Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘റിപ്പീറ്റ് ഫാഷൻ’ തരംഗം; ഒരു വസ്ത്രം മതി പല വേദിയിൽ തിളങ്ങാൻ

repeat-fashion-new-trends-in-fashion

ഒരു തവണ ധരിച്ച വസ്ത്രം സെലിബ്രിറ്റികൾ വീണ്ടും ധരിച്ചാൽ എന്തു സംഭവിക്കും? പണ്ടായിരുന്നേൽ ‘ഫാഷൻ ഫ്ലോപ്പെ’ന്ന് വിളിച്ച് വിമർശകർ കൊന്നുകൊലവിളിക്കുമായിരുന്നേൽ ഇന്നത് ‘റിപ്പീറ്റ് ഫാഷൻ’ എന്ന ട്രെൻഡാണ്. ബ്രിട്ടന്റെ സ്വന്തം ഫാഷൻ ഐക്കൺ കേറ്റ് മിഡിൽടണ്ണാണ് റിപ്പീറ്റ് ഫാഷനെ ഏറ്റവും മനോഹരവും ബുദ്ധിപൂർവവുമായി പിന്തുടരുന്നവരിലൊരാൾ. മകൾ ഷാർലറ്റിന്റെ മാമോദീസാ വേളയിലും ഹാരി രാജകുമാരന്റെയും മേഗൻ മാർക്കിളിന്റെയും വിവാഹത്തിനും കേറ്റ് ധരിച്ചത് ഒരേ വസ്ത്രം, അലക്സാണ്ടർ മക്വീനിന്റെ യെലോ കോട്ട് ഡ്രസ്. ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ഇത്രയും വലിയൊരു ചടങ്ങിൽ റിപ്പീറ്റ് ഫാഷൻ പരീക്ഷിക്കാൻ കേറ്റ് കാണിച്ച ചങ്കൂറ്റത്തെ വിമർശിച്ചവരും കൈയടിച്ചവരുമുണ്ട്. എന്തായാലും സെലിബ്രിറ്റികളുടെ റിപ്പീറ്റ് ഫാഷൻ ടിപ്സ് സാധാരണക്കാർക്കും പിന്തുടരാവുന്നതാണ്.

 അകസ്‌സറീസ്

ടോട്ടൽ ലുക്ക് മാറ്റാൻ ആക്സറീസ് കഴിഞ്ഞേയുള്ളൂ മറ്റെന്തും. ഓവർസൈസ്ഡ് ഗ്ലാസ്, സ്റ്റേറ്റ്മെന്റ് ജ്യുവല്ലറി, സ്റ്റോൾ, ജാക്കറ്റ് തുടങ്ങി എന്തും റിപ്പീറ്റ് ഫാഷനിൽ പരീക്ഷിക്കാം. വലിയ പ്രിന്റുകളും ഒരുപാടു പാറ്റേണുകളുമുള്ള വസ്ത്രങ്ങൾ ആളുകൾ പെട്ടെന്ന് ഓർത്തെടുക്കുമെന്നതിനാൽ പ്ലെയിൻ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതാണു നല്ലത്. ഒരിക്കൽ ധരിച്ച കുർത്ത– ജീൻസ് കോംമ്പോ വീണ്ടും ധരിക്കുമ്പോൾ ആന്റീക് മാലയും പ്രിന്റഡ് ഓവർക്കോട്ടുംകൂടി ചേർത്തു പരീക്ഷിക്കാം. ജീൻസും ടോപ്പുമാണെങ്കിൽ ലോങ് ജാക്കറ്റാകാം. ഷോർട് ഡ്രസ് വീണ്ടും ധരിക്കുമ്പോൾ നീളുമുള്ള സ്റ്റോൾ കഴുത്തിലൂടെ മുന്നിലേക്കിട്ട് അരയിലൊരു ബെൽറ്റ് കെട്ടാം. കൂടെ ഓവർസൈസ്ഡ് ബാഗും കൂടിയെടുത്താൽ മുൻപ് ധരിച്ചിട്ടുള്ള വസ്ത്രമാണെന്ന് ആരും പറയില്ല. 

പാർട്ടി വെയർ ഡെയ്‌ലി വെയറാക്കാനും വഴിയുണ്ട്. ലെഗൻഗ സ്കേർട്ടിനൊപ്പം ഷർട്ട് ടക്ഇൻ ചെയ്താൽ ഇന്തോ–വെസ്റ്റേൺ ലുക്കായി. 

  മേക്കപ് ആൻഡ്  ഹെയർ സ്റ്റൈൽ

സിംപിൾ, ഹെവി ലുക്കുകൾ മാറിമാറി പരീക്ഷിക്കാം. സ്മോക്കി ഐസും ബോൾഡ് ലിപ്സും വസ്ത്രത്തെക്കാൾ മുഖത്തിനു കൂടുതൽ ശ്രദ്ധ നൽകും. ആദ്യ തവണ മുടി സ്റ്റൈൽ ചെയ്ത് അഴിച്ചിടുകയോ പോണിടെയ്‌ൽ കെട്ടുകയോ ചെയ്യാം. വീണ്ടും അതേ വസ്ത്രം ധരിക്കുമ്പോൾ ലോ ബണ്ണോ മെസ്സി ബണ്ണോ പരീക്ഷിക്കാം.