ഒടുക്കം കണ്ടെത്തി ഈ ഡ്രസിന്റെ നിറം!!!

ഇത് ചക്കയല്ലാ...

അല്ലാ...

ഇത് തേങ്ങയല്ലാ...

അല്ലാ...

ഇത് മത്തങ്ങയുമല്ലാ..

അല്ലാ, എന്താടാ നിനക്കു വട്ടു പിടിച്ചോ?

‘ചിത്രം സിനിമയിൽ ശ്രീനിവാസൻ തനിക്കു വട്ടില്ലെന്നു തെളിയിക്കാനായി നടത്തുന്ന ഡയലോഗുകളാണ് മേൽപ്പറഞ്ഞത്. ഇതേ അവസ്ഥയിലായിരുന്നു ഏതാനും ദിവസങ്ങളായി സൈബർ ലോകവും. ലോകം രണ്ടായിപ്പിരിഞ്ഞ അവസ്ഥ. എല്ലാറ്റിനും തുടക്കമിട്ടത് ഒരു നീല വസ്ത്രം(അതോ വെള്ളയോ!!!)

ഫെബ്രുവരി അവസാനവാരം സ്കോട്ലൻഡിലെ ദ്വീപുപ്രദേശങ്ങളിലൊന്നിലൊരു കല്യാണം നടന്നു. അവിടെ വധുവിന്റെ അമ്മ ധരിച്ചു വന്ന വസ്ത്രമാണ് ഒന്നാം സൈബർ ലോകമഹായുദ്ധത്തിലേക്കു വരെ നയിച്ചേക്കുമെന്നു തോന്നിച്ച അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്. നീലയിൽ കറുത്ത വരകളുള്ള വസ്ത്രമായിരുന്നു സംഗതി. ആ വസ്ത്രവുമണിഞ്ഞ് നിൽക്കുന്ന ഫോട്ടോയാകട്ടെ അമ്മ മകൾക്ക് അയച്ചു കൊടുത്തു. മകളത് ഭർത്താവിനെ കാണിച്ചിട്ടു ചോദിച്ചു:

‘എങ്ങനെയുണ്ട്..?

ഭർത്താവ് മറുപടി പറഞ്ഞു: ‘സ്വർണവർണവും വെള്ളയും ചേർന്ന് നല്ല കോംബിനേഷൻ. ഉഗ്രൻ ഡ്രസ്..

ഉത്തരംകേട്ടു ഞെട്ടിയത് മകളാണ്. ഒന്നുകൂടി ഫോട്ടോയിലേക്കു നോക്കി. ഏയ്, ഡ്രസിന്റെ നിറം നല്ല നീലയും കറുപ്പും തന്നെ. ഭർത്താവ് കളിയാക്കിയതാണെന്നാണു കരുതിയത്. പക്ഷേ കക്ഷി ഡ്രസിൽ താൻ കാണുന്നത് സ്വർണവർണവും വെള്ളയുമാണെന്ന വാദത്തിൽ ഉറച്ചുതന്നെ നിന്നു. ഒടുക്കം സമൂഹമാധ്യമമായ ടംബ്ലറിൽ ആ ഫോട്ടോ യുവതി ഷെയർ ചെയ്തു. ഒപ്പം ഒരു അഭ്യർഥനയും—സുഹൃത്തുക്കളേ സഹായിക്കണം. ഈ വസ്ത്രത്തിന്റെ യഥാർഥ നിറമെന്താ? നീലയോ കറുപ്പോ അതോ സ്വർണവർണമോ വെള്ളയോ?

അവിടത്തെ ഒരു ബാൻഡിലെ ഗായികയാണ് കെയ്റ്റ്ലിൻ മക്നീൽ എന്ന ആ ഇരുപത്തിയൊന്നുകാരി പെൺകുട്ടി. അത്യാവശ്യം ഫാൻസൊക്കെയുള്ള പേജാണ് ടംബ്ലറിലുള്ളത്. അതുംപോരാതെ കക്ഷി പ്രദേശത്തെ അറിയപ്പെടുന്ന യൂട്യൂബ് ടാലന്റ് മാനേജരായ ഹന്ന ഹാർട്ടിന് ആ ഫോട്ടോ ഡെഡിക്കേറ്റും ചെയ്തു. അതിനിടെ ബസ്ഫീഡ് എന്ന ന്യൂസ് പോർട്ടൽ ഈ ചോദ്യം തങ്ങളുടെ സൈറ്റിലും പോസ്റ്റ് ചെയ്തു. അതോടെ സംഗതി കയറിയങ്ങു വൈറലായി. ഫെയ്സ്ബുക്കിലും ട്വിറ്ററിലും വരെ ചർച്ചയായി. മണിക്കൂറുകൾക്കകം ദ്ഡ്രസ് (÷സ്സ൹∙ത്സ൹ന്ഥന്ഥ) എന്ന ഹാഷ്ടാഗ് ട്വിറ്ററിലെ ടോപ് ട്രെൻഡായി മാറി. ഹന്ന ഹാർട്ടിനാകട്ടെ ഒറ്റദിവസം കൊണ്ട് വന്നത് ആയിരക്കണക്കിന് കോളുകളും ഇ—മെയിലുകളും.

വാട്ട്സാപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും കേരളത്തിലുമെത്തി ഈ നീലഡ്രസ്. ഇവിടെയും തുടങ്ങി അതിശക്തമായ ചർച്ചകൾ. അതിനിടെ ഓസ്കർ ജേതാവ് ജൂലിയൻ മൂറും ഗായകൻ ജസ്റ്റിൻബീബറുമൊക്കെ ഈ ചോദ്യത്തിന് ഉത്തരവുമായി ട്വിറ്ററിലെത്തിയതോടെ ആകെ പൊടിപൂരം. നീല ഡ്രസുകാരെ അനുകൂലിക്കുന്നവരും ഗോൾഡൻ ഡ്രസിനെ അനുകൂലിക്കുന്നവരും എന്ന് ലോകം രണ്ടായി വിഭജിക്കപ്പെട്ടു എന്നുവരെ ട്വീറ്റുകളുണ്ടായി.

2.2 കോടി പേരാണ് ബസ്ഫീഡിൽ ഒറ്റദിവസം കൊണ്ട് ഈ ഫോട്ടോ കണ്ടതും ഷെയർ ചെയ്തതും. പോളിങ്ങിൽ പങ്കെടുത്ത 72% പേരും പറഞ്ഞത് വസ്ത്രത്തിന് സ്വർണവർണവും വെള്ളയും ചേർന്ന നിറമാണെന്നാണ്. ജസ്റ്റിൻബീബറും ഹോളിവുഡ് കുട്ടിത്താരം ജേഡൻ സ്മിത്തുമെല്ലാം പറഞ്ഞത് ഡ്രസിന് നീലയും കറുപ്പുമാണ് നിറമെന്ന്. പക്ഷേ ജൂലിയൻ മൂർ ട്വീറ്റ് ചെയ്തത് വസ്ത്രത്തിന് സ്വർണവർണവും വെളുപ്പുമാണെന്ന്. അതിനിടെ ചില രസികർ പറഞ്ഞു തങ്ങൾക്ക് തോന്നുന്നത് ആ ഡ്രസിന് വയലറ്റും ചുവപ്പും നിറമാണെന്നായിരുന്നു!

മനുഷ്യന്റെ കണ്ണിന്റെ പ്രശ്നങ്ങളും കാഴ്ച വിശകലം ചെയ്യാനുള്ള തലച്ചോറിന്റെ പ്രവർത്തനങ്ങളും ഒപ്റ്റിക്കൽ ഇല്യൂഷനുമൊക്കെയായി ശാസ്ത്രലോകവും വന്നു വിശദീകരണങ്ങളുമായി ഇതിന്റെ പിറകെ. ചിലർ മുറിയിലെ വെളിച്ചത്തെ കുറ്റം പറഞ്ഞു, മറ്റുചിലർ കംപ്യൂട്ടറിന്റെ മോണിറ്ററിനെയും. സുഹൃത്തുക്കൾ തമ്മിൽ വരെ അടിയായി. ചിലരാകട്ടെ ഇതിന് മന:ശാസ്ത്രപരമായും നൽകി വിശദീകരണം: വസ്ത്രത്തിന് നിങ്ങൾ നീലയും കറുപ്പുമാണു കാണുന്നതെങ്കിൽ നിങ്ങളുടെ മനസ് സംഘർഷഭരിതമാണത്രേ! പക്ഷേ വെള്ളയും സ്വർണവർണവുമാണെങ്കിൽ ശാന്തവും.

ചില നെറ്റ്കുതുകികൾ ഫോട്ടോഷോപ്പ് ഉപയോഗിച്ചും ഒരു ഡ്രസിന്റെ ചിത്രം. സൃഷ്ടിച്ചു. ഇടത്തുനിന്നു നോക്കിയാൽ നീലയായും വലത്തുനിന്നു നോക്കിയാൽ സ്വർണവർണമായും കാണാവുന്ന ആ ചിത്രവും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ഒടുക്കം അഡോബി തന്നെ നേരിട്ടുവരേണ്ടി വന്നു ഇതിന്റെ രഹസ്യം പൊളിക്കാൻ. ഇത്തരത്തിൽ കൃത്രിമപോസ്റ്റുകളും പരന്നതോടെ വസ്ത്രത്തിന്റെ യഥാർഥ നിറം എന്താണെന്ന കാര്യത്തിൽ പിന്നെയും കൺഫ്യൂഷൻ.

എന്തായാലും സംഗതി ‘ഡ്രസ് ഗേറ്റ് എന്ന പേരിൽ വിവാദമായതോടെ ഈ വസ്ത്രം ഡിസൈൻ ചെയ്ത റോമൻ ഒറിജിനൽസ് എന്ന കമ്പനിയുടെ കച്ചവടവും കുതിച്ചുയർന്നു. വെറും 80 ഡോളറിന്റെ ഈ ഡ്രസ് ലോകമെങ്ങും ഇന്റർനെറ്റ് ബിസിനസിൽ കോടികളുടെ ക്ലിക്കുകളാണ് സൃഷ്ടിച്ചത്. സംഗതി സീരിയസായതോടെ ഒടുക്കം റോമൻ ഒറിജിനൽസിന്റെ ഡിസൈൻ ഡയറക്ടർ തന്നെ രംഗത്തെത്തി. അവർ ഡിസൈൻ ചെയ്ത ആ വസ്ത്രത്തിന് റോയൽ ബ്ലൂവും കറുപ്പുമാണ് നിറമെന്ന് ലോകത്തെ അറിയിക്കുകയും ചെയ്തു. നെറ്റ്ലോകത്ത് ഒരാഴ്ചയോളം കത്തിപ്പടർന്ന ഡ്രസ്ഗേറ്റ് വിവാദം അതോടെ ഏകദേശം അവസാനിച്ച മട്ടാണ്.

ഒരു പുതുമണവാളനും മണവാട്ടിയും ചുമ്മാ തമാശയ്ക്കു വേണ്ടി സൃഷ്ടിച്ച ചർച്ച ഏതറ്റം വരെ പോയെന്നു നോക്കണേ...!!!