അലിയില്ല ഇനി ഐസ്ക്രീം !

നല്ല ചൂട്. ഒരു ഐസ്ക്രീം തിന്നാൽ എന്തു സുഖമായിരിക്കും? കൊതി തോന്നിക്കഴിഞ്ഞു, ഇനി രക്ഷയില്ല. നേരെപ്പോയി ഐസ്ക്രീം വാങ്ങി. പതിയെപ്പതിയെ തണുപ്പിന്റെ ഓരോ തുള്ളിയും രുചിച്ച്, നുണഞ്ഞിറക്കുമ്പോൾ ആഹഹാ പെട്ടെന്ന് മഞ്ഞുമലകളുടെ നാട്ടിലെത്തിയ പ്രതീതി. പക്ഷേ നമ്മളെക്കാളും കൊതി ആകാശത്തെ സൂര്യനു തോന്നിക്കാണും. അസൂയ പൂണ്ട് കക്ഷി ഒന്നുകൂടി കത്തിജ്വലിക്കുന്നതോടെ ദാ ഐസ്ക്രീം പതിയെപ്പതിയെ അലിയുന്നു. കൊതി തീരും വരെ ഒന്നു നോക്കിയിരിക്കാൻ പോലും സമ്മതിക്കാതെ ഐസ്ക്രീം ആകെ ഉരുകി കയ്യിൽ നിറഞ്ഞു, കുറേ നിലത്തും പോയി. സങ്കടം സഹിക്കാൻ പറ്റോ?

ഈ ഐസ്ക്രീമെന്തിനാ ഇത്രയും പെട്ടെന്ന് അലിഞ്ഞുപോകുന്നതെന്ന് ആലോചിക്കാത്ത ആരെങ്കിലുമുണ്ടാകുമോ ഈ ലോകത്ത്...? മനുഷ്യൻ അണുബോംബ് വരെ പൊട്ടിച്ചു, എന്നിട്ടും ഐസ്ക്രീം ഉരുകുന്നത് തടയാനുള്ള ഒരു കണ്ടുപിടിത്തം പോലും നടത്താനായിട്ടില്ല. എന്തൊരു നാണക്കേടാല്ലേ? എന്തായാലും ആ നാണക്കേട് മാറ്റാനൊരുങ്ങുകയാണ് സ്കോട്‌ലൻഡിലെ ഒരു കൂട്ടം ഗവേഷകർ. അവിടത്തെ എഡിൻബറ സർവകലാശാലയിലെ വിദഗ്ധരാണ് ഐസ്ക്രീമിനെ പെട്ടെന്ന് അലിഞ്ഞുപോകാതെ കാത്തുസൂക്ഷിക്കുന്ന പ്രത്യേക ചേരുവ കണ്ടുപിടിച്ചത്. സംഗതി അവർ പുതുതായി ലാബറട്ടിയിൽ വികസിപ്പിച്ചെടുത്തതൊന്നുമല്ല, നിലവിൽ യീസ്റ്റ് പോലെ ഫെർമന്റേഷനും മറ്റും ഉപയോഗിക്കുന്ന പ്രത്യേകതരം പ്രോട്ടീനിൽ ചില മാറ്റങ്ങൾ വരുത്തിയതാണ്.

ബിഎസ്ഐഎ എന്നു പേരിട്ടിരിക്കുന്ന ഈ പ്രോട്ടീൻ ഉൽപാദിപ്പിക്കുന്നത് മണ്ണിലും മറ്റും കാണുന്ന ബാസില്ലസ് സബ്ടിലിസ് എന്ന ബാക്ടീരിയയാണ്. പക്ഷേ ഇവ കൊണ്ട് ശരീരത്തിന് യാതൊരു ദോഷവുമുണ്ടാകില്ല.. പാലും പഞ്ചസാരയുമാണ് ഐസ്ക്രീമിന്റെ അടിസ്ഥാന ചേരുവകൾ. ഇതോടൊപ്പം ഐസ്ക്രീമിന് നല്ല ആകൃതി കിട്ടാനായി പല തരത്തിലുള്ള കൊഴുപ്പും ഐസ് ക്രിസ്റ്റലുകളും ഉപയോഗിക്കാറുണ്ട്. ഇവയിലേക്ക് വായുകുമിളകളുടെ കൂടി പ്രയോഗം നടത്തിയാണ് ഐസ്ക്രീമിനെ പലവിധ ആകൃതികളിൽ ഭംഗിയാക്കുന്നത്. പക്ഷേ ചൂടുകൂടിയിൽ ഈ സംവിധാനങ്ങളെല്ലാം തകിടം മറിയും, ഐസ്ക്രീം ഉരുകിയൊലിച്ച് ആകെ നാശമായിപ്പോകും. ഇതു തടയുന്നതിനായി ഒരു ‘മഴക്കോട്ട്’ പോലെ പ്രവർത്തിക്കുകയാണ് ബിഎസ്ഐഎ പ്രോട്ടീന്റെ ജോലി.

പുറത്തു നിന്ന് എത്ര ചൂട് വന്നാലും ഈ പ്രോട്ടീൻ ആവരണം നെഞ്ചുംവിരിച്ചു നിന്ന് എല്ലാം തടയും. അതോടെ ഇപ്പോഴുള്ളതിനേക്കാൾ അധികസമയം ഐസ്ക്രീം അലിയാതെയിരിക്കും. എന്നുവച്ച് കുറേയേറെ നേരത്തേയ്ക്കൊന്നും അങ്ങനെ ഉരുകാതിരിക്കില്ല. അങ്ങനെയിരുന്നാൽ ഐസ്ക്രീമിന്റെ ‘ഐഡന്റിറ്റി’ തന്നെ പോകില്ലേ? ബിഎസ്ഐഎ പ്രോട്ടീൻ ഉപയോഗിച്ചാൽ ഐസ്ക്രീമിലെ കൊഴുപ്പിന്റെയും കാലറിയുടെയുമെല്ലാം അളവ് കുറയ്ക്കാനാകുമെന്നും ഗവേഷകർ പറയുന്നു. ഐസ്ക്രീമിന്റെ രുചിയിലും ഒരു മാറ്റവും ഉണ്ടാകില്ലെന്നതാണ് മറ്റൊരു നേട്ടം. ചോക്കലേറ്റിൽ ഉൾപ്പെടെ ഈ പ്രോട്ടീൻ പരീക്ഷിക്കാനുമാകും. എന്തായാലും ഉടനെയൊന്നും ഈ സംഗതി വിപണിയിലെത്തില്ല. കുറച്ചുകൂടി ഗവേഷണം നടത്തി കൂടുതൽ ഗുണഗണങ്ങളോടെ മൂന്നാലു വർഷത്തിനകം വിപണിയിലെത്തിക്കാനാണു തീരുമാനം.