നവരസങ്ങളുടെ ദാവണിപ്പൂക്കാലം

നവരാത്രിദീപങ്ങൾ തെളിക്കാൻ മാത്രമല്ല യുവതികൾക്ക് ദാവണിക്കൂട്ട്. ദാവണി ഇപ്പോൾ ബ്രൈഡൽ വെയറും വെഡിങ് ഈവ് ഡ്രസുമാണ്. ലാച്ചയായും ലഹംഗയായും എന്തിന് ചട്ടയും മുണ്ടും കവണിയുമായി വരെ പ്രച്ഛന്നയാകാൻ കഴിവുളള ദാവണിക്ക് പാർട്ടികളിൽ പുഷ്പകാലമാണ്. പതിനഞ്ചുകാരിക്കും മുപ്പത്തഞ്ചുകാരിക്കും ഒരു പോലെ ധരിക്കാന്‍ കഴിയുന്ന രീതിയിൽ ദാവണിയെ മാറ്റി മറിച്ചെടുക്കാം.

ലിനൻ മെറ്റീരിയലിലെ ദാവണിയാണ് ഏറ്റവും പുതിയ കണ്ടുപിടിത്തം. ക്രിസ്ത്യൻ വധുക്കളാണ് ഇതു കൂടുതലും അണിയുന്നത്. വിവാഹത്തിനും വിവാഹത്തലേന്നുമൊക്കെ ചട്ടയും മുണ്ടും അണിഞ്ഞ് പാരമ്പര്യത്തിലേക്ക് തിരിച്ചു പോകുന്നത് പതിവാക്കിയ കാലത്ത് ഓഫ് വൈറ്റ് ലിനന്‍ ദാവണി ചട്ടയ്ക്കും മുണ്ടിനും മികച്ച ബദലൊരുക്കും. പരമ്പരാഗത ചട്ടയും മുണ്ടും ധരിച്ച് ശീലമില്ലാത്തവർക്ക് പിറകിൽ ഡിറ്റാച്ചബിൾ ഞൊറി വച്ചു പിടിപ്പിച്ച, കവണിക്ക് പകരം പല പ്ലീറ്റുക ളായി മടക്കിവയ്ക്കാവുന്ന ദുപ്പട്ടയുളള ദാവണി സെറ്റ് അനുഗ്രഹമാണ്. ഞൊറി മാറ്റി വച്ചാൽ പാർട്ടികൾക്ക് ദാവണിയായിത്ത ന്നെ ധരിക്കാം.

ദാവണി സെറ്റിന്റെ ബ്ലൗസ് സാധാരണ ബ്ലൗസ് പോലെയും ഫുൾ സ്കര്‍ട്ടിന്റെ ബ്ലൗസ് പോലെ ഇറക്കിയും ബാക്ക് ഓപ്പൺ ആയും ഡിസൈൻ ചെയ്യാമെന്നതിനാൽ സൗകര്യാർഥം ഇത് സാരി ചോളി രീതിയിലോ, ലഹംഗ രീതിയിലോ ചട്ട പോലെയോ ധരിക്കാം.

ദാവണിയുടെ ദുപ്പട്ടയിലുമുണ്ട് പല മാജിക്കുകളും. സാരി ധരിക്കുമ്പോലെ എളിയിൽ കുത്തി പിന്നോട്ടുടുക്കുന്ന ദാവണി രീതിയിലും മാറി മാറി ധരിക്കാവുന്ന രീതിയിൽ മെറ്റീരിയൽ വ്യത്യസ്തമാണ്. നെറ്റ്, ജോർജെറ്റ് മെറ്റീരിയലുകളൊക്കെ പരമ്പരാഗത ദാവണിക്കാണ് ഉപയോഗിക്കുന്നതെങ്കിൽ ഹക്കോബ, ലിനൻ എന്നിവ കവണി രീതിയിൽ ധരിക്കാനും, ടിസർ ടിഷ്യൂ, ഷിമ്മർ എന്നിവ ലഹംഗ രീതിയിൽ ധരിക്കാനുമാണ് ഉപയോഗിക്കുന്നത്. മൾട്ടി ബോഡറുകള്‍ വച്ച ദുപ്പട്ടകളാണ് പുതിയ ട്രെൻഡ്.

ദാവണിയുടെ പാവാടഭാഗത്ത് വിപ്ലവത്തോട് വിപ്ലവമാണ്. ബെൽബോട്ടം പാന്റ് പോലുളള ഡിവൈസ്ഡ് സ്കർട്ട് മുതൽ അംബ്രല്ല കട്ട് സ്കര്‍ട്ട് വരെ ദാവണിയുടെ പാവാടയിൽ രൂപമെടു ക്കാറുണ്ട്. മുണ്ട് പോലെ പ്ലീറ്റില്ലാതെ ധരിക്കണമെന്നുളളവർക്ക് റാപ് എറൗണ്ട് രീതിയിലെ സ്കർട്ട് ആകും ഉചിതം. വെൽവെറ്റ്, സിൽക്ക്, ലിനൻ, നെറ്റ് മെറ്റീരിയലുകളാണ് പാവാടയ്ക്ക് കൂടുതലും ഉപയോഗിക്കുക. ഹിപ് ഓർണമെന്റ് ധരിക്കുന്നത് മികച്ച ലുക്ക് തരും.