കാട്ടിലൂടെ റോബോട്ടിന്റെ‌ കിടിലൻ ഓട്ടം

കാട്ടിലൂടെ റോബോട്ട് ഓടുകയാണ്. സിനിമയലെ സീൻ ആണെന്നു തെറ്റിദ്ധരിക്കല്ലേ. ഒറിജിനൽ റോബോട്ട് ആണ് അനായാസേന കാട്ടിലൂടെ ഓടി മികവു തെളിയിച്ചത്. ഗൂഗിളിന്റെ നേട്ടങ്ങളിൽ പൊൻതൂവൽ ആയാണ് പുതിയ റോബോട്ടിക് പരീക്ഷണം വിജയകരമായി പൂർത്തിയായത്. മരങ്ങൾക്കിടയിലൂടെ കാട്ടുപാതയിൽ വിജയകരമായി ഒാടുന്ന ഗൂഗിളിന്റെ ഹ്യൂമനോയ്ഡ് റോബോട്ട് ഇതിനകം സമൂഹമാധ്യമങ്ങളിൽ ഹിറ്റ് ആയിട്ടുണ്ട്.

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ബോസ്റ്റൺ ഡൈനാമിക്സ് എന്ന സ്ഥാപനമാണ് അറ്റ്ലാസ് റോബോട്ട് നിർമ്മിച്ചതിനു പിന്നിൽ. നിവർന്നു നിൽക്കാൻ പാടുപെടുന്ന റോബോട്ടിനെയാണ് ആദ്യം വിഡിയോയിൽ കാണുന്നത്. എന്നാൽ നടന്നു തുടങ്ങി മിനുട്ടുകൾക്കകം കാട്ടിലൂടെ അനായാസേന ഓടുകയാണ് റോബോ‌ട്ട്. മനുഷ്യരും മൃഗങ്ങളുടെയും ചലനങ്ങൾ പകർത്തുകയും അതിൽ പുരോഗതികൾ വരുത്തിയുമാണ് ഹ്യൂമനോയ്ഡ് റോബോട്ടുകളെ നിർമ്മിക്കുന്നതെന്ന് ബോസ്റ്റൺ ഡൈനാമിക്സിന്റെ സ്ഥാപകനായ മാർക് റൈബര്‍ട്ട് പറഞ്ഞു. വീഴാതെ ബാലൻസ് ചെയ്ത് എങ്ങനെയാണോ മനുഷ്യരും മൃഗങ്ങളും വേഗത്തിൽ പ്രവൃത്തികൾ ചെയ്യുന്നത് അക്കാര്യത്തിലാണ് റോബോട്ടിക് നിർമാണത്തിൽ ശ്രദ്ധ ചെലുത്തുക. കാട്ടുപാതയിലെ പരീക്ഷണം മികച്ച വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമൻ ആൻഡ് മെഷീൻ ഇന്ററാക്ഷനിലെ ഗവേഷകരാണ് പരീക്ഷണത്തിനു നേതൃത്വം നൽകിയത്. റോബോട്ടിന് ആവശ്യമായ സോഫ്റ്റുവെയറുകൾ വികസിപ്പിച്ചെടുത്തതും ഇവിടെ നിന്നാണ്. 3.7 കിലോവാട്ട് അവർ ലിതിയം അയൺ ബാറ്ററി പാക്ക് ആണ് ഇൗ റോബോട്ടിലുള്ളത്. ഇതുവച്ച് ഒരുമണിക്കൂർ നേരം നടക്കുകയോ നിൽക്കുകയോ ഉപകരണങ്ങൾ ഉപയോഗിക്കുകയോ മറ്റു ചലനങ്ങളോ അനായാസേന ചെയ്യാം. ചീറ്റകളുടെ വേഗത, കുതിരയുടെ സഹിഷ്ണുത, കുരങ്ങിന്റെ ആസൂത്രണ മനോഭാവം, മനുഷ്യന്റെ വൈദഗ്ധ്യം എന്നിവയിൽ നിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ടാണ് അറ്റ്ലാസ് റോബോട്ടിനെ നിർമ്മിച്ചതെന്നും ഫ്ലോറിഡ ടീം വ്യക്തമാക്കി