻസിൽ വൻ വിവാദമാണ് പൊട്ടിയത്. പ്രസിഡന്റിന്റെ തന്നെ ശമ്പളവുമായി വലിയ വ്യത്യാസമില്ലാത്ത ഹെയർഡ്രസർ വെട്ടിനിരത്തിയെടുക്കുന്നത്.

തീവ്രവാദ ആക്രമണങ്ങളുംമറ്റുംകൊണ്ട് ബുദ്ധിമുട്ടുന്ന ഫ്രാൻസിൽ സോഷ്യലിസ്റ്റ് പ്രസിഡന്റിന്റെ ധാരാളിത്തം ജനം ശരിക്കും വെറുപ്പിച്ചു. ജനപ്രീതി ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഒലോൻദിനെതിരായ അപ്രീതി വർധിക്കാനും തലയിലെ പണികൾ കാരണമായി.

ഒലിവർ ബി എന്ന കരാറുകാരൻ ഹെയർ ഡ്രസറാണ് താരം. അഞ്ചു വർഷത്തെ കരാറു പ്രകാരം ഏകദേശം ആറു ലക്ഷം യൂറോയാണ് ഖജനാവിൽനിന്നു ഒലിവറിന്റെ പോക്കറ്റിലേക്കൊഴുകുന്നത്. ഇതൊന്നും പോരാത്തതിന് യാത്രകളിലെല്ലാം ഒലോൻദിനെ അനുഗമിക്കുകയും ചെയ്യും ഒലിവർ. നിത്യവും രാവിലെ പ്രസിഡന്റിന്റെ മുടി വെട്ടിയൊതുക്കും. പിന്നെ പൊതുപരിപാടികൾക്കു മുൻപും മുടിയിൽ കൈവയ്ക്കും. ഇതൊക്കെയാണ് വൻതുക ശമ്പളം വാങ്ങുന്ന ഹെയർ ഡ്രസറുടെ ഭാരിച്ച ഉത്തരവാദിത്തം.

ഒലോൻദിന്റെ ഫോട്ടോയിൽ വിവിധ തരം മുടികൾ പിടിപ്പിച്ചു വച്ച് ട്വിറ്ററിലൂടെ ജനം അരിശം തീർത്തു. മുടി കൊഴിയാതിരിക്കാനുള്ള സൂത്രപ്പണികളും ചിലർ പ്രസിഡന്റിനെ ഉപദേശിക്കുന്നുണ്ട്. കൊയിഫർ ഗേറ്റ് എന്ന ടാഗ് ലൈനിലാണ് പ്രസിഡന്റിനു പണികൊടുത്തുകൊണ്ടിരിക്കുന്നത്. സ്വന്തം സലൂൺ പോലും ഉപേക്ഷിച്ച് മുഴുവൻ സമയവും പ്രസിഡന്റിനെ സേവിക്കുന്നതിനുള്ള പ്രതിഫലമാണ് ഒലിവറിനു ലഭിക്കുന്നതെന്നാണു സർക്കാർ വക്താവ് വിശദീകരിച്ചത്. ശമ്പളം കൂടാതെ ഹൗസിങ് അലവൻസുകളും കുടുംബത്തിനുള്ള സൗജന്യങ്ങളും ഒലിവർ സർക്കാർ ചെലവിൽ നേടിയെടുക്കുന്നുണ്ട്.