Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗന്ദര്യം+ സ്റ്റൈൽ = ബൂട്ടീക്

Boutique ആലപ്പുഴ ഇഹ ബൂട്ടീകിൽ നിന്നുള്ള കാഴ്ച ചിത്രം: അരുൺ ജോൺ

ഏറ്റവും വലിയ തുണിക്കടയിൽച്ചെന്നു ചുരിദാറും സാരിയും വലിച്ചുവാരിയിട്ടു നോക്കിയിരുന്നു. ഇഷ്ടമുള്ളതു കിട്ടുന്നതുവരെ കടകൾ കയറിയിറങ്ങിയങ്ങനെ. പക്ഷേ, അപ്പോഴും ആഗ്രഹിച്ചു വാങ്ങിയ സാരിയോ സൽവാറോ ധരിച്ചു പുറത്തിറങ്ങുമ്പോ, ബസിൽ ദേ, അതേ ഡിസൈനിൽ മറ്റൊരു സുന്ദരി. കല്യാണ സ്ഥലത്തു ചെന്നാലോ, കളർ മാത്രം മാറ്റം. നാലോ അഞ്ചോ പേർ. പോയില്ലേ, ആശിച്ചു വാങ്ങിയ തുണിയുടെ പകിട്ട്. എനിക്കുമാത്രം, മറ്റാർക്കുമില്ലാത്ത ഡിസൈനും കളർകോംബിനേഷനും എന്നാഗ്രഹിക്കുന്ന, നിലവാരത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്തവർക്കായാണു ബുട്ടീക്കുകൾ. പതുക്കെയെങ്കിലും ആലപ്പുഴയും ബുട്ടീക്കുകൾക്കു വളക്കൂറുള്ള നിലമാവുകയാണ്. എറണാകുളത്തും കോട്ടയത്തുമൊക്കെ പോയി സാരിയും സൽവാറും വാങ്ങുന്നവർ പതുക്കെ, നമ്മുടെ നാട്ടിലെ തന്നെ ബുട്ടീക്കുകളിലേക്കു കൂടുമാറുന്നു.

അയ്യേ, ആകെ പത്തോ പതിനഞ്ചോ സാരിയേ ഉള്ളൂ....എന്നു പറയുന്നവർക്കുള്ളതല്ല ഈ ഇടങ്ങൾ. സ്വന്തം വസ്ത്രധാരണം എങ്ങനെയാവണം എന്നു കൃത്യമായ ധാരണയുള്ള, അല്ലെങ്കിൽ അതിന് ആഗ്രഹിക്കുന്നവർക്കുള്ളതാണെന്ന് ‘ഇഹ’ ബുട്ടീക് ആൻഡ് ഡിസൈനർ സ്റ്റുഡിയോ ഉടമ നൂഹ പറയുന്നു. 2011ൽ ആണ് ഇഹ തുടങ്ങുന്നത്. ആദ്യകാലങ്ങളിൽ വരുന്നവർ തീരെ കുറവായിരുന്നു. വന്നാലും കടനിറയെ തുണിയില്ലാത്തതിനാൽ ചെറിയ അമ്പരപ്പും. പക്ഷേ, സാരികളും കുർത്തികളുമൊക്കെ പതുക്കെ രംഗം കീഴടക്കിയതോടെ, ആലപ്പുഴക്കാരികളുടെ മനസിനും മാറ്റം വന്നെന്നു നൂഹ പറയുന്നു. ഏജന്റുമാരെയോ ഇടനിലക്കാരെയോ വിശ്വാസത്തിലെടുക്കാതെ സ്വയം കണ്ടു ബോധ്യമായാലേ എടുക്കാറുള്ളൂ. ഓരോ അവസരത്തിനും യോജിച്ച ടോപ്പുകളും കുർത്തികളുമാണു ബുട്ടീക്കുകളുടെ ഹൈലൈറ്റ്. സ്ഥിരം ഡിസൈനുകളോ കളറുകളോ ഇവിടങ്ങളിൽ കാണാനാവില്ല. വില സാധാരണയിലും അൽപം കൂടുമെങ്കിലും ഈടും നിലവാരവും അതിനൊത്തിരിക്കും.

വളരെ ഭംഗിയായി സജ്ജീകരിച്ചവയായിരിക്കും ഓരോ ഇടവും. വസ്ത്രങ്ങളുടെ ഡിസ്പ്ലേ പോലും കൃത്യമായിരിക്കും. ഇവിടെ എത്രനേരം വേണമെങ്കിലും ചെലവഴിക്കാം. ഡിസൈനറുമായി സംസാരിച്ചു ചേരുന്നവ ധരിച്ചു നോക്കാം. ഓരോ മെറ്റീരിയലിന്റെയും നിലവാരവും നൂലിഴ വേണമെങ്കിലും പരിശോധിക്കാം.ഇനി അവിടെയുള്ളതൊന്നും ഇഷ്ടപ്പെട്ടില്ലെങ്കിൽ നമുക്കാവശ്യമുള്ളതു പറഞ്ഞാൽ വരുത്തി നൽകുന്നതിനുപോലും ഇവർ തയാറുമാണ്. ഓരോ തുണിയും നേരിട്ടു കണ്ടു പരിശോധിച്ചെടുക്കുന്നതാണെന്നു ബുട്ടീക് ഉടമയായ നദിയ ബോബി. വസ്ത്രങ്ങളോടുള്ള ആരാധന കാരണം അധ്യാപനം ഉപേക്ഷിച്ചാണു രണ്ടര വർഷം മുൻപു കലക്ടറേറ്റിനടുത്തു ചാരുവേഷ എന്ന സ്ഥാപനം നദിയ തുടങ്ങിയത്. വിദേശികളടക്കം ഇവിടെയെത്തുന്നുണ്ട്. വസ്ത്രത്തിനൊപ്പം അതിന്റെ വിശദാംശങ്ങളും ചരിത്രവുമടക്കം അന്വേഷിക്കുന്നവർ ഏറെയാണെന്നും നദിയ പറയുന്നു. പുതുതായി വരുന്നവർക്കും ഓരോ ഇനത്തിന്റെയും പ്രത്യേകതയും നിലവാരവും പറഞ്ഞു മനസിലാക്കിയ ശേഷമേ തിരഞ്ഞെടുക്കാൻ പറയൂ.

Boutique ചാരുവേഷ ബൂട്ടീകിൽ സാരി തിരഞ്ഞെടുക്കുന്ന ജർമൻ സ്വദേശിനി മരിയ ചിത്രം: അരുൺ ജോൺ

ട്രെൻഡുകൾ, അതു നിറം സംബന്ധിച്ചോ, ഡിസൈൻ സംബന്ധിച്ചോ ആയാലും കൃത്യമായി പിന്തുടരുന്നതാണു ബുട്ടീക്കുകളുടെ വിജയരഹസ്യം. ഓരോ തരം തുണിയും അതുണ്ടാക്കുന്ന സ്ഥലങ്ങളിൽ പോയി തിരഞ്ഞെടുക്കുന്നതിനാൽ വ്യാജ ഉൽപന്നങ്ങൾ പൂർണമായി ഒഴിവാകും. ഓരോരുത്തർക്കും സ്വന്തമായ ശൃംഖലയുള്ളതിനാൽ ആവർത്തന വിരസതയും ഇല്ലേയില്ല. ഈടും നിലവാരവും ഉയർന്നിരിക്കുന്നതിനാൽ ഒരിക്കൽ വാങ്ങിയവർ വീണ്ടും വീണ്ടും തേടിയെത്തും. ടസ്സർസിൽക്, ജൂട്ട് സിൽക്, റോ സിൽക് തുടങ്ങിയവയെ ജില്ലയ്ക്കു പരിചയപ്പെടുത്തിയതും ഒരുപക്ഷേ ബുട്ടീക്കുകൾ തന്നെയായിരിക്കും. ഒരോ വനിതയ്ക്കും ചേരുന്ന ആക്സസറീസ് അടക്കം ഒരുക്കി നൽകുന്നുണ്ടെന്നു നൂഹ. ഡിസൈനർ ലെഹംഗകളും സാരികളുമൊക്കെ സാധാരണക്കാർക്കും താങ്ങാനാവുന്ന വിലയിൽ ഒരുക്കി നൽകാറുണ്ട്. 1600 രൂപ മുതൽക്കുതന്നെ ഇത്തരം ഡിസൈനർ വസ്ത്രങ്ങൾ ഇവിടെ ലഭ്യമാണ്. തിരക്കും ലാഭവും പ്രതീക്ഷിച്ചു ബുട്ടീക് തുടങ്ങിയാൽ അബദ്ധമാകും. ചിലദിവസം ഒരാൾ പോലും വന്നില്ലെന്നുവരാം. ഇഷ്ടമുള്ള പുസ്തകം വായിച്ചും പുതിയ ട്രെൻഡുകളെക്കുറിച്ചു പഠിച്ചുമൊക്കെ ഈ സമയം പ്രയോജനപ്പെടുത്തുന്നവർക്കേ മുന്നോട്ടു പോകാനാകൂ.

ഓരോ ഇനം തുണിയെയും ഡിസൈനിനെയും നിറങ്ങളെയും അവ ചേർത്താലുള്ള ഡിസൈനുകളെയുമൊക്കെ കുറിച്ചുള്ള ധാരണയും കൈയിലുണ്ടാവണം. മുൻപു ടീനേജേഴ്സ് ആയിരുന്നു താരങ്ങളെങ്കിൽ ഇപ്പോൾ മുപ്പതുവയസിനു മുകളിലുള്ളവരാണു കൂടുതലും എത്തുന്നതെന്നു നദിയയും നൂഹയും ഒരുപോലെ പറയുന്നു. ഡിസൈനുകളെക്കുറിച്ചും സ്വന്തം സ്റ്റൈൽ സംബന്ധിച്ചും നല്ല ധാരണയോടെയാണു മിക്കവരും എത്തുന്നത്. പുതിയ ട്രെൻഡുകളും അതു തനിക്കിണങ്ങുന്ന തരത്തിൽ എങ്ങനെ മാറ്റണമെന്നും ഇവർക്കറിയാമെന്നതിലും രണ്ടു പക്ഷമില്ല. അഞ്ചു വർഷം മുൻപുവരെ ഏതെങ്കിലുമൊരു സാരിയെന്നു കരുതിയിരുന്നവർ ഇപ്പോൾ ഓരോ അവസരത്തിനും അനുസരിച്ചാണു തിരഞ്ഞെടുക്കുന്നത്. ജോലിക്കു പോകുന്നവർ പ്രത്യേകിച്ചും. ഓഫിസ് ചടങ്ങുകൾക്കായി എലഗന്റ് സ്റ്റൈൽ തിരഞ്ഞെടുക്കുന്നവർ വിവാഹം പോലുള്ള അവസരങ്ങൾക്കായി പരമ്പരാഗത ഡിസൈനുകളാണു തേടിയെത്തുന്നത്. ഇനിയങ്ങോട്ടു ഫാഷനും സ്റ്റൈലും ജീവിതത്തിന്റെ തന്നെ ഭാഗമായി മാറുന്നതിനാൽ ബുട്ടീക്കുകളുടെ കാലം തുടങ്ങുന്നതേയുള്ളൂ...

Your Rating: